കടലുണ്ടി∙ ചാലിയം–ബേപ്പൂർ കടവിലെ ജങ്കാർ ജെട്ടി പുനരുദ്ധാരണത്തിന് 20 ലക്ഷം രൂപയുടെ പദ്ധതിയൊരുക്കി പഞ്ചായത്ത്. റോറോ സർവീസ് ഉൾപ്പെടെ നടത്താൻ അനുയോജ്യമായ വിധത്തിൽ 12 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും ജെട്ടി പുനരുദ്ധരിക്കാനാണ് പദ്ധതി.
ഇതിന്റെ ടെൻഡർ നടപടികൾ സെപ്റ്റംബർ 10ന് പൂർത്തിയാക്കും.നിലവിലെ ചരിവായുള്ള പ്രതലം നിരപ്പാക്കിയാകും ഇരു കരയിലെയും ജെട്ടി പുനർനിർമിക്കുക. റോഡ് നിരപ്പിൽ നിന്നു അനായാസം വാഹനങ്ങൾക്ക് ജങ്കാറിലേക്ക് കയറാനും ഇറങ്ങാനും സൗകര്യപ്പെടുത്തും.
ബേപ്പൂർ കരയിലെ ജെട്ടി തകർന്നതിനാൽ മൂന്നാഴ്ചയോളമായി കടവിൽ ജങ്കാർ സർവീസ് നിലച്ചിരിക്കുകയാണ്.
ജങ്കാർ ഇല്ലാത്തതിനാൽ ഇരു കരകളിലുമുള്ള നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലാണ്. ചാലിയം, ബേപ്പൂർ ഹാർബറിലേക്കുള്ള മത്സ്യത്തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര.
ഈമാസം 5 മുതലാണ് ജങ്കാർ നടത്തിപ്പ് ഏറ്റെടുത്ത ഗ്രിഫി ഗ്രൂപ്പ് സർവീസ് നിർത്തിവച്ചത്.വിവരം അറിയാതെ കടവിൽ എത്തുന്ന ഒട്ടേറെ വാഹനങ്ങൾ നിരാശരായി മടങ്ങുകയാണ്.
ജങ്കാർ ഇല്ലാത്തതിനാൽ ചാലിയത്തു നിന്നു കരുവൻതിരുത്തി, ഫറോക്ക്, ബിസി റോഡ് വഴി 8 കിലോമീറ്റർ ചുറ്റി വേണം ബേപ്പൂരിൽ എത്താൻ. 10 മിനിറ്റ് യാത്രയ്ക്ക് അര മണിക്കൂർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇരു കരയിലെയും യാത്രക്കാർ.ജങ്കാർ ഇല്ലാത്തതിനാൽ ബേപ്പൂർ, ചാലിയം ബീച്ചുകളിലേക്ക് എത്തുന്ന സഞ്ചാരികളും ഏറെ പ്രയാസത്തിലാണ്.
സർവീസ് സൗകര്യങ്ങൾക്ക് ജെട്ടി അറ്റകുറ്റപ്പണി പഞ്ചായത്തിന്റെ ചുമതലയാണ്. ബേപ്പൂർ കടവിൽ റോറോ സർവീസ് തുടങ്ങാൻ അധികൃതർക്കു പദ്ധതിയുണ്ട്.
ഇതിനു കൂടി ഉപയോഗിക്കും വിധത്തിലാണ് ജെട്ടികളുടെ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് പദ്ധതിയൊരുക്കിയത്.
കടത്തുബോട്ടിന് അനുമതി
∙ ജെട്ടി തകർച്ചയെ തുടർന്ന് അനിശ്ചിതത്വത്തിലായ ബേപ്പൂർ–ചാലിയം കടവിലെ ജങ്കാർ സർവീസിന് ബദലായി കടത്ത് ബോട്ട് സർവീസിന് അനുമതി. ജങ്കാർ സർവീസ് ലേലം ഏറ്റെടുത്ത ഗ്രിഫി ഗ്രൂപ്പിനാണ് താൽക്കാലികമായി കടത്ത് ബോട്ട് സർവീസ് നടത്താൻ പഞ്ചായത്ത് അനുമതി നൽകിയത്.
കനത്ത മഴ മാറുന്നതോടെ കടത്ത് ബോട്ട് തുടങ്ങാനാണ് ലക്ഷ്യം. വാഹനങ്ങൾക്ക് കയറാൻ കഴിയില്ലെങ്കിലും ജനങ്ങളുടെ യാത്രാ പ്രശ്നത്തിന് കടത്ത് ബോട്ട് സർവീസ് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]