
കവിയാക്കിയ കുട്ടിക്കാലം; മലപ്പുറത്തിന് അഭിമാനമായി ഫൈസൽ കന്മനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുടങ്ങാതെ പാട്ടുപുസ്തകങ്ങൾ വാങ്ങി, മകനെ മടിയിലേക്കു പിടിച്ചിരുത്തി ഇൗണത്തോടെ പാടിപ്പിച്ചിരുന്ന ഉമ്മ, കീബോർഡിലെ ഇൗണം കേട്ടിരുന്ന വീട്, മോയിൻകുട്ടി വൈദ്യരുടെ വിസ്മയിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ ആസ്വദിച്ചു പാടിക്കേട്ടിരുന്ന തെക്കേക്കരയെന്ന, കന്മനം പന്താവൂർ… ഇൗ കലാഗ്രാമവും ഇൗണം മുഴങ്ങുന്ന വീടും തികഞ്ഞൊരു കലാകാരനെ സൃഷ്ടിച്ചു– ഫൈസൽ കന്മനം (42). ഫോക്ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്ത യുവ മാപ്പിളകവി.
‘മായിച്ചു കളയുന്നതൊന്നുമേ.. മായുന്നില്ല..’
കുട്ടിക്കാലത്തു കേട്ടതും പഠിച്ചതും അറിഞ്ഞതും മായാതെ ഇന്നും ഫൈസലിന്റെ മനസ്സിലുണ്ട്. എഴുത്തിന്റെ വഴിയിൽ ഫൈസൽ ഇൗ തിരിച്ചറിവും കുറിച്ചിട്ടു– ‘മായിച്ചു കളയുന്നതൊന്നുമേ മായുന്നില്ല’. ഇടവഴികളിൽ നിന്നുള്ള നാടക പരിശീലനം വല്ലാത്ത അനുഭൂതിയായിരുന്നു. മദ്രസയിൽ ചെന്നാലും കലയുടെ ഓളമാണ്. കിഴക്കേപ്പാറ മദ്രസയിലെ ഉസ്താദാണു ദേശഭക്തി ഗാനങ്ങൾ പഠിപ്പിച്ചത്. മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങൾ ഗൗരവത്തോടെ വായിച്ചുതുടങ്ങിയതും അക്കാലത്താണ്. ആ വരികളാണ് വിസ്മയിപ്പിച്ചത്. എഴുത്തിന്റെ വഴിക്കു നടത്തിയതും ഇതേ വരികൾ തന്നെ.
ഗുരുവായി മഹാകവി
ചെണ്ടയും മദ്ദളവും തുടിയും താളാലങ്കാരം തീർക്കുന്ന മോയിൻകുട്ടി വൈദ്യരുടെ ബദർ കിസയിലെ പാട്ടുകൾ ഉൗണിലും ഉറക്കത്തിലും ഫൈസൽ പാടിപ്പഠിച്ചു. ഓരോ പാട്ടു കഴിയുമ്പോഴും അടുത്ത പാട്ടിന്റെ ഇൗണം സ്വയം കണ്ടെത്താൻ ശ്രമിച്ചു. അങ്ങനെ മഹാകവി ഫൈസലിനു ഗുരുവായി. സ്കൂൾ കാലത്തു വട്ടപ്പാട്ട് എഴുതാൻ തുടങ്ങി. ഫൈസൽ എഴുതുന്ന പാട്ടുകൾ കലോത്സവ വേദികളിൽ സമ്മാനങ്ങൾ നേടിത്തുടങ്ങി. പിന്നെ കോൽക്കളിക്കും ദഫ് മുട്ടിനുമൊക്കെ പാട്ടെഴുതി.. അന്നൊന്നും ആരും ചോദിച്ചില്ല ആരാണു പാട്ടെഴുതിയതെന്ന്. ആരോടും പറഞ്ഞതുമില്ല. പക്ഷേ, ‘തനിക്കു കഴിയും’ എന്ന് ഫൈസലിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ സമ്മാനങ്ങളും.
