
ചങ്ക്സ് ഓട്ടോ പദ്ധതിക്കു തുടക്കം; മലപ്പുറം നഗരപരിധിയിലെ 708 ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙നഗരപരിധിയിലെ 708 ഓട്ടോറിക്ഷാ തൊഴിലാളികൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി മലപ്പുറം നഗരസഭ. ബജറ്റിൽ നഗരസഭ പ്രഖ്യാപിച്ച ‘ചങ്ക്സ് ഓട്ടോ പദ്ധതി’ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.സാധാരണക്കാർക്ക് താങ്ങാകാൻ കഴിയുമ്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്ത നിർവഹണം പൂർത്തിയാകുകയെന്ന് ഇ.ടി പറഞ്ഞു. സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിച്ച് പദ്ധതികൾ നടപ്പാക്കാനിറങ്ങിയാൽ കാലതാമസമുണ്ടായേക്കും. അതിനാൽ മറ്റു സാമ്പത്തിക സ്രോതസ്സുകളെയും ആശ്രയിക്കേണ്ടി വരും. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ഫണ്ട് പ്രാദേശികമായി എങ്ങനെ ഉപയോഗിക്കാമെന്ന് തദ്ദേശ ഭരണകൂടങ്ങളും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി സാമ്പത്തിക വർഷം ആരംഭിച്ച് രണ്ടാഴ്ചയായപ്പോഴേക്കും തുടങ്ങാനായെന്നത് നേട്ടമാണെന്ന് അധ്യക്ഷത വഹിച്ച നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്ഥിരസമിതി അധ്യക്ഷരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി.ആയിഷാബി, പ്രതിപക്ഷ കക്ഷിനേതാവ് ഒ.സഹദേവൻ, മലയാള മനോരമ മലപ്പുറം സർക്കുലേഷൻ മേധാവി രഞ്ജി തോമസ്, മലപ്പുറം ഐ ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ് ഓഫിസർ കെ.ആർ.റജി എന്നിവർ പ്രസംഗിച്ചു.
വാഹനാപകടം മാത്രമല്ല, മറ്റുള്ളവയ്ക്കും പരിരക്ഷ
അപകടത്തിൽ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ പൂർണമായും കിടപ്പിലാകുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെയും പരുക്കേറ്റാൽ 50,000 രൂപ ചികിത്സാസഹായവുമാണ് ലഭിക്കുക. ഓരോ തൊഴിലാളിക്കുമുള്ള പ്രീമിയം തുകയായ 200 രൂപ ഒന്നിച്ച് അടച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. വാഹനാപകടങ്ങൾക്കു പുറമേ പാമ്പുകടിയോ മറ്റേതെങ്കിലും രീതിയിലുള്ള അപകടങ്ങളോ ഉണ്ടായാലും പരിരക്ഷ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി.
തൊഴിലാളികൾക്കായിനേത്ര, ജീവതശൈലീ രോഗപരിശോധനയും
മലപ്പുറം നഗരസഭയുടെ ചങ്ക്സ് ഓട്ടോ ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷ നൽകാനെത്തിയ ഓട്ടോ തൊഴിലാളികൾക്കായി മലയാള മനോരമയുടെ നേതൃത്വത്തിൽ നേത്ര, ജീവിതശൈലീ രോഗപരിശോധന. എഴുനൂറോളം ഓട്ടോ തൊഴിലാളികളാണ് പരിശോധനയ്ക്കെത്തിയത്. മോട്ടർ വാഹന വകുപ്പ്, കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ വോളന്റിയേഴ്സ്, ദി ഐ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്. ഇതിനു പുറമേ അടിയന്തര രക്ഷാപ്രവർത്തന പരീശീലനവും നൽകി. ഇവയുടെ ഉദ്ഘാടനവും ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു.