
അപകടങ്ങളിലേക്ക് വഴിതുറന്ന് റോഡുകൾ: റോഡുകളുടെ വീതിക്കുറവ് വില്ലൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി∙ നഗരത്തിൽനിന്നു വലിയകുന്ന്, കൊടുമുടി, തിരുവേഗപ്പുറ വഴി കൊപ്പത്തേക്കുള്ള പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. റോഡിന്റെ വീതിക്കുറവും മിനുസക്കൂടുതലും അപകടവളവുകളും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. വളവുകളിൽ സൂചനാബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളുമില്ലാത്തും പ്രശ്നമാണ്. കഴിഞ്ഞ ദിവസം നടുവട്ടം പപ്പടപ്പടി, കൈപ്പുറം ഭാഗങ്ങളിൽ രണ്ടു വാഹനാപകടങ്ങളാണുണ്ടായത്. പപ്പടപ്പടിയിൽ ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്കു കേടുപറ്റി.
ഇടിച്ചു തകർന്ന നിലയിൽ.
കൈപ്പുറത്തു നിർത്തിയിട്ട മിനിലോറിയിൽ മറ്റൊരു ലോറി ഇടിച്ചാണു രണ്ടാമത്തെ അപകടം. മൂന്നു പേർക്കു പരുക്കേറ്റു. വളാഞ്ചേരി–കൊപ്പം റോഡ്, മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. ഒന്നാന്തിപ്പടിയും പപ്പടപ്പടിയും സ്ഥിരം അപകടകേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ കാറിടിച്ചു മരിച്ച സംഭവവും ഇവിടെയുണ്ടായി. നഗരത്തിൽനിന്നു തിരുവേഗപ്പുറ പാലം വരെയുള്ള ഭാഗം മലപ്പുറം ജില്ലയിലും പാലം കടന്നാൽ തുടർഭാഗം പാലക്കാട് ജില്ലയിലും ഉൾപ്പെടുന്നു.
കോട്ടപ്പുറം, കൊടുമുടി വളവ് ഭാഗങ്ങളാണു ജില്ലാ മേഖലയിലെ പ്രധാന അപകടകേന്ദ്രങ്ങൾ. കോട്ടപ്പുറം പള്ളിക്കു സമീപം റോഡിൽ മാസങ്ങൾക്കു മുൻപ്, വാഹനം ഇടിച്ചു സ്ത്രീ മരിച്ചിരുന്നു. വലിയകുന്ന് ജംക്ഷനിലും ഇടയ്ക്കിടെ അപകടങ്ങൾ പതിവാണ്. ആഴ്ചകൾക്കു മുൻപ്, തിരക്കേറിയ കവലയിൽ നിയന്ത്രണം വിട്ടു കാർ കീഴ്മേൽ മറിഞ്ഞുണ്ടായ അപകടത്തിൽ അങ്ങാടിയിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരുവേഗപ്പുറ മൂച്ചിത്തറ, നെടുങ്ങോട്ടൂർ റോഡ് ഭാഗങ്ങളും അപകടകേന്ദ്രങ്ങളാണ്. അപകട നിവാരണ സംവിധാനങ്ങൾ നിർമിക്കാൻ നടപടികളുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും എന്നു നടപ്പാകുമെന്നു പറയാനാകുന്നില്ല.
അപകടങ്ങൾ ആവർത്തിച്ച് വട്ടപ്പറമ്പ്–കീഴ്മുറി റോഡിലെ വളവ്
കോട്ടയ്ക്കൽ∙ മാറാക്കര പഞ്ചായത്തിലെ വട്ടപ്പറമ്പ്–കീഴ്മുറി റോഡിലെ വളവ് അപകടമേഖലയാകുന്നു. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചശേഷം കിണറ്റിലേക്കു മറിഞ്ഞു രണ്ടു പേർ മരിച്ചിരുന്നു. ഇവിടെ സ്ഥിരമായി അപകടം നടക്കുന്നതായി നാട്ടുകാർ പറയുന്നു. വട്ടപ്പറമ്പിൽനിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ ചെറിയ വളവിൽ എത്തുമ്പോൾ മതിലിൽ ഇടിക്കുന്നതു പതിവാണ്. വളവിനു വീതി കുറവാണ്. അപകടമേഖലയാണെന്നു കാണിക്കുന്ന സൂചനാ ബോർഡോ മറ്റോ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ വേഗത്തടയും ആവശ്യമാണ്. മതിലിൽ ഇടിച്ചു സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കു വാഹനങ്ങൾ കടക്കുന്നത് ഒഴിവാക്കാൻ സുരക്ഷാവേലിയും പണിയണം. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.