
‘രാഷ്ട്രീയത്തിലെ കാന്തിക പ്രതിഭാസം’; പ്രിയങ്കയുടെ റോഡ് ഷോ ‘ഹൗസ് ഫുൾ!’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ ഇരുമ്പ് കാന്തത്തെയെന്ന പോലെ സ്വാഭാവികമായാണു പ്രിയങ്ക ഗാന്ധി ജനക്കൂട്ടത്തെ ആകർഷിക്കുന്നത്. രാഷ്ട്രീയത്തിലെ ഈ കാന്തിക പ്രതിഭാസത്തിനു നിലമ്പൂർ പലവട്ടം സാക്ഷിയായതാണ്. ഇന്നലെ ഒരിക്കൽകൂടി അതു കണ്ടു. തിരിമുറിയാത്ത മഴയിലും ആവേശത്തിന്റെ കുടചൂടി മൂത്തേടത്തും ചന്തക്കുന്നിലും പ്രിയങ്കയെ കാണാൻ ജനം തടിച്ചുകൂടി. പ്രിയങ്ക വന്നു, കണ്ടു. മടങ്ങുമ്പോൾ യുഡിഎഫിനാകെ ലഭിക്കുന്നത് ആത്മവിശ്വാസത്തിന്റെ ബൂസ്റ്റർ ഡോസ്.മൂത്തേടം കാരപ്പുറത്തായിരുന്നു ആദ്യ റോഡ് ഷോ. മഴയ്ക്കു മുൻപേയെത്തുന്ന ശീതക്കാറ്റു പോലെ പ്രിയങ്കയുടെ വരവിന്റെ അടയാളങ്ങൾ എല്ലായിടത്തുമുണ്ട്. തിരഞ്ഞെടുപ്പു പോസ്റ്ററുകളിൽ സ്ഥാനാർഥിക്കൊപ്പം കോൺഗ്രസിന്റെ പ്രിയങ്കരിയുടെ ചിത്രം. നാലിനു തുടങ്ങാനിരുന്ന റോഡ് ഷോയ്ക്കു മണിക്കൂറുകൾക്കു മുൻപേ ‘ഹൗസ് ഫുൾ’ ആൾക്കൂട്ടം. സദസ്സിലൊരു വോട്ടെടുപ്പു നടത്തിയാൽ സ്ത്രീകൾക്കു മഹാഭൂരിപക്ഷം ലഭിക്കും.
ലീഗിന്റെയും കോൺഗ്രസിന്റെയും കൊടികൾ പാറിക്കളിക്കുന്നു. ഒരു ഭാഗത്തു ഡിജെ തകർക്കുന്നു. മറ്റൊരിടത്തു പ്രസംഗം അരങ്ങു തകർക്കുന്നു. ടിവിയിലെ വാർത്തയ്ക്കിടയിലെ പരസ്യം പോലെ ഇടയ്ക്കിടെ മഴ.റോഡ് ഷോയ്ക്കായി തയാറാക്കിയ വാഹനത്തിൽ യുഡിഎഫ് നേതൃനിരയൊന്നാകെയുണ്ട്.സഹ താരങ്ങളെല്ലാം ഹാജർ, സൂപ്പർ താരത്തിന്റെ എൻട്രിക്കു വേണ്ടിയാണു കാത്തിരിപ്പ്. അഞ്ചു മണിയോടെ പ്രിയങ്കയെത്തി. ചുവന്ന സാരിയിൽ സ്വർണ നിറമുള്ള കര തിളങ്ങുന്നു. ചാറ്റൽ മഴയ്ക്കിടെ ഇളംവെയിലു പോലെ ചിരിച്ചു പ്രിയങ്ക റോഡ് ഷോ തുടങ്ങി. ഒപ്പം, സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും യുഡിഎഫ് നേതാക്കളും.കാരപ്പുറം മസ്ജിദ് ജംക്ഷനിൽനിന്നു വില്ലേജ് ഓഫിസ് പരിസരംവരെ ഒരു കിലോ മീറ്റർ ദൂരമായിരുന്നു റോഡ് ഷോ.
ആവേശത്തിന്റെ നദിപോലെ ആളുകൾ കൂടെ ഒഴുകി. ഇടയ്ക്കു മഴ പെയ്തപ്പോൾ റോഡിൽ കുടകൾ കൊണ്ടൊരു പന്തൽ രൂപപ്പെട്ടു. ആവേശത്തിന്റെ കുടമാറ്റം പക്ഷേ, മഴയിലും തുടർന്നു. ഇടയ്ക്കു ത്രിവർണ കടലാസുകൾ പൂക്കൾ പോലെ ജനക്കൂട്ടത്തിനു മേൽ പതിച്ചു. ‘കണ്ണേ, കരളേ ആര്യാടാ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ…’ ആവേശത്തിനു മുദ്രാവാക്യത്തിന്റെ അകമ്പടി.വില്ലേജ് ഓഫിസ് പരിസരത്തെത്തിയപ്പോൾ ആൾക്കൂട്ടത്തിന്റെ വലുപ്പം കൂടി. ‘കനത്ത മഴയിലും കാത്തിരുന്ന നിങ്ങൾക്കു വിനീതമായ നമസ്കാരം’. മലയാളത്തിൽ പ്രസംഗം തുടങ്ങിയപ്പോൾ ആൾക്കൂട്ടത്തിൽ കയ്യടിയുടെ അലകൾ. ക്ഷേമ പെൻഷൻ മുതൽ വന്യജീവി ശല്യം വരെയുള്ള പ്രശ്നങ്ങൾ പരാമർശിച്ച പ്രസംഗം ഇരുപതു മിനിറ്റിലേറെ നീണ്ടു. ആശാ വർക്കർമാരുടെ പ്രശ്നം പറഞ്ഞ് അവരുടെ സമരത്തിനു ഐക്യദാർഢ്യം. ആര്യാടൻ മുഹമ്മദിന്റെ ഓർമയുണർത്തിയപ്പോൾ സദസ്സിൽ ആരവം. കനത്ത മഴ പെയ്തതോടെ നിലമ്പൂരിലൂടെ ഒഴുകുന്ന ചാലിയാർ ഉൾപ്പെടെയുള്ള നദികളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പ്രിയങ്കയുടെ റോഡ് ഷോയോടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് കുത്തനെ ഉയർന്ന ആവേശത്തിലാണ് യുഡിഎഫ്.