
99 വർഷം മുൻപ് മലബാറിൽ ബസ് സർവീസ് ഉണ്ടായിരുന്നോ? ബസ് റിവേഴ്സെടുക്കാം, ഒരു നൂറ്റാണ്ട് മുൻപേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ 99 വർഷം മുൻപ് മലബാറിൽ ബസ് സർവീസ് ഉണ്ടായിരുന്നോ? ബസ് മാത്രമല്ല, ബസുടമകളുടെ സംഘടന തന്നെ ഉണ്ടായിരുന്നുവെന്നതിന് തെളിവുമായി ഒരു ചരിത്രരേഖ. മലബാർ മോട്ടർ യൂണിയൻ!. അതിനെ രാജ്യത്തെ തന്നെ സ്വകാര്യ ബസ് ഉടമകളുടെ ആദ്യകാല സംഘടനകളിലൊന്നായി കരുതാമെന്ന് ചരിത്രകാരൻമാർ. ആ സംഘടനയുടെ പ്രസിഡന്റാകട്ടെ ഒരു മഞ്ചേരിക്കാരനും. ജോനാഥൻ നിക്കോളാസ് എന്ന ജെ.നിക്കോളാസ്…
തെക്കേ മലബാറിലെ ബസ് റൂട്ടുകളിലെ നിരക്ക് ഏകീകരിക്കുന്നതിനായി 1927 സെപ്റ്റംബർ 29ന് മഞ്ചേരിയിൽ ചേർന്ന മലബാർ മോട്ടർ യൂണിയൻ യോഗത്തിന്റെ തീരുമാനങ്ങളടങ്ങിയ നോട്ടിസ് ആണ് ആ രേഖ. കോഴിക്കോട് റീജനൽ ആർക്കൈവ്സിലാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ചരിത്രവിഭാഗം മുൻ മേധാവി പ്രഫ. എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഇതു ശ്രദ്ധയിൽപെട്ടത്.
രാജ്യത്തു തന്നെ ബസ് ഗതാഗതം വലിയ തോതിൽ പ്രചാരത്തിലില്ലാത്ത കാലത്താണ് മലബാറിൽ പല ബസുകൾ ഉൾനാടുകളിലേക്കടക്കം സർവീസ് നടത്തിയിരുന്നുവെന്നതിന് രേഖ ലഭിക്കുന്നത്. 1938ൽ ആണ് കെഎസ്ആർടിസി ആരംഭിക്കുന്നത്. അതിനും 11 വർഷം മുൻപേ മലബാറിൽ ബസ് ഉടമകളുടെ സംഘടനയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ നോട്ടിസെന്നും വസിഷ്ഠ് പറഞ്ഞു.
കോഴിക്കോട്, മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, മലപ്പുറം, അങ്ങാടിപ്പുറം റൂട്ടുകളിൽ ഓടുന്ന ബസ് ഉടമകളാണ് യോഗം ചേർന്നത്. ഒരു മൈൽ ദൂരത്തിന് 6 പൈസ വീതം കൂലി വാങ്ങിപ്പോരുന്നത് ബസ് ഉടമകൾക്ക് നഷ്ടമാണെന്നും അതുകൊണ്ട് ഒരണ എന്ന രീതിയിൽ പരിഷ്കരിച്ചുവെന്നാണ് നോട്ടിസിൽ പറയുന്നത്. (ആറേക്കാൽ പൈസയാണ് ഒരണ. എട്ടണ 50 പൈസ). തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ ബസ് നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ആ വർഷം ഒക്ടോബർ ഒന്നു മുതൽ നടപ്പാകുമെന്നും പറയുന്നു. പ്രസിഡന്റ് ജെ.നിക്കോളാസിന്റെ പേരിലാണ് നോട്ടിസ് പുറത്തിറക്കിയത്. അച്ചടിച്ചതാകട്ടെ മഞ്ചേരി ശ്രീകൃഷ്ണവിലാസം പ്രസിലും.
ബസുടമകളെടുത്ത ഈ തീരുമാനം പിന്നീട് അന്നത്തെ ബ്രിട്ടിഷ് അധികാരികൾ ഔദ്യോഗിക തലത്തിൽ ചർച്ച ചെയ്തതിന് രേഖകളുണ്ടെന്ന് വസിഷ്ഠ് പറയുന്നു. മലപ്പുറത്തെ എംഎസ്പി കമൻഡാന്റ് സി.ജെ.ടോട്ടഹാം മദ്രാസിലെ ഫോർ സെന്റ് ജോർജിലെ അക്കൗണ്ട്സ് ജനറലിന് അയച്ച കത്തിലാണ് ചാർജ് വർധനയെക്കുറിച്ച് പറയുന്നത്. യാത്രക്കാർ സാധാരണ ദിവസങ്ങളിൽ പഴയ നിരക്കു തന്നെ നൽകിയാൽ മതിയെന്നും എന്നാൽ വിശേഷ ദിവസങ്ങളിൽ മാത്രം വർധിപ്പിച്ച നിരക്ക് ഈടാക്കാമെന്നുമായിരുന്നു ഇതേക്കുറിച്ച് അധികൃതരുടെ അറിയിപ്പ്.
