
ചക്കിട്ടപാറ ∙ റോഡിന്റെ അതിർത്തി സർവേ ചെയ്ത് നിർണയിക്കാതെ ഏകപക്ഷീയമായി പ്രവൃത്തി ആരംഭിക്കാനുള്ള കരാറുകാരന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും ചേർന്ന് ടൗണിൽ മലയോര ഹൈവേ നിർമാണം പ്രവൃത്തി തടഞ്ഞു. 3 മാസം മുൻപ് റോഡിന്റെ അതിർത്തി റവന്യു സർവേ റെക്കോർഡ് പ്രകാരം നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തടഞ്ഞിരുന്നു.
പാതയുടെ സർവേ പൂർത്തീകരിക്കാതെ തന്നെ പണി തുടങ്ങാനുള്ള കരാറുകാരുടെ ശ്രമമാണ് പാളിയത്.
റോഡ് ഭൂമി അളന്നു വേർതിരിക്കാൻ 4 തവണ സ്ഥലം പരിശോധിച്ച് സർവേ നടത്തിയെങ്കിലും പാതയ്ക്ക് 4 അളവാണ് കണ്ടെത്തിയത്. ഇതോടെ വ്യാപാരികൾക്കും കെട്ടിട
ഉടമകൾക്കും ഭൂവുടമകൾക്കും പ്രശ്നമായി മാറി. ടൗണിൽ മലയോര ഹൈവേക്ക് വേണ്ട
12 മീറ്റർ വീതി കണ്ടെത്താൻ സാധിച്ചില്ല.ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും കരാറുകാരും ചേർന്ന് റോഡിന്റെ വീതി അളന്നു. ബുധനാഴ്ച പ്രവൃത്തി ആരംഭിക്കുമെന്നും അറിയിച്ചു.
ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെന്നി കാരിത്തടത്തിലിന്റെ സ്ഥാപനത്തിനു മുൻപിൽ റോഡരികിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണി ആരംഭിക്കാൻ തുടങ്ങിയപ്പോൾ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് പ്രവൃത്തി തടഞ്ഞത്.
പണി മുടങ്ങിയതോടെ ചക്കിട്ടപാറയിലെ ഒരു കടകളും തുറക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരി നേതാവിനെ ഫോണിലൂടെ ചിലർ ഭീഷണിപ്പെടുത്തുകയും ചെയ്തു. റോഡിന്റെ യഥാർഥ വീതി റവന്യു രേഖകൾ പ്രകാരം സർവേ നടത്തി കെട്ടിട ഉടമകളെയും വ്യാപാരികളെയും വിശ്വാസത്തിലെടുത്ത് ടൗണിലെ പണി നടത്തണമെന്നാണ് വ്യാപാരികൾ പറയുന്നത്.
പഞ്ചായത്തിന്റെ സമീപം മുതൽ മുസ്ലിം പള്ളി വരെയുള്ള 300 മീറ്ററോളം ദൂരത്തിലാണ് റോഡിന്റെ അതിർത്തി സംബന്ധിച്ച് തർക്കം.
ആഴ്ചകൾക്ക് മുൻപ് പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം കൂടി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ പിന്നീട് യോഗം ചേരുകയോ പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിറ്റി കൺവീനറായ റെജി കോച്ചേരി പറഞ്ഞു.
റോഡിന്റെ വീതിയുടെ കൃത്യമായ രേഖകൾ മറച്ചുവച്ച് പാത കയ്യേറിയവരെ സംരക്ഷിക്കാൻ വേണ്ടി വിവിധ സർവേ നാടകങ്ങൾ അനുവദിക്കില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇന്ന് രാവിലെ 9.30ന് വ്യാപാരികളുടെ യോഗം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് വിളിച്ചു. കെട്ടിടം, ഭൂവുടമകളുടെ യോഗം വിളിച്ചു ചേർക്കണമെന്നും റവന്യു റെക്കോർഡ് പ്രകാരം സർവേ പൂർത്തിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വ്യാപാരികൾ പ്രതിഷേധിച്ചു
ചക്കിട്ടപാറ ∙ ടൗണിലെ മലയോര ഹൈവേ പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപ് പാതയുടെ അതിർത്തി നിർണയിച്ച് സർവേ നടത്തുമെന്ന് ഉറപ്പ് പാലിക്കാതെ പ്രവൃത്തി ആരംഭിക്കാനുള്ള റോഡ് കരാറുകാരുടെ നീക്കത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് ബെന്നി കാരിത്തടത്തിൽ അധ്യക്ഷത വഹിച്ചു.
സർവകക്ഷി യോഗ തീരുമാനം ലംഘിച്ചെന്നു കോൺഗ്രസ്
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരം ടൗണിലെ മലയോര ഹൈവേ പ്രവൃത്തി നടത്താൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കെട്ടിട
ഉടമകളുടെ യോഗം വിളിക്കുമെന്ന സർവകക്ഷി തീരുമാനം നടപ്പാക്കാതെയാണ് പണി വീണ്ടും തുടങ്ങാൻ കരാറുകാർ ശ്രമിച്ചത്. പണി നടന്നില്ലെങ്കിൽ നാളെ മുതൽ കടകൾ തുറക്കാൻ അനുവദിക്കില്ലെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകൾ അംഗീകരിക്കില്ല.
കെട്ടിട ഉടമകളെയും വ്യാപാരികളെയും വിശ്വാസത്തിലെടുത്ത് പണി നടത്തണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]