
ആറുവരിപ്പാത നിർമാണം: കല്ലും മണ്ണും ഉൾപ്പെടെ മഴവെള്ളം വീടുകളിലേക്ക്; കിണറുകൾ മലിനമാകുന്നതായും പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തനത്താണി∙ സർവീസ് റോഡിലെ അഴുക്കുചാൽ വഴി ഒഴുകിയെത്തുന്ന മഴവെള്ളം ചുങ്കം–മത്തിച്ചിറ റോഡരികിലെ വീടുകളിലേക്ക് എത്തുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങൾ ദുരിതത്തിൽ. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് വെട്ടിച്ചിറ മുതൽ ചുങ്കംവരെയും പുത്തനത്താണി ബസ് സ്റ്റാൻഡ് മുതൽ ചുങ്കംവരെയും സർവീസ് റോഡിന്റെ ഇരുവശങ്ങളിലുമായി അഴുക്കുചാൽ നിർമിച്ചത്. മഴ പെയ്താൽ ഇവിടങ്ങളിൽനിന്നുള്ള വെള്ളം മുഴുവൻ അഴുക്കുചാൽ വഴി ചുങ്കത്തെ അടിപ്പാതയിൽ എത്തുകയും കല്ലുംമണ്ണും ഉൾപ്പെടെ വീടുകളിലേക്ക് ഒഴുകുകയുമാണ്.
പൂളമംഗലം ഭാഗത്തെ ഇരുന്നൂറോളം കുടുംബങ്ങളുടെ ആശ്രയമായ റോഡുവഴിയാണ് അഴുക്കുവെള്ളം ഒഴുകിപ്പോകുന്നത്. റോഡ് കേടുവരാനും ഇതു കാരണമായി.പ്രദേശത്ത കിണറുകൾ മലിനമാകുന്നതായും മതിൽ കേടുവന്നതായും പരാതിയുണ്ട്. വെള്ളത്തിനൊപ്പമെത്തിയ കല്ലുംമണ്ണും വീടുകളുടെ മുറ്റത്ത് കൂടിക്കിടക്കുകയാണ്. നേരത്തെയുണ്ടായിരുന്ന അഴുക്കുചാൽ അടച്ചശേഷം ഒറ്റ അഴുക്കുചാൽ നിർമിച്ചതാണ് പ്രശ്നത്തിനു കാരണമെന്നു നാട്ടുകാർ പറയുന്നു.
3 കിലോമീറ്റർ ദൂരത്തുനിന്ന് ഈ രീതിയിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. മഴക്കാലം വന്നാൽ സ്ഥിതി കൂടുതൽ പ്രയാസകരമാകും. വിഷയം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. അഴുക്കുചാൽ നിർമാണം അശാസ്ത്രീയമായ രീതിയിലാണെന്നാണു നാട്ടുകാരുടെ ആരോപണം.