ബേപ്പൂർ∙ ട്രോളിങ് നിരോധനത്തെ തുടർന്നു ചാലിയാറിൽ നങ്കൂരമിട്ട ബോട്ടുകളിൽ ബാറ്ററി മോഷണം പതിവായത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞ 2 ആഴ്ചയ്ക്കിടയിൽ 4 ബോട്ടുകളിൽ നിന്നു 8 ബാറ്ററി കവർന്നു. ഏറ്റവും ഒടുവിൽ ബിസി റോഡ് കക്കാടത്ത് നിർത്തിയിട്ട
ബേപ്പൂർ പള്ളിക്കണ്ടി ലാലുവിന്റെ ഗുരുദക്ഷിണ ബോട്ടിലെ 2 ബാറ്ററികൾ ഇന്നലെ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കക്കാടത്ത് ക്ഷേത്രത്തിനു സമീപം നങ്കൂരമിട്ട
മുത്തപ്പൻ, അൽഫാരി, ഹംസം എന്നീ ബോട്ടുകളിൽ നിന്നു കഴിഞ്ഞ 6 ബാറ്ററികൾ കടത്തിക്കൊണ്ടുപോയി.
വീൽ ഹൗസിന്റെയും എൻജിൻ മുറിയുടെയും പുട്ട് പൊട്ടിച്ച് അകത്തു കയറിയാണ് മോഷ്ടാക്കൾ ബാറ്ററി കടത്തിയത്. ബോട്ടുടമകൾ ബേപ്പൂർ പൊലീസിൽ പരാതി നൽകി.
ട്രോളിങ് നിരോധനത്തെ തുടർന്ന് ചാലിയാറിൽ കക്കാടത്ത്, ചീർപ്പ് പാലം ഭാഗങ്ങളിൽ നൂറോളം ബോട്ടുകൾ നിർത്തിയിട്ടിട്ടുണ്ട്. ഒന്നിടവിട്ട
ദിവസങ്ങളിൽ തൊഴിലാളികൾ എത്തി എൻജിൻ സ്റ്റാർട്ട് ചെയ്യാറാണു പതിവ്. ഇന്നലെ രാവിലെ ഗുരുദക്ഷിണ ബോട്ട് സ്റ്റാർട്ടാക്കാൻ നോക്കിയപ്പോൾ എൻജിൻ പ്രവർത്തിച്ചില്ല.
പരിശോധിച്ചപ്പോഴാണ് ബാറ്ററി നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
രാത്രി തോണിയിൽ എത്തുന്ന സംഘമാണ് ബാറ്ററികൾ മോഷ്ടിക്കുന്നതെന്നു ബോട്ടുടമകൾ പറഞ്ഞു.
യന്ത്രവൽകൃത ബോട്ടുകളിൽ 4 വീതം ബാറ്ററികൾ ഉണ്ടാകും. ഓരോന്നിനും 22,000 രൂപ വിലവരും.
സിസിടിവി ക്യാമറ ഇല്ലാത്ത ഇടത്തരം ബോട്ടുകൾ പകൽ കണ്ടു വച്ചാണു മോഷണം. പെട്ടെന്നു പുതിയ ബാറ്ററി ഘടിപ്പിച്ച് എൻജിൻ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ബോട്ടുകാർക്ക് കൂടുതൽ നാശനഷ്ടം ഉണ്ടാകുമെന്ന സ്ഥിതിയാണ്.
ബാറ്ററി മോഷണം തടയാൻ ഫിഷറീസ്–മറൈൻ എൻഫോഴ്സ്മെന്റ് നിരീക്ഷണം ശക്തമാക്കണമെന്നും പൊലീസ് നടപടി വേണമെന്നും ബോട്ടുടമകൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]