
തിളച്ചുമറിയുന്നു: നിലമ്പൂർ അവസാന ലാപ്പിലേക്ക്
നിലമ്പൂർ ∙ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിലെ വീറും വാശിയും പാരമ്യതയിലേക്ക്. നിലമ്പൂരിൽ 19 വർഷത്തിനു ശേഷം ആദ്യമായി പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് സിപിഎം പ്രവർത്തകർ.
2016ൽ കൈമോശം വന്ന മണ്ഡലം തിരിച്ചു പിടിക്കാനുള്ള അവസരമായി കണ്ട് യുഡിഎഫ് പ്രവർത്തകർ പോരാട്ടം കടുപ്പിച്ചു. വിജയിച്ചാൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തതിന്റെ ഇരട്ടിമധുരം നുകരാം.
മത്സരിക്കാൻ തുടക്കത്തിൽ മടി കാണിച്ചു വിമർശനം ഏറ്റുവാങ്ങിയ എൻഡിഎ പെട്ടെന്ന് സ്ഥാനാർഥിയെ കണ്ടെത്തി കച്ചമുറുക്കിയതോടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുന്നത്. 3 സ്ഥാനാർഥികളും രണ്ടാം റൗണ്ട് പര്യടനത്തിലാണ്.
സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അൻവർ പ്രചാരണ രംഗത്ത് സജീവമാണ്. മന്ത്രിമാരുടെ പട
തന്നെ നിലമ്പൂരിൽ ക്യാംപ് ചെയ്യുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ എന്നിവർ നേരിട്ടാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
യുഡിഎഫിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനിൽകുമാർ എന്നിവർ പട നയിക്കുന്നു.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കെ.രഞ്ജിത്ത് എന്നിവരാണ് എൻഡിഎയുടെ തേരാളികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രണ്ടാംവട്ട
പ്രചാരണത്തിനെത്തിയതോടെ മണ്ഡലത്തിൽ പ്രചാരണം തിളച്ചു. 15ന് പ്രിയങ്ക ഗാന്ധി എംപി കൂടി എത്തുന്നതോടെ മത്സരം അവസാന ലാപ്പിലേക്ക് കടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]