രണ്ട് ചാക്ക് അരിയിൽ നിന്ന് 200 കോടിയിലേറെ മൂല്യമുള്ള ഐടി സംരംഭം സൃഷ്ടിച്ചവരാണ് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന നുകോർ സോഫ്റ്റ്വെയർ സൊലൂഷൻസ്. 19 വർഷമായി ട്രാവൽ ഇൻഡസ്ട്രിയിൽ ടെക്നിക്കൽ സൊലൂഷൻസ് കൊടുക്കുന്ന നുകോർ ഇന്നു ലോകത്ത് ഇത്തരം കമ്പനികളിൽ 17ാം സ്ഥാനം അലങ്കരിക്കുന്നു. എൻഐടിയിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിലെ ആദ്യ കമ്പനികളിലൊന്നായ നുകോറിന്റെ തുടക്കം അനിശ്ചിതത്വങ്ങളുടെ നടുവിൽ നിന്നായിരുന്നു.
വർഷം 2002, എൻഐടിയിലെ എംസിഎ ബാച്ചിൽ നിന്നു പഠനം പൂർത്തിയാക്കിയ മൂന്നു പേർ.
അരീക്കോട് സ്വദേശി വി.പി. സുഹൈൽ, മഞ്ചേരി സ്വദേശി മുഹമ്മദ് നിയാസ്, കോട്ടയം സ്വദേശി മോഹൻദാസ് പി.
ഉണ്ണി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേർക്കുണ്ടായ ഭീകരാക്രമണത്തെ തുടർന്നു ഐടി മേഖലയിൽ മാന്ദ്യം പെയ്തിറങ്ങിയ കാലം.
ക്യാംപസ് ഇന്റർവ്യൂകളിലൂടെ പലർക്കും ലഭിച്ച മികച്ച ജോലികൾ റദ്ദാക്കപ്പെടുന്നു. എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്താലോ എന്ന ആലോചനയിലായി അവർ.
സഹപാഠികളായ മൂന്നു പേരെയും കൂടെ കൂട്ടി.
ആദ്യത്തെ പ്രതിഫലം!
2002ൽ എൻഐടിയിൽ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ (TBI) തുടങ്ങിയപ്പോൾ ആദ്യത്തെ സംരംഭകരായി ഇവർ പ്രവർത്തനം തുടങ്ങി.
കൈവശം പണമില്ലാത്ത കാലം. രാജ്യത്തെ തന്നെ മികച്ച എൻജിനീയറിങ് കോളജിൽ പഠിച്ചിറങ്ങിയിട്ടും മക്കൾ കാര്യമായ വരുമാനമില്ലാതെ തേരാപാരാ നടക്കുന്നതു കണ്ട
മാതാപിതാക്കൾക്ക് ആശങ്കയായി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നു മൂന്നുപേർ സംരംഭം ഉപേക്ഷിച്ചു പോയെങ്കിലും സുഹൈലും നിയാസും മോഹൻദാസും പിടിച്ചുനിന്നു.
പഠനകാലത്ത് തന്നെ ഓട്ടമേഷൻ സോഫ്റ്റ്വെയർ ജോലികളിൽ പ്രാവീണ്യം പുലർത്തിയിരുന്ന അവർ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ബില്ലിങ് സോഫ്റ്റ്വെയറുകളും മറ്റും ചെയ്തുകൊടുത്തു കഷ്ടിച്ചു കഴിഞ്ഞുകൂടി.
എൻഐടിക്കു സമീപം കമ്പനിമുക്കിൽ ഒരു വീടു വാടകയ്ക്ക് എടുത്തായിരുന്നു താമസം.
കഞ്ഞിവയ്പ്പും കോഡ് എഴുത്തും ഒരുപോലെ പുരോഗമിക്കുന്നുണ്ടെങ്കിലും സംരംഭം അങ്ങ് ക്ലച്ച് പിടിക്കുന്നുണ്ടായിരുന്നില്ല. 2003ൽ വല്യങ്ങാടിയിലെ അരിക്കച്ചവടക്കാർക്ക് ഓട്ടമേഷൻ ജോലികൾ ചെയ്തതിനു പ്രതിഫലമായി രണ്ട് ചാക്ക് അരിയാണു ലഭിച്ചത്.
അതിനിടെ മോഹൻദാസിന്റെ അമ്മ, കുട്ടിയമ്മ കോട്ടയത്തു നിന്നു മക്കളെ സഹായിക്കാനെത്തി. ഭക്ഷണത്തിന്റെയും വീടു നോട്ടത്തിന്റെയും ഉത്തരവാദിത്തം കുട്ടിയമ്മ ഏറ്റെടുത്തു.
മൂന്നു മക്കൾക്കും താൻ കടന്നു വന്ന ജീവിതവഴിയിലെ കഥകൾ പറഞ്ഞു അവരെ ഉത്തേജിപ്പിച്ചു. മൂന്നു മക്കൾക്കൊപ്പം കമ്പനിയിൽ ചേർന്ന ജീവനക്കാരെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച കുട്ടിയമ്മ ഇന്ന് ‘നുകോർ കുടുംബത്തിന്റെ അമ്മ’യാണ് അറിയപ്പെടുന്നത്.
ഓപ്പൺ സോഴ്സിലെ പുലികൾ
തുടക്കത്തിൽ മൈക്രോസോഫ്റ്റ് പോലുള്ള വലിയ കമ്പനികളുടെ സോഫ്റ്റ്വെയർ ലൈസൻസ് എടുക്കാൻ പണമില്ലാത്തതുകൊണ്ട് ഓപ്പൺ സോഴ്സിലാണ് നുകോർ കോഡുകളെഴുതിയത്.
