ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഡ്രോണുകൾ നിർമിക്കുന്നൊരു കമ്പനി കോഴിക്കോട്ട് ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഇന്ത്യൻ സൈന്യത്തിന് അതിർത്തിയിൽ നിരീക്ഷണത്തിനുള്ള അത്യാധുനിക ഡ്രോണുകൾ നിർമിക്കുന്ന ഒരു കമ്പനിയുടെ പ്രധാന കേന്ദ്രമാണ് കോഴിക്കോട്. സോഫ്റ്റ്വെയർ നിർമാണത്തിനു പുറമേ ഡ്രോൺ നിർമാണത്തിലും മികവു തെളിയിച്ച ഐടി കമ്പനിയാണ് ഊരാളുങ്കൽ സോഫ്റ്റ്വെയർ പാർക്കിലെ ആക്ഷൻ ഫൈ.കോഴിക്കോട്ടു നിന്നു തുടങ്ങി ഇന്നു കൊച്ചിയിലും പാലക്കാടും അമേരിക്കയിലും ഓഫിസും ജീവനക്കാരുമുള്ള ആക്ഷൻ ഫൈയുടെ തുടക്കം വെറും 5 പേരിൽ നിന്ന്.
ഇന്നു നൂറ്റിയൻപതിലേറെ ജീവനക്കാരും 180 കോടിയിലേറെ മൂല്യവുമുള്ള ഐടി കമ്പനിയാണ് ആക്ഷൻ ഫൈ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ജോ കുഞ്ചെറിയ ആണ് സ്ഥാപകൻ.
ബന്ധുക്കളായ റോബിൻ സക്കറിയാസ്, ജോസഫ് പറമ്പിൽ എന്നിവർ മാനേജിങ് പാർട്ണർമാരാണ്.
25 വർഷമായി യുഎസിൽ ജോലി ചെയ്യുന്ന ജോ കുഞ്ചെറിയ അവിടെ ഒരു ഐടി കമ്പനിയിൽ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യാ ഓപ്പറേഷൻസിനായി ഇന്ത്യയിൽ ഒരു കമ്പനി തുടങ്ങാൻ ആലോചിച്ചിരിക്കെയാണ് കുന്നമംഗലം സ്വദേശിയായ രജീഷ് മനിഞ്ചേരിയെ കണ്ടുമുട്ടുന്നത്.
രജീഷിനെ അതിന്റെ ചുമതലയേൽപിച്ചു. സ്വന്തം നാട്ടിൽ സെറ്റിലാകാൻ ആഗ്രഹിച്ചിരുന്ന രജീഷാണ് കമ്പനിയുടെ പ്രവർത്തനം കോഴിക്കോട്ട് തുടങ്ങിയാലോ എന്ന ആശയം മുന്നോട്ടു വച്ചത്.
തുടക്കത്തിൽ ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ഒരു ചെറിയ സ്പേസിലായിരുന്നു ആക്ഷൻഫൈയുടെ തുടക്കം. ജനറൽ മാനേജരായ രജീഷ് അടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്.വൻകിട
കമ്പനികൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ മാനേജ് ചെയ്യാനുള്ള സോഫ്റ്റ്വെയറാണ് തുടക്കത്തിൽ വികസിപ്പിച്ചത്. റൺ മൈ ബോട്ട് എന്ന ഓട്ടമേഷൻ സോഫ്റ്റ്വെയർ വിജയമായതോട
ബിസിനസ് വളർന്നു തുടങ്ങി. ഇന്ന് അൻപതിലേറെ രാജ്യങ്ങളിലായി 180 ഉപയോക്താക്കളാണ് റൺ മൈ ബോട്ട് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്.
2019ൽ ആണ് ഡ്രോണിന്റെ പ്ലാറ്റ്ഫോം നിർമിക്കാൻ ഒരു കമ്പനി എന്ന ആശയം ഉയർന്നത്.
അമേരിക്കയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണു ഡ്രോൺ പദ്ധതി തുടങ്ങിയത്. അതിനായി 2020ൽ ആക്സെൽ ഡ്രോൺ എന്ന കമ്പനിക്കു തുടക്കമിടുകയും ചെയ്തു.
ആദ്യനാളുകളിൽ അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ഡ്രോണുകളുടെ ഫ്രെയിമുകൾ ഇറക്കുമതി ചെയ്തായിരുന്നു പ്രവർത്തനം. ഡ്രോണുകൾക്ക് ആവശ്യമായ സോഫ്റ്റ്വെയർ കോഴിക്കോട്ടെ ക്യാംപസാണു വികസിപ്പിച്ചത്.
തങ്ങളുടെ ആവശ്യങ്ങൾക്ക് ഇറക്കുമതി ഡ്രോൺ ഫ്രെയിമുകൾ പോരെന്ന തിരിച്ചറിവിലാണു സ്വന്തമായി നിർമിക്കാൻ ആക്സെൽ ഡ്രോൺ പദ്ധതി തയാറാക്കിയത്. ഇതിനായി കൊച്ചിയിൽ കാക്കനാട്ട് ഓഫിസ് തുറന്നു.
