
പുലിപ്പേടി വീണ്ടും; പിടിക്കാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണക്കാട് പുലിയെ കണ്ടെന്ന് ഓട്ടോഡ്രൈവർ
എടക്കര ∙ കരുനെച്ചി മണക്കാട് പുലിയെ കണ്ടെത്തായി ഓട്ടോ ഡ്രൈവർ. കരുനെച്ചി – മണക്കാട് റോഡിൽ മണക്കാട് പാലത്തിനു സമീപത്താണു പുലിയെ കണ്ടത്. വെളുമ്പിയംപാടം സ്വദേശി ഓട്ടോ ഡ്രൈവർ പറമ്പിൽ ഖാലിദാണ് പുലിയെ കണ്ടതായി വെളുപ്പെടുത്തിയത്. എടക്കരയിൽ വന്ന് പോത്തുകല്ലിലേക്ക് യാത്രക്കാരുമായി മടങ്ങുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പുലി റോഡ് മറികടക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. വെളിച്ചത്തിൽ പുലിയെ വ്യക്തമായി കണ്ടുവെന്ന് ഖാലിദ് പറഞ്ഞു. സമീപത്തെ കൃഷിയിടത്തിലൂടെ പുലി നടന്ന് നീങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിൽ പരിസരത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. കരിയംമുരിയം വനത്തിന് സമീപമുള്ള പ്രദേശത്ത് മുൻപും പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മുള്ള്യാകുർശിയിൽ പുലി ആടിനെ കടിച്ചുകൊന്നു
കീഴാറ്റൂർ ∙ മുള്ള്യാകുർശിയിൽ വീണ്ടും പുലി ഭീഷണി. ചേരിയം മലയിൽനിന്ന് നാട്ടിലിറങ്ങിയ പുലി മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെ കടിച്ചു കൊന്നു. കഴിഞ്ഞ നാലു വർഷമായി ഉമൈറിന്റെ 22–ാമത്തെ ആടിനെയാണ് പുലി പിടിക്കുന്നത്.നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് മമ്പാട് നിന്ന് പുലിക്കൂട് മുള്ള്യാകുർശിയിൽ എത്തിച്ചു. പുലി ഇറങ്ങാൻ സാധ്യതയുള്ള വഴിയിലാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. ആറു വർഷം മുൻപ് വലിയൊരു പുള്ളിപ്പുലിയെ വനപാലകർ കൂടുവച്ച് പിടിച്ചിരുന്നു. പിന്നീട് ഇതിനെ നിലമ്പൂർ വനത്തിൽ തുറന്നു വിടുകയായിരുന്നു. കഴിഞ്ഞ വർഷവും മുള്ള്യാകുർശിയിൽ പുലി ഭീഷണി രൂക്ഷമായിരുന്നു. പുലിക്കെണി സ്ഥാപിക്കുകയും നിരീക്ഷണ ക്യാമറ ഉപയോഗിച്ച് പുലിയുടെ സാന്നിധ്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു എന്നാൽ പുലി ശല്യം തുടരുകയും കെണിയിൽ കുടുങ്ങാതെ പുലി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. വൈകുന്നേരങ്ങളിലാണ് പുലി നാട്ടിൽ ഇറങ്ങുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.