
തിരൂർ റെയിൽവേ സ്റ്റേഷൻ അംഗീകാരമുണ്ട്; പക്ഷേ, ഭക്ഷണമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂർ ∙ ഈറ്റ് റൈറ്റ് സ്റ്റേഷനിൽ വിശന്നാൽ ഭക്ഷണം തേടി പുറത്തേക്കു പോകണം. ഏറ്റവും മികച്ച ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനെന്ന പദവിയുള്ള തിരൂർ റെയിൽവേ സ്റ്റേഷനിൽ ഭക്ഷണശാല ഇല്ലാതായിട്ട് മാസങ്ങളായി. ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാംപെയ്നിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനെ മികച്ച ഭക്ഷണം ലഭിക്കുന്ന ഈറ്റ് റൈറ്റ് സ്റ്റേഷനായി തിരഞ്ഞെടുത്തത്.
ഇന്ത്യയിൽ ഈ പദവി ലഭിച്ച 217 സ്റ്റേഷനുകളാണുള്ളത്. സംസ്ഥാനത്ത് 23 സ്റ്റേഷനുകളുണ്ട്. ജില്ലയിൽ തിരൂരിനും പരപ്പനങ്ങാടിക്കുമാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധന നടത്തുന്നതും ശുദ്ധജലം ലഭിക്കുന്നതും ശുചിത്വം നിലനിർത്തുന്നതുമെല്ലാം പരിഗണിച്ചാണ് ഈ അംഗീകാരം നൽകുന്നത്.
തിരൂരിൽ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നവീകരണങ്ങളുടെ ഭാഗമായാണ് ഭക്ഷണശാലയുടെ പ്രവർത്തനം മാസങ്ങൾക്കു മുൻപ് അവസാനിപ്പിച്ചത്. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഭക്ഷണം കിട്ടാൻ സ്റ്റേഷന്റെ പുറത്തു പോകുകയല്ലാതെ യാത്രക്കാർക്ക് വഴികളില്ല.
നിലവിൽ യാത്രക്കാർ സ്റ്റേഷനിലുള്ള ചെറുബങ്കുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ ലഘുഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. ഇത്തരം 4 ബങ്കുകളാണ് സ്റ്റേഷനിലുള്ളത്. നവീകരണം പൂർത്തിയാകുന്നതോടെ പുതിയ ഭക്ഷണശാലയ്ക്കുള്ള സ്ഥലവും സ്റ്റേഷനിൽ തയാറാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
2023 സെപ്റ്റംബറിലാണ് തിരൂരിനെയും പരപ്പനങ്ങാടിയെയും ഈറ്റ് റൈറ്റ് സ്റ്റേഷനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഇതിനുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ആലുവ, അങ്കമാലി, വർക്കല, കരുനാഗപ്പള്ളി, ആലപ്പുഴ, പാലക്കാട്, ചങ്ങനാശ്ശേരി, വടകര, ചെങ്ങന്നൂർ, ഷൊർണൂർ, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട്, കായംകുളം, ചേർത്തല, പുനലൂർ, ഗുരുവായൂർ, കൊട്ടാരക്കര, കൊയിലാണ്ടി എന്നീ സ്റ്റേഷനുകൾക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്.