
ബ്ലൂ ഫ്ലാഗ് പദവിക്കായി ഒരുങ്ങി മലപ്പുറത്തെ കൂട്ടായി ബീച്ച്; എന്താണു ‘ബ്ലൂ ഫ്ലാഗ്’ പദവി?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ ∙ നീലക്കടലിന്റെ ഭംഗി ആവോളം നൽകുന്ന കൂട്ടായിയിലെ ബീച്ചും ബ്ലൂ ഫ്ലാഗ് പദവിക്കു വേണ്ടിയുള്ള ശ്രമം തുടങ്ങി. ബ്ലൂ ഫ്ലാഗ് പദവി തേടിയെത്തിയാൽ കൂട്ടായിയിൽ കൂടുതൽ പദ്ധതികളെത്തും. തീരത്തിന്റെ സൗന്ദര്യവും ഒപ്പം വിനോദസഞ്ചാരികളുടെ വരവും കൂടും. ഇത് തീരദേശ മേഖലയുടെ വികസനത്തിനും കാരണമാകും. മംഗലം പഞ്ചായത്ത് കൂട്ടായി കശ്മീർ ബീച്ചിൽ സൗന്ദര്യവൽക്കരണം നടത്തിയിരുന്നു. മനോഹരമായ ഈ തീരഭാഗം തന്നെയാണ് ബ്ലൂ ഫ്ലാഗ് പദവിയിലേക്കുമെത്തുന്നത്. എംപിമാരുടെ സാഗി പദ്ധതിയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് മംഗലം പഞ്ചായത്ത് ബീച്ചിന് ഈ പദവി ലഭിക്കാൻ അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ സാധ്യത വിലയിരുത്തുന്നതിനായി ബീച്ചിൽ ജില്ലാ വികസന കമ്മിഷണർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
ഇതിന്റെ റിപ്പോർട്ട് തയാറാക്കി ഉന്നത തലങ്ങളിലേക്കു നൽകും. തുടർന്നായിരിക്കും പദവിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക.അപേക്ഷ അംഗീകരിച്ചാൽ മനോഹരമായ ഈ ബീച്ചും രാജ്യാന്തര ശ്രദ്ധയിലേക്കെത്തും. ഏറെ നീളവും വീതിയുമുള്ള കശ്മീർ ബീച്ച് കാണാനും മനോഹരമാണ്. ബീച്ചിനോടു ചേർന്നുള്ള തീരദേശ റോഡിലൂടെയുള്ള യാത്രയും മനോഹരമാണ്. ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചാൽ ഇവിടെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് പ്രദേശത്തിനാകെ ഗുണം ചെയ്യും. പരിശോധനയുടെ അടുത്ത ഘട്ടമായി ജല പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.ആഷിഖ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ആതിര, മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
എന്താണു ബ്ലൂ ഫ്ലാഗ് പദവി
ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൺവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നൽകുന്ന പദവിയാണു ബ്ലൂ ഫ്ലാഗ് പദവി. വൃത്തി, പരിസ്ഥിതി സൗഹൃദം, സന്ദർശകരുടെ സുരക്ഷ എന്നിവയാണു പ്രധാന മാനദണ്ഡങ്ങൾ. രാജ്യത്ത് ഇതുവരെ 11 ബീച്ചുകൾക്കാണ് പദവി ലഭ്യമായിട്ടുള്ളത്. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കാപ്പാട്, കണ്ണൂർ ജില്ലയിലെ ചാൽ ബീച്ചുകൾക്കു ഈ പദവി ലഭിച്ചിട്ടുണ്ട്.