
കോഴിക്കോട്∙ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സരോവരം തണ്ണീർത്തടത്തിനു സമീപം മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ മഴയെ തുടർന്ന് ഇന്നലെ നടന്നില്ല. മൃതദേഹം കണ്ടെത്താൻ കൊച്ചിയിൽനിന്നു പൊലീസിന്റെ മായ, മർഫി എന്നീ നായ്ക്കളെ സ്ഥലത്ത് എത്തിച്ചെങ്കിലും കനത്ത മഴ തടസ്സമായി.
ഇന്നു കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ തുടരുമെന്നാണു പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ ലഭിച്ച 2 പ്രതികളെയും ഇന്നു വൈകിട്ടു കോടതിയിൽ ഹാജരാക്കണം. തിരച്ചിലിനു പ്രതികളുടെ സാന്നിധ്യം ആവശ്യമായതിനാൽ മഴ ഇല്ലെങ്കിൽ ഇന്നു തന്നെ പ്രതികളുടെ കസ്റ്റഡി നീട്ടിക്കിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്നു എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥലത്തു പരിശോധന നടത്താൻ മണ്ണുമാന്തി എത്തിച്ചിരുന്നു.
എന്നാൽ, പാതിവഴിയിൽ മണ്ണുമാന്തി താഴ്ന്നതോടെ ശ്രമം അവസാനിപ്പിച്ചു. തുടർന്നു മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നു പറയുന്ന സ്ഥലത്തേക്ക് പൊക്ലെയ്ൻ എത്തിക്കാൻ ഇന്നലെ ഈ ഭാഗത്ത് മണ്ണ് ഇറക്കി താൽക്കാലിക റോഡ് നിർമിച്ചു.
രാവിലെ 8.30ന് ആരംഭിച്ച നിർമാണം വൈകിട്ട് ആറോടെയാണ് പൂർത്തിയായത്. സ്വകാര്യ സ്കൂൾ റോഡിൽ നിന്നു സംഭവ സ്ഥലത്തേക്ക് 20 മീറ്ററിലാണ് താൽക്കാലികമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണിറക്കി പൊക്ലെയ്ൻ എത്തിക്കാൻ റോഡ് നിർമിച്ചത്.
മൃതദേഹം കെട്ടിത്താഴ്ത്തിയെന്നു പറയുന്ന സ്ഥലത്തുനിന്ന് അവശിഷ്ടം ലഭിക്കുമെന്നാണു പൊലീസ് പറയുന്നത്.
അവിടെ, ഒന്നര മീറ്ററോളം താഴ്ചയിൽ ചെളിയാണ്. ഈ ഭാഗത്ത് ചുറ്റും മൺചാക്കുകൾ നിരത്തി വെള്ളം വറ്റിച്ചു പൊക്ലെയ്ൻ ഉപയോഗിച്ചു ചെളിനീക്കി തിരച്ചിൽ നടത്താനാണ് പദ്ധതി.
മഴ ഇല്ലെങ്കിൽ തിരച്ചിൽ നടത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. രാവിലെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ തഹസിൽദാർ, ഫൊറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ എത്തി.
മൃതദേഹം കണ്ടെത്താൻ കൊച്ചി സിറ്റി ഡോഗ് സ്ക്വാഡിലെ പി.പ്രഭാത്, കെ.എസ്.ജോർജ് മാനുൽ, എം.മനേഷ്.
പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടു നായ്ക്കളെ എത്തിച്ചത്. തിരച്ചിൽ നടക്കാത്ത സാഹചര്യത്തിൽ നായ്ക്കളെ മാലൂർകുന്ന് ഡിഎച്ച്ക്യുവിൽ എത്തിച്ചു. ഇതിനിടെ, തണ്ണീർത്തടത്തിൽ മൃതദേഹം തിരയാൻ മണ്ണിട്ടതു പൊലീസ് നടപടിക്കു ശേഷം മാറ്റുന്നതിനു നടപടി വേണമെന്നു സരോവരം പ്രകൃതി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി.
തിരച്ചിലിന് മായയും മർഫിയും
ബെൽജിയത്ത് നിന്നു എത്തിച്ച രാജ്യത്തെ 3 നായ്ക്കളിൽ 2 എണ്ണമാണ് ഇന്ന് തിരച്ചിലിനായി എത്തിച്ച പൊലീസിന്റെ ‘കഡാവർ’ നായ്ക്കളായ മായയും മർഫിയും.
24 മണിക്കൂർ കഴിഞ്ഞുള്ള പഴക്കം ചെന്ന മൃതദേഹം കണ്ടെത്താൻ കഴിയുന്ന നായ്ക്കൾ കൊച്ചി ഡോഗ് സ്ക്വാഡിലേതാണ്. ചൂരൽമല, എലന്തൂർ, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ ഭൂമിക്കടിയിലെ മൃതദേഹം കണ്ടെത്താൻ ഈ നായ്ക്കളുടെ സേവനം തേടിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]