
ബേപ്പൂർ∙ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറിൽ ഒരുക്കങ്ങൾ തകൃതി.
ജെട്ടിയിലും ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ സജ്ജമാക്കുന്ന തിരക്കാണ് ഹാർബറിൽ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. കാലവർഷം കനത്തതിനാൽ കടലിൽ മത്സ്യസമ്പത്ത് വർധിച്ച് യഥേഷ്ടം മീൻ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ തയാറെടുക്കുന്നത്.
ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്.
എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. 31ന് രാത്രി കഴിയുന്നത്ര ബോട്ടുകൾ കടലിൽ പോകും. അതേസമയം കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്.
ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.
മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിലെ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ പോലും വിദേശ ട്രോളറുകൾ മത്സ്യബന്ധനം നടത്തുന്നത് ഉദ്ദേശിച്ച ഫലം ഇല്ലാതാക്കുമെന്നു ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു.
കൊച്ചിയിലും അഴീക്കലും അപകടത്തിൽപെട്ട
കപ്പലുകളിലെ കണ്ടെയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ കടലിൽ ട്രോളിങ് നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മീൻ പിടിക്കാൻ വിരിക്കുന്ന വല കണ്ടെയ്നറുകളിൽ ഉടക്കി നശിക്കാൻ സാധ്യതയുണ്ടെന്നാണു ആശങ്ക. കപ്പലുകളിൽ നിന്നു കടലിൽ പതിച്ച കണ്ടെയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യണം.
അല്ലെങ്കിൽ കടലിന്റെ അടിത്തട്ടിൽ കണ്ടെയ്നറുകൾ ഉള്ള സ്ഥലങ്ങൾ നിർണയിച്ച് ജിപിഎസ് പൊസിഷൻ മത്സ്യത്തൊഴിലാളികളെ അറിയിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]