കോഴിക്കോട് ∙ കത്തുന്ന വേനൽച്ചൂടിനിടെ വേനൽമഴയെത്തിയത് ആശ്വാസമായി. മഴയോടൊപ്പം വീശിയടിച്ച കാറ്റ് ചിലയിടങ്ങളിൽ നാശം വിതച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വേനൽ മഴ പെയ്തത്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, നാദാപുരം, മുക്കം, ബാലുശ്ശേരി, തൊട്ടിൽപാലം തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റും മഴയുമുണ്ടായി.
പലയിടങ്ങളിലും മരക്കൊമ്പുകളും വൈദ്യുത ലൈനുകളും പൊട്ടിവീണു. ചിലയിടങ്ങളിൽ മഴവെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് പ്രയാസമായി.
വീടിനു മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മീഞ്ചന്ത മിനി ബൈപാസിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് തണൽമരത്തിന്റെ കൊമ്പ് പൊട്ടിവീണ് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരെ ഇറക്കിയ ശേഷം നഗരത്തിലേക്ക് തിരിച്ചു വരികയായിരുന്ന ഒട്ടോയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പൊട്ടിവീണ കൊമ്പിന്റെ ഭാരമുള്ള ഭാഗം ഓട്ടോയുടെ മുകളിൽ തട്ടാതിരുന്നതു കാരണം ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ടുണ്ടായ കനത്ത കാറ്റിൽ മീഞ്ചന്ത മിനി ബൈപാസിൽ തിരുവണ്ണൂർ–ഒടുമ്പ്ര റോഡിനു സമീപത്താണ് അപകടമുണ്ടായത്. വൈകിട്ട് 5.15 നായിരുന്നു അപകടം.
റോഡിനു കുറുകെ പൊട്ടിവീണ തണൽമരത്തിന്റെ വലിയ കൊമ്പ് സമീപത്തെ ഇലക്ട്രിക് ലൈനും തകർത്തിരുന്നു. ഇതു കാരണം ഓടിക്കൂടിയ പരിസരവാസികൾക്ക് പെട്ടെന്ന് മരക്കൊമ്പ് എടുത്തു നീക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനയും മരക്കൊമ്പ് വലിച്ചു നീക്കാൻ ക്രെയിനും എത്തിയെങ്കിലും പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ അവർക്കും തങ്ങളുടെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ലൈൻ ഓഫാക്കിയതിനു ശേഷമാണ് മരം മുറിച്ചു നീക്കാനുള്ള നടപടി തുടങ്ങിയത്. തുടർന്ന് 6.05 നാണ് റോഡിനു കുറുകെയും ഓട്ടോയ്ക്കു മുകളിലുമായി വീണു കിടന്നിരുന്ന മരക്കൊമ്പ് പൂർണമായും നീക്കം ചെയ്ത ശേഷം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെ തുടർന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മീഞ്ചന്തയിൽ നിന്നു പൊലീസ് കല്ലായി റോഡ് വഴി തിരിച്ചുവിട്ടിരുന്നു. എന്നിട്ടും മീഞ്ചന്ത മിനി ബൈപാസിൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

