
വ്രതപുണ്യമൊഴുകിയ മധുരപ്പെരുന്നാൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ വ്രതശുദ്ധിയുടെ നിറവിൽ നാട് ചെറിയ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ നമസ്കാരത്തിനായി ഇന്നലെ പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികളുടെ തിരക്കായിരുന്നു. പുലർച്ചെ തന്നെ പള്ളി മിനാരങ്ങളിൽനിന്ന് തക്ബീർ ധ്വനികൾ മുഴങ്ങി. നന്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കുകൊണ്ടു. സഹജീവികളോടു സ്നേഹവും കരുതലും തുടരാനും ദാനധർമങ്ങൾ വർധിപ്പിക്കാനും ഇമാമുമാർ പെരുന്നാൾ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
കുടുംബാംഗങ്ങളുടെ കബർ സിയാറത്തും നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തശേഷമാണ് ജില്ലയിലെ ഭൂരിപക്ഷം പള്ളികളിൽ നിന്നും വിശ്വാസികൾ മടങ്ങിയത്. ഇതര മതസ്ഥർക്കുകൂടി പെരുന്നാൾ കിറ്റുകൾ നൽകി സാഹോദര്യത്തിന്റെ വലിയ മാതൃക പിന്തുടരാനും വിശ്വാസികൾ പ്രത്യേകം ശ്രദ്ധ കാണിച്ചു. പെരുന്നാൾ ആഹ്ലാദം പങ്കുവച്ച് ജില്ലയിൽ പലയിടത്തും ജനകീയ കൂട്ടായ്മയിൽ മധുരവിതരണവുമുണ്ടായി. വിനോദത്തിനും കുടുംബവീടുകൾ സന്ദർശിക്കാനും വിശ്വാസികൾ സമയം കണ്ടെത്തി.
അനുഗ്രഹീതമായ നോമ്പിന്റെ മാസത്തിൽ പഠിച്ച ക്ഷമ, അനുകമ്പ, ആത്മനിയന്ത്രണം തുടങ്ങിയവയോടൊത്തുള്ള പുതുജീവിതത്തിന്റെ തുടക്കമാണ് ഈദ് എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്നവരെ പ്രാർഥനകളിൽ ഓർക്കേണ്ടതുണ്ടെന്നും അവരിലേക്ക് ആശ്വാസത്തിന്റെ കരങ്ങൾ നീളണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. മലപ്പുറം വലിയങ്ങാടി ശുഹദാ ജുമാമസ്ജിദിൽ മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകി.