
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം വണ്ടൂരിൽ തെരുവു കീഴടക്കി നായ്ക്കൾ; കടിയേൽക്കാതെ എങ്ങനെ രക്ഷപ്പെടുമെന്ന ആശങ്കയിൽ വിദ്യാർഥികൾ
വണ്ടൂർ ∙ വിദ്യാലയങ്ങളിൽ ആരോഗ്യ ഉദ്യോഗസ്ഥർ പേവിഷബാധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുമ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കാതെ എങ്ങനെ രക്ഷപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. നാടെങ്ങും തെരുവുനായ്ക്കൾ പെരുകുന്നു. വണ്ടൂരിലെ പ്രധാന വിദ്യാലയങ്ങളായ ഗവ.ഗേൾസ് എച്ച്എസ്എസിനു സമീപവും ഗവ.വിഎംസി ജിഎച്ച്എസ്എസിനു സമീപവും ശല്യമുണ്ട്. റോഡിൽ തെരുവുനായ്ക്കളുടെ കൂട്ടത്തിനിടയിലൂടെ വേണം വിദ്യാർഥികൾക്കു നടന്നു പോകാൻ. കുട്ടികളുടെ പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയെത്തുന്നതും പതിവായിരിക്കുകയാണ്. മാർക്കറ്റ് റോഡിലും ഇരു ബസ് സ്റ്റാൻഡുകളിലും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലുമെല്ലാം നായ്ക്കൾ കൂട്ടമായി വിഹരിക്കുകയാണ്.
അടുത്തിടെ സംസ്ഥാനത്തു നായ്ക്കളുടെ കടിയേറ്റ കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയുണ്ടായി. മരണവുമുണ്ടായി. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീർ കണ്ടിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. തെരുവുനായ്ക്കൾ പെരുകുന്നതു തടയാൻ കാര്യമായ നടപടിയില്ല. സാങ്കേതിക പ്രശ്നങ്ങളാണു തടസ്സമായി പറയുന്നത്. ചില പഞ്ചായത്തുകളിൽ നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് എടുത്തു വിട്ടയച്ചിരുന്നു. ഇത് അങ്ങാടികളിൽ മാത്രമായി ഒതുങ്ങി. നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു നടത്തിയ എബിസി പദ്ധതിയും പ്രഹസനമായി.