
പത്താം ക്ലാസിൽ മലപ്പുറത്തിന് പത്തരമാറ്റ് ജയം: സംസ്ഥാനത്ത് ഒന്നാമത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ എ പ്ലസ് നേട്ടത്തിലും തുടർ പഠനത്തിനു യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും വീണ്ടും തിളങ്ങി മലപ്പുറം ജില്ല. രണ്ടു വിഭാഗത്തിലും സംസ്ഥാനത്ത് മലപ്പുറം ഇത്തവണയും ഒന്നാമതെത്തി. പക്ഷേ, വിജയ ശതമാനവും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറഞ്ഞു.
ജില്ലയിൽ പരീക്ഷയെഴുതിയ 79,654 വിദ്യാർഥികളിൽ 79,272 പേർ തുടർ പഠനത്തിനു യോഗ്യത നേടി. വിജയ ശതമാനം. 99.52. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.27 ന്റെ കുറവുണ്ട്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 9696 ആണ്. കഴിഞ്ഞ വർഷം ഇതു 11974. എ പ്ലസ് തിളക്കത്തിൽ ജില്ലയ്ക്ക് ഇത്തവണ 2278 എണ്ണത്തിന്റെ കുറവുണ്ട്.
പരീക്ഷയെഴുതിയവരിലും തുടർ പഠനത്തിനു യോഗ്യത നേടിയവരിലും ആൺകുട്ടികളാണ് മുന്നിൽ. ആൺകുട്ടികളിൽ 40,416 പേർ തുടർ പഠനത്തിനു യോഗ്യത നേടി. 38,856 പെൺകുട്ടികളാണു തുടർ പഠന യോഗ്യത നേടിയത്. അതേസമയം, എ പ്ലസ് തിളക്കത്തിൽ പതിവുപോലെ ആൺകുട്ടികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണു പെൺകുട്ടികൾ കാഴ്ചവച്ചത്. ഫുൾ എ പ്ലസുകാരിൽ 6934 പേർ പെൺകുട്ടികളാണ്. ആൺകുട്ടികൾ 2762.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ ആദ്യത്തെ 3 സ്കൂളുകളിൽ രണ്ടും ജില്ലയിലാണ്. എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് (2017) ഒന്നാമതും എകെഎംഎച്ച്എസ്എസ് കോട്ടൂർ (1455) മൂന്നാമതുമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം നേട്ടം കൊയ്തവയിൽ സംസ്ഥാനത്ത് ഒന്നാമതാണു കോട്ടൂർ സ്കൂൾ. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളും ജില്ലയിലാണ്. തിരൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. 728 കുട്ടികളാണു ഇവിടെ പരീക്ഷയെഴുതിയത്. എ പ്ലസ് നേട്ടത്തിൽ സംസ്ഥാനത്തു ഒന്നാമതെത്തിയ പിപിഎംഎച്ച്എസ്എസ് കൊട്ടുക്കരയും ജില്ലയുടെ അഭിമാനമായി. 310 പേർക്കാണു സ്കൂളിൽ എ പ്ലസ് ലഭിച്ചത്.
കൊട്ടുക്കര സ്കൂളിന് എ പ്ലസ് തിളക്കം
കൊണ്ടോട്ടി∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂൾ. 310 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 100% വിജയവും നേടി. 1411 വിദ്യാർഥികൾ പരീക്ഷയെഴുതി.
എല്ലാവരും വിജയിച്ചു.ഇക്കഴിഞ്ഞ എൻഎംഎംഎസ് പരീക്ഷയിലും സംസ്ഥാനതലത്തിൽ കൊട്ടുക്കര ഒന്നാമതെത്തിയിരുന്നു. 68 പേർ സ്കോളർഷിപ് നേടി. എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനായി വിവിധ പഠനപ്രവർത്തനങ്ങളാണു സ്കൂളിൽ ക്രമീകരിച്ചിരുന്നത്. എസ്എസ്എൽസിയുടെ വിജയം ആഘോഷിക്കാനായി സ്കൂളിൽ സംഗീതവിരുന്നൊരുക്കി. വിദ്യാർഥികളെ മാനേജ്മെന്റ് അനുമോദിച്ചു. മധുരവിതരണവും നടന്നു.
കോട്ടൂർ സ്കൂളിന് ചരിത്രനേട്ടം
കോട്ടയ്ക്കൽ∙ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ ചരിത്രനേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച എയ്ഡഡ് വിദ്യാലയമെന്ന ബഹുമതിയാണു കൈവരിച്ചത്. പരീക്ഷ എഴുതിയ 1,455 കുട്ടികളിൽ മുഴുവൻ പേരെയും തുടർപഠനത്തിന് അർഹരാക്കാൻ സ്കൂളിനു സാധിച്ചു.
തുടർച്ചയായി ഏഴാംതവണയാണു 100 ശതമാനം വിജയം എന്ന നേട്ടം സ്കൂൾ കൈവരിക്കുന്നത്. 186 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മാസംതോറുമുള്ള പരീക്ഷകൾ, പ്രത്യേക ക്ലാസുകൾ, കോർണർ പിടിഎ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ പാക്കേജുകളിലൂടെയാണു മികച്ച വിജയം നേടിയതെന്നു സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജിയും പ്രധാനാധ്യാപിക കെ.കെ.സൈബുന്നീസയും പറഞ്ഞു.
വിദ്യാർഥികളെ മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീംഹാജി, വാർഡ് കൗൺസിലർ എം.മുഹമ്മദ്ഹനീഫ, പ്രധാനാധ്യാപിക കെ.കെ.സൈബുന്നീസ, എം.കെ.മറിയ, പ്രദീപ് വാഴങ്കര, ഇ.കെ.ആരിഫ, കെ.ഷുഹൈബ്, സി.സുധീർ, സി.മുഹമ്മദ് റഷീദ്, പി.കെ.അലാവുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.