പാണക്കാട് നഗര പ്രാഥമികാരോഗ്യ കേന്ദ്രം: നഗരസഭ പണം നൽകും, സ്വന്തം കെട്ടിടം ഉയരും
പാണക്കാട് ∙ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാണക്കാട്ടെ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം കെട്ടിടമെന്ന സ്വപ്നം വൈകിയെങ്കിലും യാഥാർഥ്യത്തിലേക്ക്. കെട്ടിടവും ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ മലപ്പുറം നഗരസഭയുടെ 2025–26 വാർഷിക പദ്ധതിയിൽ നീക്കിവച്ച 2.1 കോടി രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ നടപടി പൂർത്തിയായി.
ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡാണു കരാർ ഏറ്റെടുത്തിരിക്കുന്നത്. പാണക്കാട് തോണിക്കടവിലെ വാടകക്കെട്ടിടത്തിലാണ് 10 വർഷത്തോളമായി നഗര പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമല്ലാതിരുന്ന ഹെൽത്ത് സെന്ററിന് 2023 ജൂണിലാണു പാണക്കാട് തങ്ങൾ കുടുംബം എടായിപ്പാലത്ത് 15 സെന്റ് സ്ഥലം വിട്ടുനൽകിയത്.
സ്ഥലം ലഭ്യമായെങ്കിലും ഫണ്ട് ലഭ്യമായില്ല. കെട്ടിടം നിർമിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ 1.43 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കിട്ടിയില്ല.
തുടർന്നാണു നഗരസഭ ഈ വർഷത്തെ പദ്ധതിയിൽ തുക വകയിരുത്തിയത്. ദിവസവും രാവിലെയും വൈകിട്ടുമായി നൂറിലധികം രോഗികളെത്തുന്ന ആരോഗ്യകേന്ദ്രമാണിത്.
പാണക്കാട്, ഊരകം, കാരാത്തോട്, വെളിയോട്, തൊടുത്തുപറമ്പ്, മറ്റത്തൂർ, പട്ടർക്കടവ് ഭാഗങ്ങളിൽനിന്നുള്ള രോഗികൾ ആശ്രയിക്കുന്ന കേന്ദ്രം കൂടിയാണിത്. വാടകക്കെട്ടിടത്തിൽ 4 മുറികളിലാണു നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
3 നിലയും ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും അടങ്ങിയ കെട്ടിടം നിർമിക്കാനാണ് നഗരസഭ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഇതിൽ ആദ്യഘട്ട
പ്രവൃത്തികളാണു നിലവിലെ ഫണ്ട് കൊണ്ടു നടത്തുക. ഒപി, ഫാർമസി, ലാബ്, ഒന്നാം നില, ചുറ്റുമതിൽ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും.
ഇതു പൂർത്തിയാകുന്നതോടെ ആശുപത്രി ഇങ്ങോട്ടു മാറ്റാനാകും. മലപ്പുറം– വേങ്ങര റോഡിലെ എടായിപ്പാലത്തു റോഡരികിലാണ് കെട്ടിടം നിർമിക്കുന്നത്.
“സ്വന്തം കെട്ടിടം നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. എഫ്ഐടി ലിമിറ്റഡിനു കരാർ നൽകാൻ കൗൺസിൽ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
വേഗത്തിൽ പ്രവൃത്തികൾ ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ വാടകക്കെട്ടിടത്തിൽനിന്ന് ഇങ്ങോട്ടു മാറാനാകും.”
മുജീബ് കാടേരി, (മലപ്പുറം നഗരസഭാധ്യക്ഷൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]