ഡ്രോണുകൾക്ക് ആവശ്യമായ ഫ്രെയിം ഡിസൈൻ ചെയ്യാനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാനുമായി ഇലക്ട്രോണിക്സ് എൻജിനീയർമാരെയും ടെക്നിഷ്യൻമാരെയുമാണ് ഇവിടേയ്ക്കു നിയോഗിച്ചത്.
പിന്നീട് ജോ കുഞ്ചെറിയയുടെ പാലക്കാട്ടെ കണ്ണമ്പ്രയിലെ കുടുംബഭൂമിയിൽ ഡ്രോൺ നിർമാണ യൂണിറ്റിനും തുടക്കമിട്ടു.ആക്സെൽ ഡ്രോണിന്റെ പ്രോഡക്ടുകളുടെ നിലവാരം തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം കരസേനയ്ക്ക് ആവശ്യമായ ഡ്രോണുകൾ നിർമിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തെർമൽ ഇമേജിങ്, നൈറ്റ് വിഷൻ തുടങ്ങിയ ഒട്ടേറെ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള ഡ്രോണുകളാണ് സൈന്യത്തിനായി നിർമിച്ചു നൽകിയത്.
സൈന്യത്തിനായി കുടുതൽ ഡ്രോണുകൾ നിർമിക്കാനുള്ള ഒരുക്കത്തിലുമാണ് ആക്സെൽ ഡ്രോൺ.
വിദ്യാർഥികൾക്ക് പ്രോജക്ടുകൾ ചെയ്യാനാവശ്യമായ ഡ്രോണുകളും ബോർഡുകളും ആക്സെൽ ഡ്രോൺ വിപണിയിലെത്തിച്ചിട്ടുണ്ട്.ഡ്രോൺ ഷോകൾക്കു വേണ്ടിയുള്ള സ്വാം ഡ്രോണുകൾ (ഡ്രോണുകൾ കൂട്ടമായി പറക്കുന്ന രീതി) അടക്കം വിവിധ തരം ഡ്രോണുകൾ നിർമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു. കെൽട്രോണുമായി ഒപ്പിട്ട
സ്ട്രാറ്റജിക് പാർട്നർഷിപ് പ്രകാരം കേരള സർക്കാരിന്റെ വകുപ്പുകൾക്കായി വിവിധ ആവശ്യങ്ങൾക്കുള്ള ഡ്രോണുകളും ഓയിൽ റിഫൈനറികളുടെയും മറ്റു തന്ത്രപരമായ സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി ആന്റി ജാമിങ് സോഫ്റ്റ്വെയറുകളും ഉപകരണങ്ങളും നിർമിക്കാനുള്ള ഒരുക്കത്തിലാണ് ആക്ഷൻഫൈയും സഹോദര സ്ഥാപനമായ ആക്സെൽ ഡ്രോണും.
കേരളത്തിലെ ഐടി ഹബ്ബുകളെക്കുറിച്ചു പറയുമ്പോൾ കൊച്ചിയിലെ ഇൻഫോപാർക്കും തിരുവനന്തപുരത്തെ ടെക്നോപാർക്കും മാത്രമാണു പലർക്കും ഓർമ വരിക. എന്നാൽ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമായി കോഴിക്കോട്ടെ ഐടി പാർക്കുകളിലും ഒട്ടേറെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.ഐടി വ്യവസായത്തിന് ഇന്നു കേരളത്തിൽ ഏറെ യോജിച്ച അന്തരീക്ഷമാണ് കോഴിക്കോട്ട്.
സർക്കാർ നിയന്ത്രണത്തിലുള്ള സൈബർ പാർക്ക്, ഊരാളുങ്കൽ സഹകരണ സംഘത്തിന്റെ യുഎൽ സൈബർ പാർക്ക്, ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാക്കഞ്ചേരി കിൻഫ്ര ഐടി പാർക്ക് എന്നിങ്ങനെ പ്രധാനമായും നാലു പാർക്കുകളിലായി അറുനൂറിലധികം ഐടി കമ്പനികളാണു കോഴിക്കോട്ട് പ്രവർത്തിക്കുന്നത്. പാർക്കുകൾക്കു പുറത്തും ഒട്ടേറെ ഐടി കമ്പനികളുണ്ട്.
കോഴിക്കോട്ടു നിന്നു സ്റ്റാർട്ടപ്പായി തുടങ്ങി പേരെടുത്ത പ്രധാനപ്പെട്ട ചില ഐടി കമ്പനികളെ പരിചയപ്പെടുത്തുന്ന പ്രതിവാര കോളം തുടങ്ങുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

