
ഡാർക് വെബിൽ പോസ്റ്റിട്ടു, വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടു, ‘പെട്ടു’; കടയിൽ സൂക്ഷിച്ച ആനക്കൊമ്പുകൾ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര/നിലമ്പൂർ ∙ കടലാസ് പെട്ടിക്കുള്ളിലാക്കി കടയിൽ സൂക്ഷിച്ചിരുന്ന 2 ആനക്കൊമ്പുകൾ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിൽനിന്ന് ആനക്കൊമ്പുകൾ കണ്ടെടുത്തത്. കടയുടമ ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്ത് വനം വകുപ്പിനു കൈമാറി.ഡിആർഐ കോഴിക്കോട് സീനിയർ ഇന്റലിജൻസ് ഓഫിസർ ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.. ഈ സമയത്ത് കടയുടമ കാരപ്പുറം അടുക്കത്തിൽ കബീർ (52), കബീറിന്റെ മകൻ റിസ്വാൻ (23), സെയിൽസ്മാൻ കിഴക്കേതിൽ അബ്ദുൽ സലാം (56), കബീറിന്റെ സുഹൃത്തുകളായ പാലേമാട് കരിമ്പന നൗഷാദ് (35), പാലേമാട് ഉള്ളാട്ടിൽ മനോജ് (44) എന്നിവരും ഉണ്ടായിരുന്നു. കടയ്ക്കുള്ളിൽ തിരച്ചിൽ നടത്തിയ സംഘം പിറകുവശത്തെ മുറിക്കുള്ളിൽനിന്ന് ആനക്കൊമ്പുകൾ കണ്ടെടുത്തു.
നേരത്തെ കസ്റ്റഡിയിലെടുത്ത തൃശൂർ കൊടുങ്ങല്ലൂർ പുന്നക്കൽതറയിൽ അരുൺ (37), മേലാറ്റൂർ പിലായിതൊടി ഫദിലുൽ റഹ്മാൻ (35), തൃശൂർ കൊടകര കളത്തിലകത്ത് ഗോകുൽ (32) എന്നിവരുമായാണ് സംഘം എടക്കരയിലെത്തിയത്. ഇവരിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് ലൈറ്റ് പാലസിലെത്തിയത്. കസ്റ്റഡിലെടുത്തവരെയും ആനക്കൊമ്പുകളും നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കാർത്തിക്, എസിഎഫ് അനിഷ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. കണ്ടെടുത്ത ആനക്കൊമ്പുകളിൽ ഒന്നിന് 16.45 കിലോഗ്രാം തൂക്കവും മറ്റൊന്നിന് 15 കിലോഗ്രാം തൂക്കവുമുണ്ട്.
പോസ്റ്റിട്ടു, പെട്ടു
∙ പ്രതികളിൽ കബീറും മകൻ റിസ്വാനും ഒഴികെയുള്ളവർ ഇടനിലക്കാരാണ്. ഇടനിലക്കാരിൽ ഒരാൾ ആനക്കൊമ്പുകൾ വിൽപനയ്ക്കുണ്ടെന്ന് ഡാർക് വെബിൽ പോസ്റ്റ് ഇട്ടു. സംഭവം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറിഞ്ഞു. വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടു. ചെന്നൈ ആസ്ഥാനത്തുനിന്നുള്ള നിർദേശ പ്രകാരം കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകൾ ചേർന്ന് ഒരുക്കിയ കെണിയിൽ ഇന്നലെ ഉച്ചയ്ക്ക് പ്രതികൾ പിടിയിലായി. ആനക്കൊമ്പുകൾ 7 മാസമായി കബീറിന്റെ കടയിൽ ഒളിപ്പിച്ചുവച്ചിരിക്കയായിരുന്നു. കബീറിന് ആനക്കൊമ്പുകൾ കൈമാറിയ ആദിവാസി യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്.