
‘ഷൈൻ ടോം ചാക്കോ ഇംപാക്ട്’: ഹോട്ടലിൽ ചീട്ടുകളി പിടിക്കാനെത്തി; കുടുങ്ങിയത് ഓൺലൈൻ തട്ടിപ്പു പ്രതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ ചീട്ടുകളി സംഘത്തെ പിടികൂടാൻ ലോഡ്ജിലെത്തിയ പൊലീസിന് ‘ഷൈൻ ടോം ചാക്കോ ഇംപാക്ട്’ പരിശോധനയിൽ പിടികിട്ടിയത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പുനടത്തി മുങ്ങിനടന്ന പ്രതിയെ. ഷൈൻ ടോം ചാക്കോയുടെ കടന്നുകളയൽ വൈറലായതിനു പിന്നാലെ പൊന്നാനി നഗരത്തിലെ ലോഡ്ജിൽ ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ആദ്യം കാവൽ ഏർപ്പെടുത്തിയതു ഹോട്ടൽ മുറികളുടെ ജനലിനു പുറത്തായിരുന്നു. അപ്രതീക്ഷിതമായുള്ള പൊലീസിന്റെ വരവറിഞ്ഞ ഓൺലൈൻ തട്ടിപ്പുകാരൻ കൈവശമുണ്ടായിരുന്ന വ്യാജരേഖകളെല്ലാം വാരിക്കൂട്ടി സഞ്ചിയിലാക്കി ജനൽവഴി താഴേക്കു കെട്ടിയിറക്കി. ചാക്കുകെട്ടു പുറത്തേക്കു വരുന്നതു പുറത്തു കാവൽനിന്ന പൊലീസുകാരന്റെ കൺമുന്നിലേക്കും.
തുടർന്നാണു പൊലീസ് ഈ മുറിയിൽ പരിശോധന നടത്തിയത്. 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയായ കൊല്ലം പെരിനാട് ഞാറയ്ക്കൽ സ്വദേശി എസ്.അമീറിനെ (25) കയ്യോടെ അറസ്റ്റ് ചെയ്തു. പാസ്ബുക്കുകൾ, തട്ടിപ്പു നടത്താനുപയോഗിച്ച 7 മൊബൈൽ ഫോണുകൾ എന്നിവയാണു സഞ്ചിയിൽ കെട്ടി ജനൽവഴി പുറത്തേക്കു തൂക്കിയിട്ടത്. മൊബൈൽ ഫോണുകൾ തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ചവയാണെന്നു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വിവിധ വ്യക്തികളുടെ പേരിലുള്ള 25 പാസ്ബുക്കുകൾ, 24 ചെക്ക് ബുക്ക്, 30 എടിഎം കാർഡ്, 25 സിം കാർഡുകൾ എന്നിവ കണ്ടെടുത്തു.
പ്രതിയെ സൈബർ പൊലീസിന് കൈമാറി. കേരളത്തിൽ 4 പരാതികളും മറ്റ് സംസ്ഥാനങ്ങളിലായി 47 പരാതികളുമാണ് ഇയാൾക്കെതിരെയുള്ളത്. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്തു തട്ടിപ്പ് നടത്തുന്നതിൽ വിദേശത്തുള്ള മറ്റൊരാളുടെയും സഹായം പ്രതിക്കു ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പൊന്നാനി സിഐ ജലീൽ കറുത്തേടത്ത്, എസ്ഐ യാസിർ, എഎസ്ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്.പ്രശാന്ത് കുമാർ, പി.മനോജ്, സിവിൽ പൊലീസ് ഓഫിസർ ടി.എസ്.രഞ്ജിത്ത്, സ്പെഷൽ ബ്രാഞ്ച് ഓഫിസറായ മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.