ആരായിയിരുന്നു ജെ.നിക്കോളാസ്
ജെ.നിക്കോളാസ് എന്ന ബസുടമ സംഘം നേതാവിനെക്കുറിച്ചുള്ള അന്വേഷണം എത്തിയത് മലബാർ ക്രിസ്ത്യൻ കോളജിലെ മുൻ പ്രിൻസിപ്പൽ പ്രഫ. ക്രിസ്തുകുമാർ നിക്കോളാസിലാണ്. ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വിശ്രമജീവിതം നയിക്കുന്ന 77 വയസ്സുള്ള അദ്ദേഹം ജെ.നിക്കോളാസിന്റെ പേരക്കുട്ടിയാണ്. മുത്തച്ഛനെക്കുറിച്ചും ബസിനെക്കുറിച്ചും അദ്ദേഹം പറയുന്നതിങ്ങനെ.
‘‘1920നു മുൻപു തന്നെ മുത്തച്ഛന് ബസ് ഉണ്ടായിരുന്നു. ‘സലോസിൻ’ എന്നായിരുന്നു ബസിന്റെ പേര്. നിക്കോളാസ് എന്ന് ഇംഗ്ലിഷിൽ എഴുതി തിരിച്ചിട്ടാണ് ബസിനു പേരിട്ടത്. മുത്തച്ഛന് മാത്രമല്ല അദ്ദേഹത്തിന്റെ 2 സഹോദരങ്ങൾക്കും ബസുകളുണ്ടായിരുന്നു. 500 രൂപയ്ക്കാണ് അന്ന് മുത്തച്ഛൻ ബസ് വാങ്ങിയതെന്ന് എന്റെ അച്ഛനാണ് പറഞ്ഞത്. ബ്രിട്ടിഷ് മോഡൽ വണ്ടി ആയിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ഡ്രൈവർമാരായിരുന്ന ചിലർ പിന്നീട് സ്വന്തം ബസുകൾ വാങ്ങി. അതിൽ ചില കമ്പനികൾ ഇപ്പോഴുമുണ്ട്. 1961ൽ ആണ് ജെ.നിക്കോളാസ് മരിച്ചത്.
മഞ്ചേരിയിൽ ഇപ്പോഴത്തെ സിഎസ്ഐ നിക്കോളാസ് മെമ്മോറിയൽ പള്ളിക്ക് എതിർവശത്തായിരുന്നു കുടുംബവീട്. ‘കമല സദൻ’ എന്നായിരുന്നു ആ വീടിന്റെ പേര്. തൃശൂരിൽനിന്നു വന്ന് മഞ്ചേരിയിൽ താമസമാക്കിയവരാണ് ഞങ്ങളുടെ മുൻഗാമികൾ. ജെ.നിക്കോളാസിന്റെ അമ്മ സമ്പൂർണാമ്മാളിന്റെ നേതൃത്വത്തിലാണ് മഞ്ചേരിയിൽ ബാസൽ മിഷനുവേണ്ടി പള്ളി നിർമിച്ചുനൽകിയത്. അതാണ് പിന്നീട് സിഎസ്ഐ പള്ളി ആയത്. അദ്ദേഹമൊത്തുള്ള കുടുംബഫോട്ടോ ഇപ്പോഴും ഞങ്ങൾ സൂക്ഷിക്കുന്നു’’.
ശ്രീകൃഷ്ണവിലാസം പ്രസ്
അന്നത്തെ നോട്ടിസ് അച്ചടിച്ച ശ്രീകൃഷ്ണവിലാസം പ്രസ് അക്കാലത്തെ മഞ്ചേരിയിലെ പ്രധാന അച്ചടി സ്ഥാപനങ്ങളിലൊന്നായിരുന്നുവെന്ന് പുരാവസ്തുക്കൾ സൂക്ഷിക്കുന്ന മഞ്ചേരി കരിക്കാട് എം.പി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറയുന്നു. വണ്ടൂർ കരുമാരപ്പറ്റ മനയിലെ വാസുദേവൻ നമ്പൂതിരി തയാറാക്കിയ പഞ്ചാംഗം 1927ൽ ഇതേ പ്രസിൽ അച്ചടിച്ചത് തന്റെ കൈവശം ഇപ്പോഴുമുണ്ട്. പടിഞ്ഞാറ്റുമുറി പയ്യപ്പള്ളി മനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ഈ പ്രസ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വർധിപ്പിച്ച നിരക്ക് ഇങ്ങനെ
നിലമ്പൂർ–കോഴിക്കോട്: 2 ക, 8 അണ (ഇപ്പോഴത്തെ നിരക്ക് 80 രൂപ)
അങ്ങാടിപ്പുറം–കോഴിക്കോട്: 1 ക, 12 അണ (ഇപ്പോൾ 78 രൂപ)
മഞ്ചേരി–കോഴിക്കോട്: 1 ക, 8 അണ (ഇപ്പോൾ 55 രൂപ)
മലപ്പുറം– കോഴിക്കോട്: 1 ക, 8 അണ (ഇപ്പോൾ 58 രൂപ)
മറ്റു നിരക്കുകൾ
നിലമ്പൂർ– ഫറോക്ക്: 2 ക, 6 അണ
മഞ്ചേരി– ഫറോക്ക്: 1 ക, 6 അണ
നിലമ്പൂർ – വഴിക്കടവ്: 8 അണ