
മലയാളിക്കരുതലിൽ കേട്ടു, ഒരു അസമീസ് കുഞ്ഞിക്കരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂക്കോട്ടുംപാടം ∙ ‘ഞങ്ങളുടെ നാട്ടിൽ ആരും പ്രസവത്തിന് ആശുപത്രിയിൽ പോകാറില്ല. എന്റെ പ്രസവങ്ങളെല്ലാം വീട്ടിലായിരുന്നു. എന്റെ മരുമകളും അതുപോലെ പ്രസവിച്ചോളും’ – അസം സ്വദേശിനി ഫൗസിലയുടെ കർശന നിലപാടിനു മുന്നിൽ ആദ്യം അമ്പരന്നെങ്കിലും, തുടർച്ചയായ ബോധവൽക്കരണത്തിലൂടെ ഗർഭകാല പരിചരണത്തിന്റെ ആവശ്യം മനസ്സിലാക്കിക്കൊടുത്തു പ്രസവം ആശുപത്രിയിൽതന്നെ ഉറപ്പാക്കിയ ചാരിതാർഥ്യത്തിലാണു നിഷ.
അമരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണു കെ.നിഷ. അതിഥിത്തൊഴിലാളി ഇക്രം ഹുസൈന്റെ ഭാര്യ ഇമ്രാന (21) ഗർഭിണിയാണെന്നറിഞ്ഞു പരിചരണം ഉറപ്പാക്കാൻ കുടുംബം താമസിക്കുന്ന പൂക്കോട്ടുംപാടത്തെ വാടകവീട്ടിലെത്തിയപ്പോഴായിരുന്നു ഇക്രമിന്റെ മാതാവ് ഫൗസിലയുടെ പ്രതികരണം. ആശുപത്രിയിൽ പോകേണ്ടിവരുമെന്നു പേടിച്ച് ഇമ്രാന ഗർഭിണിയായ വിവരം വീട്ടുകാർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇക്രമിന്റെ ബന്ധുവായ ഹബീബ് ആണ് ഉള്ളാട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള നിഷയെ വിവരം അറിയിച്ചത്.
അസമീസ് ഭാഷ മാത്രമറിയുന്ന ഇക്രമിന്റെ കുടുംബത്തെ ഹബീബിന്റെ സഹായത്തോടെ നിഷ വീട്ടിലെ പ്രസവത്തിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏപ്രിൽ 21ന് ഇമ്രാനയുടെ പേരു റജിസ്റ്റർ ചെയ്തു. തുടർന്ന് ഇടയ്ക്കിടെ ഭവനസന്ദർശനം നടത്തി കുടുംബവുമായി അടുത്തു. ഇമ്രാനയ്ക്കു വിളർച്ച കണ്ടപ്പോൾ നിലമ്പൂർ ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കി. സ്കാനിങ്ങുകൾ നടത്തി ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പാക്കി. തുടർപരിശോധനയ്ക്കു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചപ്പോഴും എല്ലാ പിന്തുണയുമായി നിഷയുണ്ടായിരുന്നു.
മേയ് രണ്ടിന് ഇമ്രാനയ്ക്കു വയറുവേദനയുണ്ടെന്നു ഫസീല വിളിച്ചറിയിച്ചതനുസരിച്ച് അഞ്ചാം മൈലിലെ വീട്ടിൽനിന്ന് നിഷ ഓടിയെത്തി. പ്രസവ ലക്ഷണങ്ങൾ കണ്ടതോടെ 108 ആംബുലൻസ് വിളിച്ചുവരുത്തി. ജില്ലാ ആശുപത്രിയിലേക്കു നിഷയും അനുഗമിച്ചു. പുലർച്ചെ 12.25ന് പെൺകുഞ്ഞ് പിറന്നു. ‘ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ വിലമതിക്കാനാകുന്നതിലപ്പുറം, അതിനാല് പ്രസവങ്ങൾ ആശുപത്രികളിലാക്കണം’ എന്നതാണ് ഇക്കൊല്ലത്തെ രാജ്യാന്തര ആരോഗ്യദിന സന്ദേശം. ഇതു പ്രവൃത്തിയിലൂടെ അർഥവത്താക്കിയ നിഷയെ കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനുമോദിച്ചു. ഇമ്രാനയും കുഞ്ഞും ഇന്ന് ആശുപത്രി വിടും.