
അത്തിക്കാപ്പിൽ കാട്ടാനശല്യം: വൈദ്യുതി വേലി തകർത്തു; വ്യാപക കൃഷിനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുളായി ∙ അങ്ങാടിക്ക് സമീപം അത്തിക്കാപ്പിൽ കാട്ടാനകൾ തുടർച്ചയായി വിളകൾ നശിപ്പിക്കുന്നു. കീച്ചേരിൽ കെ.എം.ഷിബുവിന്റെ പുരയിടത്തിലെ കായ്ഫലമുള്ള 60 കമുകു മരങ്ങളാണ് 3 ദിവസം കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. ഒന്നരയേക്കർ പുരയിടത്തിന്റെ ചുറ്റും ഷിബു സ്ഥാപിച്ച സൗരോർജ വൈദ്യുതി വേലി തകർത്താണ് ആനകൾ നാശം വിതച്ചത്.കരിമ്പുഴയ്ക്ക് അക്കരെ നെടുങ്കയം വനത്തിൽ നിന്നാണ് ആനകളുടെ വരവെന്ന് നാട്ടുകാർ പറയുന്നു. കരുളായി റേഞ്ച് ഓഫിസറും സംഘവും കൃഷിയിടം സന്ദർശിച്ചു. ശനി, ഞായർ ദിവസങ്ങളിലും 13ന് രാത്രി 1.30 നും എത്തിയ മൂന്ന് ആനകൾ മരം തള്ളിയിട്ടു വേലി തകർക്കുകയായിരുന്നു. പുരയിടത്തിലുണ്ടായിരുന്ന ചക്ക, മാമ്പഴം, എന്നിവയും ആനകൾ ഭക്ഷിച്ചതായും ഇവ വീടിന് സമീപം വരെ എത്തിയെന്നും ഷിബു പറഞ്ഞു.
അന്നവും പൊറുതിയും മുട്ടിച്ച് കാട്ടുപന്നി
നന്നമ്പ്ര ∙ പാണ്ടിമുറ്റം, വെള്ളിയാമ്പുറം, കൊടിഞ്ഞി തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യമെന്ന് പരാതി. കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപകമായ കൃഷി നാശമുണ്ടായി. പന്നികളെ പേടിച്ച് കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കർഷകർ പറഞ്ഞു. ഭീതിയോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. രാവിലെ വിദ്യാലയത്തിൽ പോകുന്ന കുട്ടികളുടെ നേരെയും പന്നിയുടെ ആക്രമണമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
പന്നി ശല്യത്തിന് പരിഹാരം കാണാൻ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സമീപ പഞ്ചായത്തായ ഒഴൂരിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊന്നിരുന്നു. ഇത്തരത്തിൽ നന്നമ്പ്രയിലും നടപടി വേണമെന്നാവശ്യപ്പെട്ട് പിഡിപി പഞ്ചായത്ത് കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. ഭാരവാഹികളായ ഹനീഫ തയ്യാല, എം.എ.റസാഖ് ഹാജി, ഹസൈൻ തിരുത്തി, എന്നിവരാണ് നിവേദനം നൽകിയത്.