കോഴിക്കോട് ∙ ‘വീര വിരാട കുമാര വിഭോ’ പാടി രണ്ടു ചുവട് തിരുവാതിരക്കളി കളിക്കാതെ ഓണം ആഘോഷമാവില്ല.
തനി കേരളീയ നൃത്തരൂപമായ തിരുവാതിരക്കളി ഇന്ന് വീടുകളിൽ കളിക്കാറില്ലെങ്കിലും നാട്ടിലെങ്ങും താരമാണ്. 150 വിദ്യാർഥിനികളും 12 അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയാണ് ഇന്നലെ നടക്കാവ് ഹോളി ക്രോസ് കോളജിൽ നടന്നത്.
ഓണാഘോഷം കളറാവാൻ മറ്റെന്താണ് വേണ്ടത്. കോളജിന്റെ ബാസ്കറ്റ്ബോൾ കോർട്ടിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
വടംവലി, ഉറിയടി മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. എന്നാൽ മെഗാ തിരുവാതിരയായിരുന്നു പ്രധാന ആകർഷണം.
സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനായ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലും ഇന്നലെ ‘കാക്കിയോണം’ കളറോണമായി.
വനിതാ എസ്ഐ കെ.കെ.തുളസിയും വനിതാ പൊലീസ് സംഘവും സിറ്റിയിലെ വനിത പൊലീസുകാർക്കായി തിരുവാതിരക്കളി ഒരുക്കിയിരുന്നു. ഓണ ഊഞ്ഞാലിലാടി തിരുവാതിരകളിച്ച് ഓണസദ്യയുണ്ടായിരുന്നു പൊലീസിന്റെയും ഓണാഘോഷം.
ജില്ലയിലെ പ്രധാന സ്കൂളുകളിലും കോളജുകളിലും ഇന്നലെയായിരുന്നു ഓണാഘോഷം.
പൂക്കളമത്സരം നാളെ
കോഴിക്കോട് ∙ സർക്കാരിന്റെ മാവേലിക്കസ് 2025 ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ പൂക്കളമത്സരം നാളെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. നഗരത്തിലെ 7 കേന്ദ്രങ്ങളിലാണ് വേദികൾ.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി റജിസ്ട്രേഷൻ വേണ്ട. മത്സരദിവസം രാവിലെ 8 മുതൽ 9 വരെ അതത് സെന്ററുകളിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്യാം.
കുടുംബശ്രീ മിഷൻ ടീം പൂക്കളമത്സരത്തിനുള്ള വേദി കാരപ്പറമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ മീഞ്ചന്ത രാമകൃഷ്ണ മിഷൻ എച്ച്എസ്എസ്സിലെ വേദിയിൽ പൂക്കളമൊരുക്കും. ഇൻക്ലൂസീവ് വിഭാഗം ഈസ്റ്റ് നടക്കാവ് ഗവ എൽപി സ്കൂളിലും നടക്കും.
ഇതര വിഭാഗവും സംഘാടക സമിതിയും ഒരുക്കുന്ന മെഗാ പൂക്കളവും നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
റസിഡന്റ്സ് അസോസിയേഷനുകളുടെ മത്സരം മാനാഞ്ചിറ ഗവ. മോഡൽ എച്ച്എസ്എസ്സിലാണ്.
ഹയർ എജ്യുക്കേഷൻ, ആർട്സ് ആൻഡ് കൾച്ചറൽ, ഐടി സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളുടെ വേദി മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂളിലാണ്. ജില്ലാതലത്തിൽ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് 3 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.
ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവർക്ക് 10,000 രൂപ വീതം ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]