‘മക്കാ ബഖൂർ മിക്ക ഹക്കിലതൃപം ബങ്കീസം മികവ’
കലോത്സവ വേദികളിൽ ഇന്നും കേൾക്കാം ഇൗ വരികൾ– ‘മക്കാ ബഖൂർ മിക്ക ഹക്കിലതൃപം ബങ്കീസം മികവ’. ഫൈസലിന്റെ ശ്രദ്ധേയമായ രചന. പക്ഷേ, ഇൗ വരികൾ അറിയപ്പെടുന്നത് ‘അബുകെൻസ’യെന്ന തൂലികാ നാമത്തിലാണ്. മോയിൻകുട്ടി വൈദ്യരുടെ പാട്ടുകൾ പാടിപ്പഠിച്ചും അതിലെ താളം തിരിച്ചറിഞ്ഞും ഫൈസൽ എഴുതിയ ആദ്യ ഗാനമാണിത്. അക്കാലത്ത് ഇൗ പാട്ടുകേട്ട് ഒരു ആസ്വാദകൻ 101 രൂപ ഫൈസലിന്റെ കയ്യിലേക്കു ചുരുട്ടിമടക്കി വച്ചു.
‘മരണത്തിനെന്തോ പറയുവാനുള്ള പോൽ’
പ്രകൃതിയെയും മനുഷ്യനെയും ആഴത്തിലറിഞ്ഞാണു ഫൈസലിന്റെ എഴുത്ത്. മലയാള കവിതയും ലളിതഗാനവും മാപ്പിളപ്പാട്ടും വട്ടപ്പാട്ടും ഒപ്പനപ്പാട്ടുമെല്ലാം എഴുതുമ്പോഴും അതിലെല്ലാം സ്നേഹത്തിന്റെയും കരുതലിന്റെയും ഒരംശമുണ്ടാകും. കൂട്ടായ്മയാണ് ഏറ്റവും വലിയ ശക്തിയെന്ന ആദ്യ പാഠം പഠിപ്പിച്ചാണു ഫൈസൽ ഒപ്പനയും കോൽക്കളിയുമൊക്കെ പരിശീലിപ്പിക്കുക. കലോത്സവ വേദികളിൽ മത്സരത്തിനൊരുങ്ങുന്ന കുട്ടികളുടെ കൈകൾ ചേർത്തു പിടിപ്പിച്ചു കരുത്തിന്റെ ശക്തി പറഞ്ഞു കൊടുക്കും. ഫൈസലിന്റെ രചന സിനിമാ രംഗത്തേക്കുകൂടി കടന്നുകഴിഞ്ഞു. ‘മരണത്തിനെന്തോ പറയുവാനുള്ള പോൽ, മരവിച്ച ഭാവം ചിണുങ്ങി…’– ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയ്ക്കായി എഴുതിയ വരിയാണിത്.
2022ലെ ഫോക്ലോർ അക്കാദമി അവാർഡിനു പുറമേ വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, ഇശൽ രത്ന പുരസ്കാരം, വടകര കൃഷ്ണദാസ് അവാർഡ്, മോയീൻ കുട്ടി വൈദ്യർ സ്മാരകത്തിൽനിന്നു ലഭിച്ച അംഗീകാരങ്ങൾ, മാമാങ്കം പുരസ്കാരം, പുലിക്കോട്ടിൽ പുരസ്കാരം എന്നിവയും ഫൈസലിനെ തേടിയെത്തിയിട്ടുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ട വഴികൾ അടയാളപ്പെടുത്തിക്കൊണ്ടുള്ള ഗാന സമാഹാരമായ ‘ടിപ്പു സുൽത്താൻ’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഭാര്യ : ഷാഹിദ നാലുകണ്ടത്തിൽ. മക്കൾ : കെൻസ ഫൈസൽ, അസ്ബ് അഹമ്മദ്, ഇഷീക ഫൈസൽ.