
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങി യുഡിഎഫ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടക്കര ∙ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുസമയവും ഉണ്ടാകുമെന്ന കണക്കൂകൂട്ടലുമായി പ്രചാരണ രംഗത്ത് സജീവമാകാനുള്ള മുന്നൊരുക്കവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി ഇന്ന് നിലമ്പൂരിൽ കോൺഗ്രസ് പ്രതിനിധികളുടെയും പ്രാദേശിക നേതാക്കളുടെയും യോഗം ചേരുന്നുണ്ട്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കൂടാതെ സഹകരണ ബാങ്ക് പ്രസിഡന്റുമാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള വണ്ടൂർ എംഎൽഎയും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗവുമായ എ.പി.അനിൽകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, പി.എ.സലീം എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സ്ഥാനാർഥിയായി പരിഗണനയിലുള്ള കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ‘ഉള്ളുണർത്തൽ’ എന്ന പേരിൽ പ്രവർത്തക കൺവൻഷൻ നടത്തി. പി.അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്.ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മൂത്തേടം, ടി.പി. അഷ്റഫലി, കെ.ടി.കുത്താൻ, മച്ചിങ്ങൽ കുഞ്ഞു, ജസ്മൽ പുതിയറ, ഷംസു കൊമ്പൻ, വി.പി.അബ്ദുറഹ്മാൻ, സെറീന മുഹമ്മദലി, സുബൈദ കൊരമ്പയിൽ, ജംഷി മൂത്തേടം, ലുഖ്മാൻ എടക്കര, ചെമ്മല മുഹമ്മദ് ഹാജി, സൈതലവി കുന്നുമ്മൽ, ഉബൈദ് കാക്കീരി, ഉസ്മാൻ എടക്കര, ബാലൻ ചുങ്കത്തറ, മനാഫ്, ബാബു മൈസൂർ, കെ.ടി മജീദ്, പറമ്പിൽ ബാവ, പുത്തലത്ത് മാനു എന്നിവർ പ്രസംഗിച്ചു.
എഐസിസി സമ്മേളനത്തിൽ പ്രാഥമിക ചർച്ച
നാളെയും മറ്റന്നാളും അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച നടക്കുമെന്ന് സൂചന. കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കളെല്ലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നിലമ്പൂർ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽപ്പെടുന്നതായതിനാൽ അവരുടെ അഭിപ്രായവും തേടും.