
നീലഗിരി യാത്രയ്ക്ക് ഇ–പാസ്: ജൂൺ 30 വരെ ദിവസേന 6000 വാഹനങ്ങൾക്കു മാത്രം പ്രവേശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ ∙ ഇ–പാസിനെതിരെ നീലഗിരിയിൽ ഹർത്താൽ നടക്കുന്നതിനിടെ ഇന്നലെ പാസുകൾ ഉച്ചയോടെ തീർന്നതായി അധികൃതർ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ ദിവസേന 6000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാർഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങൾ കടന്നുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എത്തിയ പലർക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവർക്ക് ഇ–പാസ് ലഭിച്ച ശേഷമാണു ചെക്പോസ്റ്റ് കടത്തിവിട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന നാടുകാണിയിലും ഒട്ടേറെ വാഹനങ്ങൾ എത്തി. കണ്ണൂർ, വയനാട് അതിർത്തിയായ പാട്ടവയൽ, കർണാടക അതിർത്തിയായ കക്കനല്ല എന്നിവിടങ്ങളിലും സാമാന്യം തിരക്കുണ്ടായിരുന്നു. ഇവകൂടാതെ നീലഗിരിയിലേക്കുള്ള 8 ചെക്പോസ്റ്റുകളിൽകൂടി പരിശോധന നടത്തുന്നുണ്ട്. കൊടൈക്കനാലിലും ഇ–പാസിനെതിരെ വ്യാപാരികൾ പ്രതിഷേധിക്കുന്നുണ്ട്.
നീലഗിരിയിൽ ഹർത്താലുമായി വ്യാപാരികൾ
എടക്കര ∙ ഊട്ടി സന്ദർശനത്തിനു സഞ്ചാരികൾക്ക് ഇ– പാസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ നീലഗിരിയിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഊട്ടി, ഗൂഡല്ലൂർ, പന്തല്ലൂർ, നാടുകാണി ഉൾപ്പെടെയുള്ള ടൗണുകളിലെ കച്ചവട സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. ഹർത്താൽ മുന്നറിയിപ്പിനെ തുടർന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച്, ചുരം കയറിയെത്തിയ യാത്രക്കാർ കുറവായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബസമേതമെത്തിയ ചിലരെല്ലാം നാടുകാണിയിൽനിന്നു മടങ്ങി.
ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം പതിവുപോലെ സർവീസ് നടത്തി. ഇന്നലെ രാവിലെ ആറു മുതൽ ഇന്നു രാവിലെ ആറു വരെയാണു നീലഗിരിയിലെ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഊട്ടിയിലേക്കും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നത് കുറയാൻ ഇടയാക്കുമെന്നും ഇതു വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.