
മാലിന്യമുക്തം നവകേരളം പദ്ധതി: പെരിന്തൽമണ്ണ നഗരസഭ സംസ്ഥാനത്തു മൂന്നാമത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിന്തൽമണ്ണ ∙ മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ നഗരസഭയായി പെരിന്തൽമണ്ണ. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 കോൺക്ലേവിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് നഗരസഭാധികൃതർ അവാർഡ് ഏറ്റുവാങ്ങി.ഗുരുവായൂർ നഗരസഭ ഒന്നും ആന്തൂർ നഗരസഭ രണ്ടും സ്ഥാനങ്ങൾ നേടി. ക്യാംപെയ്നിന്റെ പ്രവർത്തനങ്ങൾക്കൊപ്പം മാലിന്യ സംസ്കരണ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങളുമാണ് പെരിന്തൽമണ്ണ നഗരസഭയെ അവാർഡിന് അർഹമാക്കിയത്.
മാലിന്യസംസ്കരണത്തിലും ശേഖരണത്തിലും നഗരസഭ പുലർത്തിയ ചിട്ടയായ പ്രവർത്തന മികവാണ് അംഗീകാരത്തിന് അർഹമാക്കിയത്. ഹരിതകർമസേന മുഖേനയുള്ള വാതിൽപടി സേവനം, ബയോമെഡിക്കൽ മാലിന്യങ്ങൾ ഇമേജ് മുഖേനയുള്ള ശേഖരണവും ശാസ്ത്രീയ സംസ്കരണത്തിനുള്ള കൈമാറ്റവും കിടപ്പിലായ രോഗികളിൽ നിന്ന് ഡയപ്പർ, സാനിറ്ററി നാപ്കിൻ തുടങ്ങിയ ബയോമാലിന്യ ശേഖരണത്തിനുള്ള സംവിധാനം, ഒറ്റ ഫോൺകോളിൽ വാതിൽപടി മാലിന്യം ശേഖരിക്കുന്ന ഡയപ്പർ വണ്ടി, 100 ശതമാനം അജൈവ മാലിന്യ ശേഖരണം എന്നിവയെല്ലാം പരിഗണിക്കപ്പെട്ടു.
കാര്യക്ഷമമായ ഉറവിട മാലിന്യ സംസ്കരണ പ്രോത്സാഹനവും കൃത്യമായ വകുപ്പുതല സ്ക്വാഡ് പരിശോധനകളും ശ്രദ്ധേയമാണ്.മാലിന്യ സംസ്കരണ പ്ലാന്റിലെ ജൈവമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബയോശക്തി പ്ലാന്റിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്. ഹെൽത്ത് സേഫ്റ്റി എൻഫോഴ്സ്മെന്റ് പരിശോധന കാര്യക്ഷമമായി നടക്കുന്ന നഗരമാണ് പെരിന്തൽമണ്ണ.എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ വിദ്യാലയങ്ങളിലും ജൈവമാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുയിടങ്ങളിലെ ടിൻബിന്നുകളും കളക്ഷൻ ബിന്നുകളും ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മാതൃകാ യൂണിറ്റുകളും ശ്രദ്ധേയമാണ്.
പുരസ്കാര വിതരണം നടന്ന വൃത്തി കോൺക്ലേവിൽ നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ.വിത്സന്റെ നേതൃത്വത്തിൽ ബയോ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബയോശക്തി പ്ലാന്റ് യൂണിറ്റിന്റെ മിനിയേച്ചർ ഒരുക്കിയിരുന്നു.നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ കെ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ജി.മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.ഈ അംഗീകാരവും നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കുമായി സമർപ്പിക്കുന്നതായി നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു.