കുറ്റ്യാടി∙ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖല ഭീതിയിൽ. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പട്യാട്ട്, തൊട്ടിൽപാലം, കടന്തറ പുഴകൾ കരകവിഞ്ഞു. പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി.
ചുങ്കക്കുറ്റി ഭാഗത്താണ് വൻ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ മരങ്ങളും കല്ലും മണ്ണും റോഡിലേക്ക് വീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പൊലീസും ചേർന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലെ തടസ്സം കാരണം ഗതാഗതക്കുരുക്കും രൂക്ഷമായി.
പൂതംപാറ മുതൽ എട്ടാം വളവ് വരെയും ചുങ്കക്കുറ്റി മുതൽ വയനാട് അതിർത്തി വാളാംതോട് വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ചുരം റോഡിലെ കുരുക്കിൽ പെട്ടു. കനത്ത മഴയും കോടമഞ്ഞും കാരണം ചുരം റോഡിൽ വാഹന ഗതാഗതം ദുഷ്കരമായി.
പൊലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും മണിക്കൂറുകളോളം ശ്രമിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്.ചുരം റോഡിൽ അഞ്ചാം വളവിൽ ഇന്നലെ രാത്രി 7ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. റോഡിന്റെ അരിക് വശം വരെ ഇടിഞ്ഞത് വൻ അപകട
ഭീഷണിയായിട്ടുണ്ട്. വലിയ വാഹനങ്ങൾ അരിക് കൊടുക്കുമ്പോൾ അപകടത്തിൽ പെടാനും സാധ്യതയുണ്ട്.
കല്ലാച്ചി വളയം റോഡിൽ ഗതാഗതക്കുരുക്ക്: ജനം വലഞ്ഞു
കല്ലാച്ചി∙ വളയം റോഡിൽ വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ പെരുമഴയ്ക്കിടയിൽ ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു.
ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത പരുവത്തിലുള്ള കുരുക്ക് അഴിക്കാൻ പൊലീസും നാട്ടുകാരും ഏറെ പാടുപെട്ടു. സ്വകാര്യ കൺവൻഷൻ സെന്ററിൽ വിവാഹത്തിനെത്തിയവർ റോഡിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ടതാണ് കുരുക്കിനു കാരണമായത്. വീതി കുറഞ്ഞ റോഡിൽ ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ അടക്കം കുരുക്കിൽ പെട്ടു.
നാദാപുരം മേഖലയിൽ റോഡുകളിൽ വെള്ളക്കെട്ട്
നാദാപുരം∙ അത്തം തുടങ്ങിയതു മുതൽ തുടങ്ങിയ പെരുമഴ ഇന്നലെ കനത്തതോടെ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.
സംസ്ഥാന പാതയിൽ അടക്കം തുടങ്ങിയ അറ്റകുറ്റപ്പണികളെയും മഴ ബാധിച്ചു. നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ നാദാപുരത്തിനും കല്ലാച്ചിക്കും ഇടയിൽ ക്വാറിപ്പൊടിയും കരിങ്കല്ലുമിട്ട് കുഴികൾ നികത്തിത്തുടങ്ങിയതോടെയാണ് മഴ വീണ്ടും ശക്തമായത്. കസ്തൂരിക്കുളം, കല്ലാച്ചി ടൗൺ, പയന്തോങ് ഭാഗം എന്നിവിടങ്ങളിലെല്ലാം റോഡിൽ വീണ്ടും ചെളിക്കുഴികൾ പ്രത്യക്ഷപ്പെട്ടു. വാണിമേൽ ഭൂമിവാതുക്കൽ താഴെ ജുമുഅത്ത് പള്ളിയുടെ ഭാഗത്ത് ഇന്നലെ റോഡ് പുഴയായി.
പല തവണ റോഡിൽ വെള്ളക്കെട്ടുയർന്നു.
വിലങ്ങാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നന്നേ ക്ലേശിച്ചാണ് കടന്നുപോകുന്നത്. പല കടകളിലേക്കും വെള്ളം ഇരച്ചു കയറി. ഈ ഭാഗത്ത് റോഡ് പ്രവൃത്തിക്ക് ഫണ്ട് വകയിരുത്തിയെങ്കിലും വീതി കൂട്ടൽ അടക്കമുള്ള നടപടികൾ മന്ദഗതിയിലാണ്. ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ കുറ്റിപ്രം, കുമ്മങ്കോട്, അഹമദ് മുക്ക് തുടങ്ങിയവിടങ്ങളിലും കല്ലേരിയിലും വലിയ കുഴികളിൽ വെള്ളക്കെട്ട് കാരണം അപകടങ്ങൾ സംഭവിക്കുമെന്ന സ്ഥിതിയാണുള്ളത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തെയും മഴ പ്രതികൂലമായി ബാധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]