
മലപ്പുറം/കോഴിക്കോട് ∙ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കെ.എം.കെ.വെളളയിൽ (കാരക്കുന്നുന്മേൽ മൊയ്തീൻ കോയ – 78) അന്തരിച്ചു. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ അദ്ദേഹം ഭാര്യ ആയിഷക്കും മക്കൾക്കുമൊപ്പം കോട്ടയ്ക്കൽ ആട്ടീരയിലായിരുന്നു താമസം.
അരനൂറ്റാണ്ടിലേറെക്കാലത്തെ മാപ്പിളപ്പാട്ടു പാരമ്പര്യമുളള കെ.എം.കെ. വെള്ളയിൽ ഈ രംഗത്തെ പ്രശസ്തരായ വി.എം.കുട്ടി, എരഞ്ഞൊളി മൂസ തുടങ്ങിയവരുടെ സമകാലികനാണ്.
ആകാശവാണിയുടെ ജൂനിയർ ആർട്ടിസ്റ്റായും തിളങ്ങി. ടിവി ഷോകളിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്നു.
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്. ഗ്രാമഫോൺ റെക്കോർഡുകളിലൂടെയും പിന്നീട് കസെറ്റ്, സിഡി തുടങ്ങിയവയിലൂടെയും നാട്ടിലും പ്രവാസികൾക്കിടയിലും ഏറെ പ്രിയങ്കരമായ നിരവധി പാട്ടുകൾക്ക് ശബ്ദം പകർന്ന കലാകാരനാണ്.
‘കെഎംകെ ടീം’ എന്ന പേരിൽ മലബാറിൽ ഉടനീളം മാപ്പിളപ്പാട്ട്, നാടകം, ഒപ്പന എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ‘പോരിശ’, ‘ഇണക്കിളി’, ‘പുതുമാരൻ’ എന്നീ കസെറ്റുകളും സിഡികളും ഏറെ പ്രശസ്തമാണ്. കണ്ണൂർ രാജൻ, കോഴിക്കോട് അബൂബക്കർ, തിരൂർ ഷാ, ചാന്ദ് പാഷ തുടങ്ങിയ സംഗീത സംവിധായകരുടെയെല്ലാം പ്രിയ പാട്ടുകാരൻ എന്ന നിലയിലും ശ്രദ്ധേയനായി.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് കെ.എം.കെ. വെള്ളയിലിന്റെ ജനനമെന്ന പ്രത്യേകതയുണ്ട്.
കൊടുവള്ളി കാരക്കുന്നുമ്മൽ ഹസ്സന്റേയും എടപ്പാൾ ഇല്ലത്ത് വളപ്പിൽ കദിയക്കുട്ടിയുടേയും എട്ടുമക്കളിൽ ഒരാളായ അദ്ദേഹം ഉമ്മയിൽ നിന്നും സഹോദരിമാരിൽ നിന്നും കേട്ട അറബി മലയാളം കലർന്ന സബീനപ്പാട്ടുകളിൽ നിന്നാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തെത്തുന്നത്.
വെള്ളയിൽ യുപി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ പാടിയത്. ‘അമ്മോശൻ കാക്കാ നിങ്ങളെ തിരുമോളെ പൊറുപ്പിച്ചൂട…’, ‘അമ്പുറ്റൊരു മലയാളം പെറ്റുള്ള ഇമ്പമാം മാപ്പിള വീരരേ… ’, ‘മദം പൊട്ടി നടക്കണ്ട മരണത്തെ മറക്കണ്ട….
’, ‘വെളിയങ്കോട്ടന്നൂരിലെ വീട്ടിലെ മാനത്ത്… ’ തുടങ്ങി നിരവധി ഗാനങ്ങളാണ് കെഎംകെ യുടെ ശബ്ദത്തിൽ ആസ്വാദകമനസ്സുകൾ നെഞ്ചേറ്റിയത്. ‘പുള്ളിക്കുപ്പായം’, ‘സ്വർഗ്ഗത്തിലെ നരകം’, ‘ഭ്രാന്താലയം’, ‘ജീവിതം വഴിമുട്ടി നിൽക്കുന്നു’ തുടങ്ങിയവയാണ് കെഎംകെയുടെ പ്രശസ്ത നാടകങ്ങൾ. നാലു പതിറ്റാണ്ടു മുൻപ് സംസ്ഥാന സ്കൂൾ കലോത്സവ കമ്മിറ്റിയിൽ ഒപ്പനയ്ക്ക് നിയമാവലി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
1982ൽ കൊരമ്പയിൽ ഇസ്മായിൽ ഹാജി സ്മാരക അവാർഡ്, 2011ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ്, 2004 ൽ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, യു.എ. ബീരാൻ സ്മാരക അവാർഡ്, 2020ലെ കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്, യഎഇ മാപ്പിള കലാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.
കോട്ടയ്ക്കലിലും മഞ്ചേരിയിലും കുട്ടികൾക്കായി മാപ്പിളപ്പാട്ടിൽ പരിശീലനം നൽകിവരികയായിരുന്നു. ഓൾ കേരള മാപ്പിള സംഗീത അക്കാദമി സ്ഥാപിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചവരിൽ ഒരാളാണ്.
രണ്ടു പതിറ്റാണ്ടോളമായി അക്കാദമിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സംഗീതതൽപരരായ നിർധനരായ നിരവധി കുട്ടികൾക്ക് സൗജന്യ കലാപഠനം നടത്താൻ അക്കാദമിയിലുടെ സൗകര്യമൊരുക്കി.
മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ദഫ്മുട്ട് എന്നിവയിലായി നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയാണ്. മാപ്പിളപ്പാട്ട് പഠനവും 101 മാപ്പിളപ്പാട്ടുകളും ഉൾപ്പെടുന്ന ‘പാട്ടും ജീവിതവും’ എന്ന പുസ്തകം രചിച്ചു.
മാപ്പിളപ്പാട്ട് സംഗീത അക്കാദമിക്കു കീഴിൽ മൂവായിരത്തി അഞ്ഞൂറോളം കുട്ടികളെ പാട്ടുപഠിപ്പിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയായ എം.എ.യൂസഫലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശമുള്ള കെ.എം.കെ.
വെളളയിൽ പാടിയ പാട്ട് കഴിഞ്ഞ വർഷം ശ്രദ്ധനേടിയിരുന്നു. ജസ്ല വയനാടും ഷംസു കോട്ടയ്ക്കലുമാണ് പരമ്പരാഗത ഈണത്തിൽ പുതുമയുമായെത്തിയ ഈ പാട്ടിൽ കെ.എം.കെ.
വെള്ളയിലിന് ഒപ്പം പാടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]