
തൊട്ടിൽപാലം∙ ചൂരണി, ലഡാക്ക് മേഖലയിൽ ഭീഷണിയായ കാട്ടാനക്കുട്ടി കൂട്ടിലായതോടെ ഭീതിയൊഴിഞ്ഞ് പ്രദേശവാസികൾ. ഒരു മാസമായി 2വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടി നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട്.
ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് പോകാതെ വന്ന കാട്ടാനക്കുട്ടി 7 പേരെ ആക്രമിക്കുകയും ചെയ്തു. കാർഷിക വിളകൾ നശിപ്പിച്ചു.
കഴിഞ്ഞ മാസം ലഡാക്ക് മലയിൽ ഒരു പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ കുട്ടിയാണ് ഒറ്റപ്പെട്ട് വനത്തിനുള്ളിലേക്ക് പോകാതെ ജനവാസമേഖലയിൽ ചുറ്റിപ്പറ്റി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
രണ്ടാഴ്ച മുൻപ് ചൂരണി ഭാഗത്തുനിന്നും സ്കൂട്ടിയിൽ വരികയായിരുന്ന നിടിയവളപ്പിൽ ഷീജയെയും മകനെയും കാട്ടാനക്കുട്ടി ഓടിച്ചു.
സ്കൂട്ടറിൽ നിന്നും വീണ് ഇരുവർക്കും പരുക്കേറ്റു. സ്കൂട്ടർ ആന തകർക്കുകയും ചെയ്തു.
ആനയെ കണ്ട് ഓടിയ മാനാടിയിൽ ശാന്തയ്ക്കും മകൾക്കും വീണ് പരുക്കേറ്റു. പിന്നീട് കരിങ്ങാട് ഭാഗത്ത് എത്തിയ ആനക്കുട്ടിയുടെ ആക്രമണത്തിൽ മുട്ടിച്ചിറയിൽ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കും പരുക്കേറ്റു.
ലഡാക്ക് റിസോർട്ടിലെ തൊഴിലാളിക്കും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. 3 വീടുകൾക്ക് നേരെയും കാട്ടാനക്കുട്ടിയുടെ ആക്രമണം ഉണ്ടായി.
ഉൾക്കാട്ടിലേക്ക് പോകാതെ ആനക്കുട്ടി ലഡാക്ക് ചൂരണി ,കരിങ്ങാട് ഭാഗത്ത് മാത്രം നിന്നതാണ് വനപാലക സംഘത്തിന് മയക്കുവെടി വച്ച് പിടികൂടാൻ സാധിച്ചത്.
ഇതിനിടെ ഈ മേഖലയിൽ ഉള്ള കാട്ടാനക്കൂട്ടത്തോടൊപ്പം ആനക്കുട്ടി പോകാതെ വന്നതോടെയാണ് നാട്ടുകാർ ഭീതിയിലായത്. ആൾത്താമസമില്ലാത്ത വീടുകളിലും മറ്റുമാണ് പലപ്പോഴും ആനക്കുട്ടി ഉണ്ടായിരുന്നത്.
താഴെ കരിങ്ങാട് ഭാഗത്തു നിന്നാണ് ഇന്നലെ ഉച്ചയോടെ ഡോ. ഇല്യാസ് റാവുത്തറുടെയും റേഞ്ച് ഓഫിസർ എം.എൻ.ഷഹനാസിന്റെയെും നേതൃത്വത്തിലുള്ള സംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്.
ഇതിനു ശേഷം കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കാലിൽ കയറു കൊണ്ട് കുരുക്കിട്ടാണ് ആനക്കുട്ടിയെ നടത്തിച്ച് കരിങ്ങാട് പാലക്കാട്ടുകുന്നേൽ റോഡ് അരികിൽ എത്തിച്ച് വാഹനത്തിൽ കയറ്റിയത്.
കട്ടാനയെ മയക്കുവെടിവച്ചത് അറിഞ്ഞ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, പഞ്ചായത്ത് അംഗങ്ങളായ പി.കെ.പുരുഷോത്തമൻ, മണലിൽ രമേശൻ, കെ.വി.തങ്കമണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജി.സത്യനാഥ്, റോബിൻ ജോസഫ്, റോണി മാത്യു. എ.ആർ.വിജയൻ, ടി.പി.പവിത്രൻ, എൻ.പി.ചന്ദ്രൻ,തുടങ്ങി ഒട്ടേറെപ്പേർ താഴെകരിങ്ങാട് എത്തുകയും ചെയ്തു. നാട്ടുകാർക്ക് ഭീഷണിയായ കട്ടാനക്കുട്ടിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടി റേഞ്ച് ഓഫിസ് മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു.
എംഎൽഎമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയൻ എന്നിവർ മന്ത്രി എ.കെ.ശശീന്ദ്രനെ ഫോണിൽ ബന്ധപ്പെട്ട് കാട്ടാനക്കുട്ടിയെ പിടികൂടി നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡിഎഫ്ഒ യു.ആഷിഖ് അലിയുടെ നേതൃത്വത്തിൽ ഡോ.അരുൺ സക്കറിയയും എലിഫന്റ് സ്ക്വാഡും പെരുവണ്ണാമൂഴി, താമരശ്ശേരി, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള ആർആർടി സ്ക്വാഡും തിരച്ചിലിന് എത്തി. തുടർച്ചയായി 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് ആനക്കുട്ടിയെ മയക്കുവെടി വച്ച് പിടികൂടാനായത്.
ആനക്കുട്ടിയെ പിടികൂടിയ വനപാലക സംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു. നാട്ടുകാരെ നിയന്ത്രിക്കാൻ തൊട്ടിൽപാലം ഇൻസ്പെക്ടർ പി.കെ.ജിതേഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]