
നിപ്പ: മലപ്പുറത്തെ 4 പഞ്ചായത്തുകളുടെ ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ നിപ്പയുമായി ബന്ധപ്പെട്ടു ജില്ലയിലെ നാലു പഞ്ചായത്തുകളുടെ ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി കലക്ടർ പ്രഖ്യാപിച്ചു.മക്കരപ്പറമ്പിലെ 13 വാർഡുകൾ, കൂട്ടിലങ്ങാടിയിലെ രണ്ടു വാർഡുകൾ, മങ്കടയിലെ ഒരു വാർഡ്, കുറുവയിലെ നാലു വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്. ഇവിടെ പ്രത്യേക നിയന്ത്രണങ്ങളും ജില്ലയിലാകെ പൊതുനിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾ
∙ മക്കരപ്പറമ്പ് പഞ്ചായത്ത് – 1 മുതൽ 13 വരെ വാർഡുകൾ
∙ കൂട്ടിലങ്ങാടി– വാർഡ് 15 (കടുങ്ങൂത്ത്), 11 (പെരുന്താറ്റിരി)
∙ മങ്കട – വാർഡ് 14 (കർക്കടകം)
∙ കുറുവ– വാർഡ് 2 (കുറുവ), 3 (സമൂസപ്പടി), 5 (നെച്ചിക്കുത്ത് പറമ്പ്), 6 (കരിഞ്ചാപ്പാടി)
പ്രത്യേക നിയന്ത്രണങ്ങൾ
∙ പൊതുജനം കൂട്ടംകൂടരുത്
∙ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ. മെഡിക്കൽ സ്റ്റോറുകൾക്കു ബാധകമല്ല.
∙ പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , മദ്രസ, അങ്കണവാടി എന്നിവയ്ക്ക് അവധി
ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ
∙ കൂട്ടംകൂടുന്നതു പരമാവധി ഒഴിവാക്കണം
∙ പുറത്തിറങ്ങുമ്പോഴും കൂടിച്ചേരലുകളുണ്ടാകുമ്പോഴും മാസ്ക് നിർബന്ധം
∙ ട്യൂഷൻ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കണം
∙ കല്യാണം, മരണം, ആഘോഷങ്ങൾ എന്നിവയിൽ കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കുക, സാമൂഹിക അകലം പാലിക്കുക.
∙ പനി, ഛർദി പോലുള്ള രോഗലക്ഷണങ്ങളുണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കുക, റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർമാരുടെ ഉപദേശം തേടുക. പകരുന്ന സാഹചര്യമുണ്ടായാൽ 0483 2734066 എന്ന നമ്പറിൽ അറിയിക്കുക.
∙ പക്ഷികൾ, വവ്വാലുകൾ, മറ്റു ജീവികൾ എന്നിവ കടിച്ചതോ വീണുകിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കരുത്. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.
∙ ഉത്സവങ്ങൾ, മേളകൾ എന്നിവയോടനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്കു മാസ്ക് ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും മാത്രം പ്രവേശനം അനുവദിക്കുക. ഇതു സംഘാടകർ ഉറപ്പുവരുത്തുക.
∙ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കുക.
ജനം ജാഗ്രത പാലിക്കണം
മലപ്പുറം∙ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയിൽ മരിച്ച 18 വയസ്സുകാരിക്കു നിപ്പ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ. രേണുക അറിയിച്ചു. കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തു ജില്ലാ സർവയലൻസ് ഓഫിസർ ഡോ.സി.ഷുബിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ദിവസം വരെ ക്വാറന്റീൻ പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ, ജില്ലാ മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൺട്രോൾ റൂം ഫോൺ: 0483 2735010, 0483 2735020