ജില്ലയിലെ 2 ആശുപത്രികൾക്ക് ദേശീയ അംഗീകാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ജില്ലയിലെ 2 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മക്കട ജനകീയ ആരോഗ്യ കേന്ദ്രത്തിന് 90.35% സ്കോറോടെ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) അംഗീകാരവും കോഴിക്കോട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 93.66% സ്കോറോടെ മുസ്കാൻ അംഗീകാരവും നേടി. മികച്ച ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കാണ് ദേശീയ മുസ്കാൻ പുരസ്കാരം നൽകുന്നത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയുമാണു മുസ്കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എൻക്യുഎഎസ്, മുസ്കാൻ അംഗീകാരങ്ങൾക്ക് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.