
കോഴിക്കോട് ∙ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തോടെ ജയിലുകളിലെ സുരക്ഷാ വീഴ്ച ചർച്ചയാകുമ്പോൾ ജയിൽ മതിലിനോടു ചേർന്ന് കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കി ജയിൽവകുപ്പ്. കോഴിക്കോട് സബ് ജയിലിന്റെ മതിലിനോട് ചേർന്നു ജയിൽ ചട്ടങ്ങൾ പൂർണമായും ലംഘിച്ചാണു പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
സിപിഎം നേതാവിന്റെ അടുത്ത ബന്ധുവിന്റെ കമ്പനി ആയതിനാലാണു ജയിൽ ചട്ടങ്ങൾ പോലും ലംഘിച്ച് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കോഴിക്കോട് സബ് ജയിലിന്റെ മതിലിനോടു ചേർന്നാണ് ഒരറ്റം മുതൽ മറ്റേ അറ്റം വരെ പരസ്യക്കമ്പനി വലിയ ഹോർഡിങ്ങുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ ഇരുമ്പുകാലുകളും ക്ലാമ്പുകളും ബന്ധിപ്പിച്ചിരിക്കുന്നത് ജയിൽ മതിലിലാണ്.
മതിലിനു മുകളിൽ കയറിയ ഒരാൾക്ക് എളുപ്പത്തിൽ പരസ്യ ഹോർഡിങ്ങുകളിലൂടെ താഴോട്ട് ഇറങ്ങാൻ സാധിക്കുന്ന വിധത്തിലാണ് ബോർഡുകൾ നിൽക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊലപാതകക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടിയതോടെ ജയിലുകളിലെ സുരക്ഷ വീഴ്ച ചർച്ച വിഷയമായി.
ഇതോടെയാണ് കോഴിക്കോട്ടെ ജയിലിനോടു ചേർന്നു സ്ഥാപിച്ച പരസ്യബോർഡുകളും സുരക്ഷാ വീഴ്ചയ്ക്കു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുരക്ഷയെ ബാധിക്കുന്നതോ കാഴ്ച മറയുന്നതോ ആയ വസ്തുക്കളൊന്നും ജയിൽ വളപ്പിലോ മതിലിനോട് ചേർന്നോ പാടില്ലെന്നാണു ചട്ടം. ഇതു പൂർണമായും അട്ടിമറിച്ചാണ് പരസ്യ ഏജൻസിക്ക് ഹോർഡിങ്ങുകൾ സ്ഥാപിക്കാനായി വിട്ടുനൽകിയത്.
യുഡിഎഫ് ഭരണകാലത്ത് സമാന രീതിയിൽ ബോർഡുകൾ സ്ഥാപിച്ചപ്പോൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജയിൽ സൂപ്രണ്ടിനെ ഉപരോധിക്കുകയും തുടർന്ന് ബോർഡുകൾ എടുത്തുമാറ്റുകയും ചെയ്തിരുന്നു.
അന്നത്തെ ഡിവൈഎഫ്ഐ സെക്രട്ടറി ഇപ്പോൾ സിപിഎമ്മിന്റെ ജില്ലാ നേതാവാണ്. ഇയാളുടെ അടുത്ത ബന്ധുവാണ് ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന കമ്പനിയുടെ ഡയറക്ടർ.
ഇതാണു മുൻപു ബോർഡ് എടുത്തുമാറ്റാൻ സമരം ചെയ്തവർ പോലും ബോർഡ് കണ്ടില്ലെന്നു നടിക്കാൻ കാരണം.ജയിൽ വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വരുമാനത്തിനായി ഉപയോഗിക്കാമെന്ന നിർദേശം അനുസരിച്ചാണ് കോഴിക്കോടും ഇത്തരത്തിൽ പദ്ധതി നടപ്പാക്കിയതെന്നാണു ജയിൽ വകുപ്പിന്റെ വിശദീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]