
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്, ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. അമർ ജ്യോതി (28), ആദിത്യ (24) എന്നിവരാണു മരിച്ചത്. ചുങ്കത്തറ പള്ളിക്കുത്ത് മുരളി മന്ദിരത്തിൽ അനിൽ കുമാറിന്റെയും മിനിയുടെയും മകനാണ് അമർ ജ്യോതി. തളിപ്പറമ്പ് നടുവിൽ സത്യന്റെയും ആശാമോളുടെയും മകളാണ് ആദിത്യ. ഇന്നലെ രാവിലെ 11.15ന് കെഎൻജി പാതയിൽ കരിമ്പുഴയ്ക്കും പൂച്ചക്കുത്തിനും ഇടയിലാണ് അപകടം.
അമർ ജ്യോതി ഫൊട്ടോഗ്രഫറാണ്. ബിരുദപഠനം പൂർത്തിയാക്കിയ ആദിത്യ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുകയാണ്. ഇരുവരും മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്നു ക്യു ആഡ്സ് എന്ന പേരിൽ 26ന് നിലമ്പൂരിൽ അഡ്വർറ്റൈസിങ് സ്ഥാപനം തുടങ്ങിയിരുന്നു. രണ്ടുപേരും പരസ്യചിത്രങ്ങൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അമർ ജ്യോതിയുടെ വീട്ടിൽനിന്നു സുഹൃത്തിന്റെ ബൈക്കിൽ ഇരുവരും നിലമ്പൂരിലെ സ്ഥാപനത്തിലേക്കു വരികെയാണ് അപകടം. മഞ്ചേരിയിൽനിന്നു വഴിക്കടവ് മരുതക്കടവിലേക്കു പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബൈക്കിലിടിച്ചതായാണു പൊലീസിന്റെ നിഗമനം.
അമർ ജ്യോതി ബസിനടിയിലേക്കും ആദിത്യ റോഡിലും തെറിച്ചുവീണു. ബസ് ദേഹത്തു കയറി അമർ ജ്യോതി തൽക്ഷണം മരിച്ചു. നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ചാണു നിന്നത്. ആദിത്യയെ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമർ ജ്യോതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഇന്ന് 10ന് സംസ്കരിക്കും. സഹോദരങ്ങൾ അഖിൽ ജ്യോതി, അമിത് ജ്യോതി. ആദിത്യയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സഹോദരങ്ങൾ: അതുല്യ (ജർമനി), സായി കൃഷ്ണ. ബസ് ഡ്രൈവറെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.