കോഴിക്കോട്∙ കഴിഞ്ഞ ചൊവ്വാഴ്ച വെള്ളിമാടുകുന്ന് എൻട്രി ഹോമിൽ (ഗേൾസ്) നിന്നു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയതിനിടെ കാണാതായ വിദ്യാർഥിനിയെ ചേവായൂർ പൊലീസ് കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. പോക്സോ അതിജീവിതയായ വിദ്യാർഥിനിയെ വീണ്ടും 2 പേർ പീഡിപ്പിച്ചതായി പൊലീസ് റിപ്പോർട്ട് നൽകി. കുട്ടിയെ പൊലീസ് കണ്ടെത്തി ഹാജരാക്കുന്നതിൽ കാലതാമസം വരുത്തിയതിനും, കണ്ടെത്തിയ ശേഷം നടപടിക്രമങ്ങൾ സിഡബ്ല്യുസിയെ അറിയിക്കാത്തതിനും വിശദീകരണം നൽകാനും ചേവായൂർ പൊലീസിനു സിഡബ്ല്യുസി ചെയർമാൻ നോട്ടിസ് നൽകി.
ഒരു മാസമായി എൻട്രി ഹോമിൽ താമസിക്കുന്ന 17 കാരിക്ക് സിഡബ്ല്യുസിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ വിദ്യാലയത്തിൽ പ്രവേശനം നൽകിയത്.
ചൊവ്വാഴ്ച വിദ്യാലയത്തിലേക്ക് പോയ കുട്ടി അവിടെ എത്താതിരുന്നതോടെ സ്കൂൾ അധികൃതർ സിഡബ്ല്യുസിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി ചേവായൂർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രി 8.50ന് കുട്ടിയെ നഗരത്തിൽ നിന്നു പൊലീസ് കണ്ടെത്തി. കുട്ടിയുമായി സംസാരിച്ചപ്പോൾ നഗരത്തിൽ രണ്ടിടത്തു നിന്നു കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പൊലീസിനു വിവരം ലഭിച്ചു.
തുടർന്ന് ചേവായൂർ ഇൻസ്പെക്ടർ ടി.മഹേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഉടനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.
ശേഷം രാത്രി സ്റ്റേഷനിൽ എത്തിച്ചു. വിവരം അറിഞ്ഞു കുട്ടിയുടെ അമ്മയും സ്റ്റേഷനിലെത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ട് സിഡബ്ല്യുസിക്ക് മുന്നിൽ കുട്ടിയെ ഹാജരാക്കി. സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം കുട്ടിയെ പിന്നീട് വെള്ളിമാടുകുന്ന് എൻട്രി ഹോമിൽ താമസിപ്പിച്ചു.എന്നാൽ ചൊവ്വാഴ്ച രാത്രി കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസ് അറിയിച്ചില്ലെന്നാണ് സിഡബ്ല്യുസി ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തേ ലൈംഗികാതിക്രമത്തിനു വിധേയയായ കുട്ടിയെ ഡിഎൻഎ പരിശോധന നടത്തുന്നതിനും, നേരത്തെ നടന്ന കേസിൽ വെള്ളയിൽ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലുമാണ് സുരക്ഷയുടെ ഭാഗമായി കുട്ടിയെ എൻട്രി ഹോമിൽ പാർപ്പിച്ചതെന്ന് സിഡബ്ല്യുസി ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയെ വിട്ടുകിട്ടാൻ അമ്മ പലതവണ ആവശ്യം ഉന്നയിച്ചെങ്കിലും,കുട്ടിയെ അമ്മയ്ക്കൊപ്പം വിടരുതെന്നു കുട്ടിയുടെ സംരക്ഷണത്തിനായുള്ള കാവൽ പ്ലസ് എന്ന എൻജിഒ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സിഡബ്ല്യുസി പറഞ്ഞു. കുട്ടിയുടെ സംരക്ഷണത്തിന് സപ്പോർട്ട് പഴ്സനെയും നിയമിച്ചിട്ടുണ്ട്.
ഇത്രയും സംവിധാനം നിലനിൽക്കെ പൊലീസ് കണ്ടെത്തിയ വിവരം കൈമാറാത്ത സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടതെന്ന് ചെയർമാൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

