
വീട്ടുപടിക്കൽ മൃഗചികിത്സ: കൂടുതൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടപ്പാൾ∙ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ആശ്വാസമായി, അവരുടെ വീട്ടുപടിക്കൽ മൃഗചികിത്സ ലഭ്യമാക്കുന്നതിനായി കൂടുതൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ എത്തി. ജില്ലയ്ക്കു നാലു മൊബൈൽ യൂണിറ്റുകളും ഒരു സർജറി യൂണിറ്റുമാണ് അനുവദിച്ചത്. രണ്ടു വർഷം മുൻപ്, സംസ്ഥാനത്തെ തിരഞ്ഞെടുത്ത 29 ബ്ലോക്കുകളിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ സഹായത്തോടെ സംസ്ഥാന ഫണ്ട്കൂടി വിനിയോഗിച്ചു സംവിധാനം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഈ പദ്ധതി ഏറെ പ്രയോജനകരമാണെന്നു ബോധ്യപ്പെട്ടതോടെയാണു സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിച്ചിരിക്കുന്നത്.
1962 എന്ന ടോൾഫ്രീ നമ്പറിൽ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണു മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കർഷകന്റെ വീട്ടുപടിക്കൽ സാധ്യമാക്കുന്നത്. 14.85 കോടി രൂപ ചെലവഴിച്ചു സംസ്ഥാനത്തെ 127 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകളും 12 ജില്ലകളിൽ മൊബൈൽ സർജറി യൂണിറ്റുകളും സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. ആദ്യ ഘട്ടമായി 3.11 കോടി രൂപ ചെലവിട്ട് 47 ബ്ലോക്കുകളിൽ സ്ഥാപിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെയും 12 ജില്ലാ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മൊബൈൽ സർജറി യൂണിറ്റുകളുടെയും പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചു.
ടോൾഫ്രീ നമ്പറിലൂടെ കർഷകൻ മൃഗചികിത്സ സേവനത്തിനായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കോൾ സെന്ററിലേക്കു വിളിക്കുമ്പോൾ, കർഷകന്റെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലെ ഡോക്ടറുമായി കർഷകന്റെ കോൾ കണക്ട് ചെയ്യും. വിവരങ്ങൾ ആരാഞ്ഞ് കർഷകന്റെ വീട്ടുപടിക്കൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് എത്തി സേവനം നൽകുന്ന രീതിയിലാണു പദ്ധതി. വൈകിട്ട് ആറു മുതൽ അടുത്ത ദിവസം രാവിലെ ആറു വരെയാണു പ്രവർത്തനസമയം. പുതിയതായി ആരംഭിക്കുന്ന 12 മൊബൈൽ സർജറി യൂണിറ്റുകൾ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലാണു സ്ഥാപിക്കുന്നത്.