
മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയിൽ തീരും; കുറ്റിപ്പുറം റെയിൽവേ മേൽപാലം ഉടൻ പൂർത്തിയാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിപ്പുറം∙ റെയിൽവേയുടെ അനുമതി നീണ്ടുപോയതിനാൽ നിർമാണം ഇഴഞ്ഞുനീങ്ങുന്ന കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയായി. ജില്ലയിലെ ആറുവരിപ്പാത നിർമാണം മേയ് അവസാനത്തോടെ പൂർത്തിയാകും. മാർച്ച് 31ന് നിർമാണം പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്കു കൈമാറാനാണു നേരത്തേ നൽകിയിരുന്ന നിർദേശമെങ്കിലും പല ഭാഗത്തും ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കുറ്റിപ്പുറം റെയിൽവേ മേൽപാലവും അനുബന്ധ റോഡുകളുടെ നിർമാണവുമാണ് ഇതിൽ പ്രധാനപ്പെട്ടത്.കുറ്റിപ്പുറത്തു റെയിൽവേ ട്രാക്കുകൾക്കു മുകളിലൂടെ കടന്നുപോകുന്ന പുതിയ മേൽപാലം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു റെയിൽവേയുടെ അന്തിമ അനുമതിക്കായി ദേശീയപാതാ അതോറിറ്റി കാത്തുനിൽക്കുകയാണ്.
റെയിൽവേ പ്രിൻസിപ്പൽ ചീഫ് എൻജിനീയറുടെ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പരിശോധന ഇന്നലെ നടന്നു. ഉടൻ അനുമതി ലഭിക്കുമെന്നാണ് സൂചന. പിസിഇ അനുമതി ലഭിച്ചാലുടൻ ഇരുമ്പ് ‘റ’പാലം (കോംപസിറ്റ് ഗർഡർ) റെയിൽവേ ട്രാക്കുകൾക്കു മുകളിൽ സ്ഥാപിക്കും. ഒൻപതു മാസത്തോളം സമയമെടുത്താണ് ഇരുമ്പു പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 16 മീറ്റർ വീതിയിലും 63.5 മീറ്റർ നീളത്തിലുമുള്ള ഗർഡർ ഉരുക്കിൽ നിർമിച്ചതാണ്.നിർമാണം പൂർത്തിയായ ഗർഡർ ട്രാക്കുകൾക്കു മുകളിൽ സ്ഥാപിക്കുന്ന ജോലിയാണ് ഇനി അവശേഷിക്കുന്നത്. ഇതിനായി ഗർഡർ ഹൈഡ്രോളിക് ജാക്കികളും ക്രെയിനുകളും ഉപയോഗിച്ച് ഉയർത്തിക്കഴിഞ്ഞു. ഉയർത്തിയ പാലം സമീപത്തെ തൂണുകളിലേക്കു മാറ്റിയ ശേഷം, റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തുമുള്ള തൂണുകൾക്കു സമീപത്തേക്കു ക്രെയിനുകൾ ഉപയോഗിച്ച് എത്തിക്കും.
ട്രെയിനുകൾ കുറവുള്ള സമയത്ത്, പ്രത്യേകം അനുമതി നേടി, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണു പാലം സ്ഥാപിക്കുക. റെയിൽവേയുടെ വൈദ്യുത ലൈനുകൾ പൂർണമായി ഓഫ് ചെയ്ത ശേഷമാണു ജോലികൾ ആരംഭിക്കുക. ഈ സമയത്തു ട്രെയിനുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല.ഗർഡർ സ്ഥാപിച്ചാലുടൻ കോൺക്രീറ്റ് പാലത്തിന്റെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കും. കോഴിക്കോട് ഭാഗത്തേക്കുള്ള കോൺക്രീറ്റ് മേൽപാലവും പാലം വന്നുചേരുന്ന റോഡിന്റെ നിർമാണവുമാണ് ഇനി അവശേഷിക്കുന്നത്. ഇത് ഒരുമാസത്തിനകം പൂർത്തിയാകും. മിനിപമ്പയിലെ മേൽപാലത്തിന്റെ ജോലികളും അവസാനഘട്ടത്തിലേക്കു കടന്നു. വട്ടപ്പാറ വയഡക്ട് അടക്കമുള്ള ഏതാനും ഭാഗങ്ങളിൽ ജോലികൾ അവശേഷിക്കുന്നുണ്ട്. ഇവയെല്ലാം മേയ് അവസാനത്തോടെ പൂർത്തിയാക്കും. നിർമാണം പൂർത്തിയായ ഭാഗങ്ങളെല്ലാം ഗതാഗതത്തിനായി തുറന്നുനൽകിയിട്ടുണ്ട്. പാതയുടെ ഔദ്യോഗിക ഉദ്ഘാടന തീയതി പിന്നീടു തീരുമാനിക്കും.