
പറമ്പിൽ തള്ളിയ ഭക്ഷണാവശിഷ്ടം തെരുവുനായ്ക്കൾ ഭക്ഷിച്ചു; 2 പേർക്കെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവള്ളൂർ∙ ഗൃഹപ്രവേശച്ചടങ്ങിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പരിസരത്തെ ആളൊഴിഞ്ഞ പറമ്പിൽ തള്ളിയതു തെരുവുനായ്ക്കളെത്തി ഭക്ഷിച്ച സംഭവത്തിൽ രണ്ടു പേർക്ക് എതിരെ ആരോഗ്യവകുപ്പിന്റെ കേസ്. പറമ്പിലെ കുറ്റിക്കാടുകൾ വെട്ടാത്തതു നായ്ക്കൾക്കു താവളമൊരുക്കാൻ സഹായകമായതും കുറ്റമായി ചുമത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധ്യപ്പെട്ടതനുസരിച്ചു സ്വമേധയാ കേസെടുക്കുകയായിരുന്നു.കുറ്റപത്രം ഇന്നു പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ നൽകുമെന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെടർ ലൈജു ഇഗ്നേഷ്യസ് പറഞ്ഞു.കരുവാൻ തടം മേഖലയിൽ ഒരു കുട്ടിയെ തെരുവുനായ ഓടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടർന്നാണു കേസ്. കുട്ടി വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് റാസിയുടെ നിർദേശാനുസരണം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നായ്ക്കൾ ഭക്ഷണാവശിഷ്ടം ഭക്ഷിക്കുന്നതു ശ്രദ്ധയിൽപെടുകയായിരുന്നു.നായ അടക്കം അക്രമസ്വഭാവമുള്ള മൃഗങ്ങൾക്കു ഭക്ഷണസൗകര്യമോ താവളമോ ഒരുക്കുന്നതു പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവും ആണെന്നതു കണക്കിലെടുത്താണു കേസെന്നും അധികൃതർ പറഞ്ഞു.5,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. നായ്ക്കൾക്കും കുറുനരികൾക്കും താവളമാക്കാൻ പാകത്തിൽ പറമ്പുകൾ കാടു മൂടിക്കിടക്കരുത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാനും പാടില്ലെന്ന് അധികൃതർ പറഞ്ഞു.അതേസമയം, പെരുവള്ളൂരിൽ തെരുവുനായ്ക്കൾക്കു പേവിഷ പ്രതിരോധ വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസം 47 നായ്ക്കൾക്കു വാക്സീൻ നൽകി.