
മലപ്പുറം ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി നിപ്പ; ഇത് മൂന്നാം തവണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി നിപ്പ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ വെന്റിലേറ്ററിലാണ് ഇവരിപ്പോൾ ഉള്ളത്. കഴിഞ്ഞ മാസം 25ന് പനിയെത്തുടർന്ന് വീട്ടമ്മ വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ ഈ മാസം ഒന്നിനു പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അഡ്മിറ്റായി. പനിയും തലവേദനയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്ത പരിശോധനകൾ നടത്തി.സംശയത്തെത്തുടർന്നാണു സ്രവ സാംപിൾ പരിശോധനയ്ക്കയച്ചത്.
സംസ്ഥാനത്തു നടത്തിയ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്നു പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കു സാംപിൾ അയച്ചു. ഇന്നലെ ഉച്ചയോടെ ഫലം വന്നപ്പോൾ പോസിറ്റീവ്.അതേസമയം, രോഗിയുമായി അടുത്ത് ഇടപഴകിയ ബന്ധുക്കൾ ഉൾപ്പെടെയുള്ള ഏഴു പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ് ആയതു ജില്ലയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. ഇതു മൂന്നാം തവണയാണു ജില്ലയിൽ നിപ്പ സ്ഥിരീകരിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മേയിൽ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ നിപ്പ ബാധിച്ചു മരിച്ചിരുന്നു. ചെമ്പ്രശ്ശേരിയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ തിരുവാലി നടുവത്ത് സെപ്റ്റംബറിൽ 23 വയസ്സുകാരൻ നിപ്പ ബാധിച്ചു മരിച്ചു. മരണശേഷമുള്ള പരിശോധനയിലാണു യുവാവിനു നിപ്പ സ്ഥിരീകരിച്ചത്.
നടപടികൾ ഊർജിതം
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർകൂടി യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു. രോഗിക്കു മോണോക്ലോണൽ ആന്റിബോഡി നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തതായും ആശുപത്രി എത്തിക്കൽ കമ്മിറ്റിയുടെ അനുമതികൂടി ലഭിക്കുന്ന മുറയ്ക്ക് അതു നൽകുമെന്നും മന്ത്രി പറഞ്ഞു. രോഗി ചികിത്സയിലുള്ള ആശുപത്രിയിൽതന്നെ തുടരുന്നതാണു പ്രോട്ടോക്കോൾ എങ്കിലും, ബന്ധുക്കൾ ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകി. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനു പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പു മുഖേന സാംപിൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. വളാഞ്ചേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സർവേ നടത്തുമെന്നും രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ
രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ വരും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണു പ്രധാനമായും നിയന്ത്രണങ്ങൾ ഉണ്ടാകുക. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊർജിതമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ള എല്ലാവരും 21 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്നും അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലെ യോഗത്തിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ, കലക്ടർ വി.ആർ.വിനോദ്, ദേശീയ ആരോഗ്യദൗത്യം സ്റ്റേഷൻ മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.റീത, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക തുടങ്ങിയവർ പങ്കെടുത്തു.