
വഴി തെറ്റിയാൽ അടുത്ത എക്സിറ്റ് ആറു കിലോമീറ്റർ അകലെ; ദേശീയപാത 66 ൽ ഡ്രൈവർമാർ വെള്ളംകുടിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തേഞ്ഞിപ്പലം ∙ കോഴിക്കോട്, മലപ്പുറം ജില്ലകൾ അതിരിടുന്ന ഇടിമുഴിക്കൽ നിസരി ജംക്ഷനിൽ തൃശൂർ ഭാഗത്തേയ്ക്കുള്ള ട്രാക്കുകൾ വഴി എത്തുന്ന വാഹനങ്ങൾ അതേ ദിശയിലേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കുന്നത് നിരോധിച്ചു. ട്രാഫിക് സുരക്ഷാ കോണുകൾ സ്ഥാപിച്ചാണ് ഈ നിരോധനം. പരിസര പ്രദേശങ്ങളിലേയ്ക്കുള്ള വാഹന യാത്രക്കാരെ സംബന്ധിച്ച് ഇത് തിരിച്ചടിയായി. എന്നാൽ, നിസരി ജംക്ഷനിൽ സർവീസ് റോഡി്ൽ നിന്ന് തൃശൂർ ദിശയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് ദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ രാമനാട്ടുകര മേൽപാലത്തിൽ നിന്ന് വടക്കുമാറിയുള്ള എക്സിറ്റ് വഴി സർവീസ് റോഡിൽ പ്രവേശിച്ചില്ലെങ്കിൽ അടുത്ത എക്സിറ്റ് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ചെട്ട്യാർമാട്ടാണുള്ളത്. അതായത് 6 കിലോമീറ്റർ അകലെ. ചെട്ട്യാർമാട്ട് സർവീസ് റോഡിൽ എത്തിയാലും അവിടെ നിന്ന് കാൽ കിലോമീറ്റർ അകലെയുള്ള മേൽപാലത്തിൽ എത്തിയ ശേഷമേ എതിർ ദിശയിലെ സർവീസ് റോഡ് വഴി മടങ്ങാനാകൂ. ഇടിമുഴിക്കൽ, പുല്ലിപ്പറമ്പ്, സ്പിന്നിങ്മിൽ അങ്ങാടി, കാക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും അനുബന്ധ മേഖകളിലേക്കും തൃശൂർ ദിശയിലേക്കുള്ള ആറുവരിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ല.
രാമനാട്ടുകര മേൽപാലം പരിസരത്ത് നിന്ന് എക്സിറ്റ് വഴി സർവീസ് റോഡിൽ പ്രവേശിച്ചാൽ പ്രതിസന്ധി മറികടക്കാം. രാമനാട്ടുകര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മഞ്ചേരി റോഡ് വഴിയെത്തി എയർപോർട്ട് റോഡ് ജംക്ഷനിലെ അടിപ്പാത വഴി എൻഎച്ച് 66ൽ തൃശൂർ ഭാഗത്തേയ്ക്കുളള സർവീസ് റോഡിൽ പ്രവേശിച്ചും അധിക ദൂരം താണ്ടുന്നത് പരമാവധി ഒഴിവാക്കാം.
രാമനാട്ടുകരയിൽ നിന്ന് തോട്ടുങ്ങൽ പാലം വഴി എത്തുന്ന വാഹന യാത്രക്കാർക്ക് നിസരി ജംക്ഷനിൽനിന്ന് നേരിട്ട് ആറുവരിപ്പാതയിലോ മറു വശത്ത് തൃശൂർ ദിശയിലെ സർവീസ് റോഡിലോ നേരിട്ട് പ്രവേശിക്കാനാകില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി അര കിലോമീറ്റർ സഞ്ചരിച്ച് എയർപോർട്ട് റോഡ് ജംക്ഷനിലെ അടിപ്പാത വഴി തൃശൂർ ദിശയിലേക്ക് സർവീസ് റോഡിലെത്തി അവർക്ക് യാത്ര തുടരാനാകും. ഇരു ദിശകളിലുമായി ഒരു കിലോമീറ്റർ അധികം ചുറ്റണമെന്നത് ഇവരെ സംബന്ധിച്ചും അലച്ചിൽ.
കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകൾ വഴി എത്തുന്ന വാഹനങ്ങൾക്കും നിസരി ജംക്ഷനിൽ സർവീസ് റോഡിലേക്ക് എക്സിറ്റ് അനുവദിച്ചിട്ടുണ്ട്. അതോടെ ആറുവരിപ്പാത വഴി തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് അനായാസം രാമനാട്ടുകര ഭാഗത്ത് എത്താനാകും. വാഹന ഡ്രൈവർമാർക്ക് ദൂരെ നിന്നേ കാണാൻ പാകത്തിൽ ട്രാഫിക് സുരക്ഷാ കോണുകൾ സ്ഥാപിച്ച് എക്സിറ്റ് ക്രമീകരിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷാ അടയാളങ്ങൾ അവഗണിച്ചാൽ അതൊക്കെ ഒപ്പിയെടുക്കാൻ പലയിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വരികയാണ്. എൻഎച്ച് ആറുവരിപ്പാത ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്ന മുറയ്ക്ക് ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ പാകത്തിലാണ് ക്രമീകരണം.