
അപകടഭീഷണി: അഴിഞ്ഞിലം മേൽപാലത്തിന്റെ പ്രവേശന കവാടത്തിലെ റോഡിൽ ഡിവൈഡർ നിർമാണം തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര ∙ ദേശീയപാതയിൽ അഴിഞ്ഞിലം മേൽപാലത്തിന്റെ പ്രവേശന കവാടത്തിലെ അപകട ഭീഷണി അകറ്റാൻ നടപടി. ആറുവരിപ്പാത അറപ്പുഴ പാലത്തിലേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ മധ്യ ഭാഗത്ത് ഡിവൈഡർ സ്ഥാപിച്ചു തുടങ്ങി. മേൽപാലം പരിസരം മുതൽ 20 മീറ്റർ നീളത്തിൽ ഇന്നലെ ഡിവൈഡർ സ്ഥാപിച്ചു. മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് റോഡിനു നടുവിൽ ഡിവൈഡർ ഒരുക്കാത്തത് ഇവിടെ അപകടങ്ങൾക്ക് ഇടായാക്കിയിരുന്നു. രണ്ടാഴ്ച മുൻപ് 2 ചരക്കു ലോറികൾ ചാലിൽ ചാടിയിരുന്നു.
നടുറോഡിൽ ഡിവൈഡർ സ്ഥാപിക്കാൻ നേരത്തെ കുഴിയെടുത്തിരുന്നു. എന്നാൽ കനത്ത മഴ നിർമാണത്തിന് പ്രതിസന്ധിയായി. ഡിവൈഡറിന് ഒരുക്കിയ ചാലിൽ വെള്ളം കെട്ടി നിന്നതും അപകടസാധ്യത ഉയർത്തി. അധികൃതർ ഇടപെട്ടു താൽക്കാലികമായി വീപ്പകൾ സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽ പെട്ടതോടെയാണ് ദേശീയപാത കരാർ കമ്പനി ഇടപെട്ട് റോഡിനു നടുവിൽ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത്.