
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ പതനത്തിന്റെ ആരംഭം: സാദിഖലി തങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ പിണറായി സർക്കാരിന്റെ പതനത്തിന് ആരംഭം ആണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണ്. ഫലം വരുന്നതോടെ കേരളത്തിൽ രാഷ്ട്രിയ സമവാക്യങ്ങളിൽ മാറ്റം ഉണ്ടാകും. ദേശീയരാഷ്ടീയത്തിൽ ചലനം ഉണ്ടാക്കും. വർഗീയത പരത്തി നേട്ടം കൊയ്യാനുള്ള സിപിഎം, ബിജെപി ശ്രമം കേരളത്തിൽ വിലപ്പോകില്ല. രണ്ടാമതും പിണറായി സർക്കാരിനെ അധികാരത്തിലേറ്റിയതിന്റെ കുറ്റബോധത്തിലാണ് ജനങ്ങൾ. തെറ്റുതിരുത്താനുള്ള അവസരമായാണ് ഉപതിരഞ്ഞെടുപ്പിനെ അവർ കാണുന്നത്. കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുന്ന സ്ഥാനാർഥി ആരായാലും വിജയം മുസ്ലിം ലീഗ് ഉറപ്പ് വരുത്തുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നിലമ്പൂരിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ ജാഗ്രതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടിന് വേണ്ടി മുനമ്പം പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രഭാഷണം നടത്തിയ ദേശീയ ജനറൽ സെകട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ആരെയും കുടിയിറക്കാതെ പ്രശ്നം പരിഹാരത്തിന് സാദിഖലി ശിഹാബ് തങ്ങൾ ഇടപെടൽ നടത്തി. വർഗീയത ആളിക്കത്തിച്ചു മൂന്നാമതും അധികാരത്തിൽ വരാനുള്ള ശ്രമം കേരളത്തിൽ വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പിണറായിയും ജനങ്ങളും തമ്മിലുള്ള യുദ്ധമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ പി.വി.അൻവർ പറഞ്ഞു.മകൾ അറസ്റ്റിലാകുമെന്ന് ഭയക്കുന്ന പിതാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി. കുടുംബത്തെ രക്ഷിക്കാൻ പാർട്ടിയെ ബിജെപിക്ക് അടിയറവച്ച പിണറായിക്കെതിരെ സിപിഎം അണികൾ കൂട്ടമായി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി വിജയം ഉറപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയി എന്നിവർ വ്യക്തമാക്കി. സി.എച്ച് ഇക്ബാൽ മുണ്ടേരി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഷാജി, ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എംഎൽഎ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, യൂത്ത് ലീഗ് ദേശീയ ജനറൽ സെകട്ടറി ഫൈസൽ ബാബു , ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, വനിത ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി. ജൽസീമിയ, കെ.ടി. കുഞ്ഞാൻ, മച്ചിങ്ങൽ കുഞ്ഞു, ജസ്മൽ പുതിയറ ,കൊമ്പൻ ഷംസുദ്ദീൻ, സറീന മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ജില്ലാ പഞ്ചായത്തിനെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തെ ആദരിച്ചു. സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.വിവിധ പാർട്ടികളിൽ നിന്നു ലീഗിൽ ചേർന്ന 50 പേർക്ക് സ്വീകരണം നൽകി.