എന്നാൽ ആ പരിമിതി പിന്നീട് കരുത്തായി മാറി. ചുരുങ്ങിയ ചെലവിൽ മികച്ച സേവനം നൽകാൻ ഇതു സഹായിച്ചു. 2006ൽ ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പിനു വേണ്ടി ചെയ്ത പ്രോജക്ടാണ് നുകോറിന്റെ തലവര മാറ്റിയത്.
അവർക്കു വേണ്ടി നിർമിച്ച പ്രോട്ടോടൈപ്പ് ട്രാവൽസ് സ്വന്തമാക്കിയെങ്കിലും ട്രാവൽ ഇൻഡസ്ട്രിയിലെ വൻ സാധ്യതകൾ നുകോറിന്റെ മുന്നിൽ അതോടെ തുറന്നു. ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സങ്കീർണമായ അക്കൗണ്ടിങ് രീതികളാണ്.
ടിക്കറ്റ് ബുക്കിങ്, ക്യാൻസലേഷൻ, റീഫണ്ട്, ഐഎടിഎ (IATA) റിപ്പോർട്ടുകൾ എന്നിവ കൃത്യമായി കൈകാര്യം ചെയ്യുക എന്നത് ഏതൊരു ഏജൻസിക്കും തലവേദനയാണ്. ഇവിടെയാണ് നുകോർ വിപ്ലവം സൃഷ്ടിച്ചത്. TRAACS (Travel Agency Accounting and Control System) എന്ന പേരിൽ നുകോർ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ ട്രാവൽ ഏജൻസികൾക്ക് അവരുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിച്ചു.
സാധാരണ അക്കൗണ്ടന്റുമാർ മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ജോലികൾ നിമിഷങ്ങൾക്കുള്ളിൽ കൃത്യതയോടെ പൂർത്തിയാക്കാൻ TRAACS സാധിക്കും.
ലോകത്തെ ഏറ്റവും വലിയ ട്രാവൽ ടെക്നോളജി ദാതാക്കളായ അമാദ്യൂസുമായി (Amadeus) കൈകോർത്തതോടെ, ഗൾഫ് മേഖലയിലെ വലിയ ട്രാവൽ കമ്പനികളിലേക്ക് നുകോറിന് വഴി തുറന്നു. ഇന്ന് മിഡിൽ ഈസ്റ്റിലെ മിക്ക പ്രമുഖ ട്രാവൽ ഏജൻസികളും നുകോറിന്റെ ഉപഭോക്താക്കളാണ്.
ഖത്തർ വഴി ലോകത്തിലേക്ക്
ഇന്ത്യൻ വിപണിയെക്കാൾ മാർക്കറ്റ് വിദേശത്തുണ്ടെന്നു തിരിച്ചറിഞ്ഞ ഇവർ 2006ലാണ് ഖത്തറിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്.
മോഹൻദാസിനായിരുന്നു ഖത്തറിലെ ചുമതല.അക്കാലത്തും കുട്ടിയമ്മ സുഹൈലിന്റെയും നിയാസിന്റെയും കൂടെ കമ്പനിമുക്കിൽ തന്നെയായിരുന്നു. 2008ൽ ദോഹ ബാങ്ക് സിഐഒ ആയിരുന്ന കൃഷ്ണകുമാർ ഏഞ്ചൽ ഇൻവെസ്റ്ററായി എത്തിയതോടെയാണ് ‘കോർ സൊല്യൂഷൻസ്’ എന്ന കമ്പനി ‘നുകോർ’ ആയി പുനർനാമകരണം ചെയ്തത്. ഇൻകുബേറ്ററിലെ കാലാവധി കഴിഞ്ഞതോടെ കമ്പനിമുക്കിലെ വീട്ടിലായിരുന്നു നുകോറിന്റെ പ്രവർത്തനം.
2013ൽ കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാർക്കിലേക്കു പ്രവർത്തനം മാറ്റി.
നുകോറിൽ ജീവനക്കാരുടെ എണ്ണം വർധിച്ചതോടെ 2018ൽ ഊരാളുങ്കൽ സൈബർ പാർക്കിലേക്കു പ്രവർത്തനം മാറ്റി. ഇന്നു 200 അധികം ജീവനക്കാരും 50 രാജ്യങ്ങിലായി 1000 ഉപഭോക്താക്കളും നുകോറിനുണ്ട്. മൂന്നു വർഷത്തിനകം 6000 ഉപയോക്താക്കളെ നേടാനുള്ള ശ്രമത്തിലാണ് നുകോർ ടീം.
ഒരു പ്രത്യേക മേഖലയിൽ ശ്രദ്ധിച്ചാൽ വിജയിക്കാൻ പറ്റുമെങ്കിലും വളരാനും വളർച്ച നിലനിർത്താനും സെയിൽസ്, മാർക്കറ്റിങ് മേഖലയിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് നുകോറിന്റെ സാരഥികൾ പറയുന്നു.
പ്രതിസന്ധി കാലത്തിൽ നിയാസിന്റെ ബിസിനസുകാരനായ പിതാവ് മുഹമ്മദിന്റെ മാർഗനിർദേശങ്ങളും സുഹൈലിന്റെ പിതാവും അധ്യാപകനുമായ മുഹമ്മദലിയുടെ ഉപദേശങ്ങളും നുകോറിന്റെ വളർച്ചയിൽ നിർണായകമായിരുന്നു. എൻഡിസി അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമിലൂടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള നുഫ്ലൈറ്റ്സ് (nuFlights), എഐ സഹായത്തോടെ പ്രോജക്ട് മാനേജ്മെന്റിനും ടീം കൊളാബറേഷനും സഹായിക്കുന്ന നുഹൈവ് (nuHIVE) എന്ന പ്ലാറ്റ്ഫോമും നുകോർ സംരംഭകരുടേതായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

