ന്യൂഡൽഹി/കോഴിക്കോട് ∙ മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിൽ നാഷനൽ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭ്യമാകത്തതിനെ തുടർന്ന് വഴിമുട്ടിയ മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗം കൂടി വികസിപ്പിക്കുന്നതിനായി നിർമാണാനുമതി നൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻഎച്ച്എഐ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എം.കെ.
രാഘവൻ എംപിയുടെ ഇടപെടലാണ് നിർണായക തീരുമാനത്തിന് വഴിയൊരുക്കിയത്. പാർലമെന്റിലെ മന്ത്രിയുടെ ഓഫിസിൽ ഗഡ്കരിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ച എം.കെ.
രാഘവൻ എംപി, റോഡ് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിയെ ബോധ്യപ്പെടുത്തി. എംപിയുടെ ആവശ്യം പരിഗണിച്ച് മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് ഭാഗം വികസിപ്പിക്കുന്നതിനായി എൻഒസി ഉടൻ നൽകാൻ എൻഎച്ച്എഐ ഉദ്യോഗസ്ഥർക്ക് മന്ത്രി അടിയന്തര നിർദേശം നൽകുകയായിരുന്നു.
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെയുള്ള എട്ട് കിലോമീറ്ററിൽ വിഭാവനം ചെയ്ത റോഡ് വികസന പദ്ധതി വിവിധ കാരണങ്ങളാൽ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതിൽ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നത്.
എന്നാൽ, കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ന്റെ ഭാഗമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിർമ്മാണ പ്രവൃത്തികൾക്ക് എൻഎച്ച്എഐയുടെ അനുമതി അനിവാര്യമായിരുന്നു. അനുമതി വൈകിയതോടെ, സംസ്ഥാന സർക്കാർ ആദ്യഘട്ടമെന്ന നിലയിൽ മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ വികസനത്തിന് മാത്രം തുടക്കമിടുകയും ചെയ്തു.
അനുമതി വൈകുന്നത് പദ്ധതിയുടെ പൂർത്തീകരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.കെ. രാഘവൻ എംപി കേന്ദ്രമന്ത്രിയെ സമീപിച്ചത്.
എൻഒസി ലഭിച്ചാൽ, നിലവിലുള്ള പദ്ധതിക്കൊപ്പം ഈ ഭാഗത്തെ റോഡ് വികസനവും പൂർത്തിയാക്കാൻ സാധിക്കുമെന്ന എംപിയുടെ വാദം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]