കോഴിക്കോട് ∙ നാലു ജില്ലകളിലും രണ്ടു താലൂക്കിലും 450 കോളജുകളും ആറു ലക്ഷത്തിലധികം വിദ്യാർഥികളുമുള്ള കാലിക്കറ്റ് സർവകലാശാല ഓഫിസിലേക്ക് ദേശീയപാതയിൽ നിന്ന് എക്സിറ്റ്, എൻട്രി നൽകാത്തതിൽ വിമർശനമുയരുന്നു. 550 ഏക്കറിലുള്ള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ആറു ലക്ഷത്തിലധികം വിദ്യാർഥികളും കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ഗവേഷണ വിദ്യാർഥികളുമാണ് പല ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത്.
ഇവരെല്ലാം ഇവിടെയെത്താൻ ദേശീയ പാതയെ ആണ് ആശ്രയിക്കുന്നത്.
എന്നാൽ ദേശീയപാത വികസനം യൂണിവേഴ്സിറ്റിയിലേക്കുള്ള സുഗമമായ യാത്രയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സർവകലാശാലയുടെ മുൻപിൽ കൂടിയുള്ള നാഷനൽ ഹൈവേയുടെ ജോലികൾ ഏകദേശം പൂർത്തിയായപ്പോൾ തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് സർവകലാശാലയിലേക്ക് പ്രവേശിക്കാൻ വെളിമുക്കിനും പടിക്കലിനും ഇടയിലാണ് എക്സിറ്റ് നൽകിയിരിക്കുന്നത്.
അത് കഴിഞ്ഞാൽ പിന്നീട് സർവകലാശാല കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഹൈവേ എക്സിറ്റ് പോയിന്റ് മാത്രമാണുള്ളത്. ഈ രണ്ട് എക്സിറ്റ് പോയിന്റുകൾ തമ്മിലുള്ള ദൂരം ആറ് കിലോമീറ്ററാണ്.
യൂണിവേഴ്സിറ്റിയിൽ നിന്നു തിരിച്ചു പോകുന്നവർക്ക് പുതുതായി നിർമിക്കപ്പെട്ട
റോഡിലൂടെ ഹൈവേയിലേക്ക് എൻട്രി ഇല്ല. ദേശീയപാതയിലൂടെ സർവകലാശാലയിലേക്ക് വരുന്ന വാഹനങ്ങൾ ചേളാരി എൻഎച്ച് എക്സിറ്റ് പോയിന്റിൽ നിന്ന് സർവീസ് റോഡിൽ ഇറങ്ങി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ സർവകലാശാല ക്യാംപസിൽ പ്രവേശിക്കാൻ സാധിക്കൂ.
കേരളത്തിലെ പ്രധാന സർവകലാശാലയിലേക്ക് പ്രവേശിക്കാൻ സർവകലാശാല കേന്ദ്രീകരിച്ച് ഹൈവേയിൽ നിന്ന് എക്സിറ്റും എൻട്രി യും ഇല്ലാത്തത് തികച്ചും പ്രതിഷേധാർഹമാണെന്ന് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തി.
ഹൈവേ വികസനത്തിനായി ഏകദേശം 100 ഏക്കർ സ്ഥലം വിട്ടുകൊടുത്ത സർവകലാശാലയ്ക്കാണ് ഈ ദുരവസ്ഥ. കോഹിനൂർ ഭാഗത്തെ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരത്ത് എക്സിറ്റ്പോയിന്റ് അനുവദിക്കുകയാണെങ്കിൽ വിമാനത്താവളം അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകാൻ യൂണിവേഴ്സിറ്റി ഓവർ ബ്രിഡ്ജ് വഴി സാധിക്കും എന്ന ഗുണമുണ്ട്.
പൊന്നാനി മുതൽ രാമനാട്ടുകര വരെയുള്ള റീച്ചിൽ ഒന്നരകിലോമീറ്റർ ഇട വിട്ട് പ്രാധാന്യമില്ലാത്ത സഥലത്തു പോലും എക്സിറ്റ് പോയിന്റ് നൽകിയിട്ടുണ്ട്.
എന്നാൽ കാലിക്കറ്റ് സർവകലാശാല പോലെ ദിനംപ്രതി ആയിരങ്ങൾ എത്തുന്ന പ്രധാനപ്പെട്ട സ്ഥലത്തു എക്സിറ്റ് പോയിന്റ് നൽകാത്തത് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
കോഹിനൂർ ടീച്ചേഴ്സ് ഫ്ലാറ്റ് പരിസരത്ത് ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് എക്സിറ്റ്, യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൈവേയിലേക്ക് ചെട്ടിയാർമാട് ഭാഗത്തേക്ക് എൻട്രി എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ചർച്ചയിൽ സമർപ്പിച്ച നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു ഉദ്യോഗസ്ഥർ സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]