
ദേശീയപാത 66 വികസനം; ബസ് കാത്തിരിപ്പു കേന്ദ്രം ഒരിടത്ത്; ബസ് നിർത്തുന്നത് മറ്റൊരിടത്ത്
തേഞ്ഞിപ്പലം ∙ പഴയ ദേശീയപാതയുടെ അരികെ നിന്ന് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കുപകരം സർവീസ് റോഡരികെ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പലതും നോക്കുകുത്തി. അവ നിലവിലുള്ള ബസ് സ്റ്റോപ്പുകളിൽ നിന്ന് അകലെ ആയതിനാൽ യാത്രക്കാരിൽ പലരും അവിടെ നിൽക്കാറില്ല.
ബസ്സുകൾ അവിടെ നിർത്താറുമില്ല. എൻഎച്ച് അതോറിറ്റിയുടെ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചാൽ ഉലകം ചുറ്റണമെന്നതാണ് പലയിടത്തും അവസ്ഥ. ഇടിമുഴിക്കലിൽ നിലവിലുള്ള സ്റ്റോപ്പിൽ നിന്ന് മാറിയാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം. സ്പിന്നിങ്മിൽ അങ്ങാടിയിലും യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ സ്ഥലത്ത് ഇവ നിർമിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല. കാക്കഞ്ചേരിയിൽ കോഴിക്കോട് ദിശയിലേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം സംബന്ധിച്ച് വലിയ പരാതി ഇല്ലെങ്കിലും തൃശൂർ ദിശയിലേക്കു പോകുന്ന യാത്രക്കാർക്കു വേണ്ടി ഇത് നിർമിക്കാത്തത് ജനത്തെ വലയ്ക്കുന്നു.
ചെട്ട്യാർമാട്ട് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതും യഥാർഥ സ്ഥാനത്തല്ല. യൂണിവേഴ്സിറ്റി ക്യാംപസിൽ രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും പ്രധാന സ്റ്റോപ്പുകളിൽ നിന്ന് മാറിയാണ്. തന്മൂലം നിലവിലുള്ള സ്റ്റോപ്പിൽ മഴയും വെയിലും സഹിച്ചു നിൽക്കണമെന്നത് യാത്രക്കാരുടെ ദുരിതം.
“വാഹനങ്ങളുടെ എക്സിറ്റ്, എൻട്രി, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സംബന്ധിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെകൂടി മാർഗനിർദേശം പാലിക്കേണ്ടതുണ്ടെന്ന് മുൻപേ വ്യക്തമാക്കിയതാണ്. ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്ന സങ്കീർണത അവതരിപ്പിച്ചു.
പക്ഷേ , യാത്രാ ക്ലേശം രൂക്ഷമാക്കും വിധമാണ് കാര്യങ്ങൾ ഭവിച്ചത്. ഇനിയെങ്കിലും പ്രശ്നം പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാൻ തയാറാകണം “ പി.
അബ്ദുൽ ഹമീദ് എംഎൽഎ പാണമ്പ്രയിൽ തൃശൂർ ദിശയിലേക്ക് കാത്തിരിപ്പു കേന്ദ്രം ഉണ്ടെങ്കിലും അടിപ്പാതയിൽ നിന്ന് ഏറെ അകലെ ആയതിനാൽ യാത്രക്കാർ ആ വഴി പോകാറില്ല. പഞ്ചായത്തുതല ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിലപാട് അവഗണിച്ചാണ് പലയിടത്തും കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. പുനഃപരിശോധിക്കാൻ തീരുമാനമെടുത്ത് കലക്ടർക്ക് കത്ത് നൽകിയിട്ടും എൻഎച്ച് അതോറിറ്റി അവരുടെ റൂട്ടിൽ നിന്ന് മാറിയില്ലെന്നാണ് പരാതി.
പ്രധാന അങ്ങാടികളെ തഴഞ്ഞ് ആറു വരിപ്പാതയിൽ എക്സിറ്റും എൻട്രിയും നിശ്ചയിച്ചതും പ്രാദേശികമായി യാത്രാ ക്ലേശം ഇരട്ടിപ്പിച്ചു. അക്കാര്യത്തിലും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശം അവഗണിച്ചെന്ന് പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]