
‘വേണ്ടിവന്നാൽ തലയും വെട്ടും’; നേതാവിനു മർദനമേറ്റ ചായക്കട തല്ലിത്തകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ തുടർച്ചയായി അഞ്ചാം ദിവസവും ഇരിങ്ങാടൻ പള്ളി -കോവൂർ റോഡിൽ പാതിരാ കച്ചവടവുമായി ബന്ധപ്പെട്ട് സംഘർഷം. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാവിനു മർദനമേറ്റ ചായക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചുകയറി പൊലീസിന്റെ സാന്നിധ്യത്തിൽ കടയിലും കടയുടെ പുറത്തുമുണ്ടായിരുന്ന സാമഗ്രികൾ തല്ലിത്തകർത്തു. കടയുടെ മുൻവശത്തെ ഗ്ലാസുകളും ചെടിച്ചട്ടികളും കസേരകളും അടിച്ചു തകർത്തിട്ടുണ്ട്. അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പ്രദേശത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്കും മറ്റൊരാൾക്കും നിസ്സാര പരുക്കേറ്റു.
ഇന്നലെ രാത്രി പത്തോടെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അശ്വിന് ഇവിടെയുള്ള ഒരു ചായക്കടയിൽ നിന്ന് മർദനമേറ്റിരുന്നു. രാത്രി പത്തരയോടെ കടകൾ അടയ്ക്കണം എന്ന് ആവശ്യപ്പെടാനായി പ്രദേശവാസികൾക്ക് ഒപ്പം ഈ കടയിൽ എത്തിയ അശ്വിനെ ഒരു സംഘം മർദിക്കുകയായിരുന്നു. മൂക്കിനു ഗുരുതരമായി പരുക്കേറ്റ അശ്വിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെതിരെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം. ‘കയ്യും വെട്ടും കാലും വെട്ടും. വേണ്ടിവന്നാൽ തലയും വെട്ടും’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കടയിലേക്ക് കയറി പുറത്തിരുന്ന സാമഗ്രികൾ അടിച്ചു തകർത്തു.
പ്രകടനത്തിനു ശേഷം നടത്തിയ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. ചായക്കടയുടെ മറവിൽ രാസലഹരി വിതരണം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഡിവൈഎഫ്ഐ പിന്നോട്ടില്ലെന്നും പി.സി.ഷൈജു പറഞ്ഞു. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് മർദനമേറ്റ കടയിൽ ക്വട്ടേഷൻ സംഘത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ഡിവൈഎഫ്ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. മർദനമേറ്റ അശ്വിനുമായി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ചിലർ ഡിവൈഎഫ്ഐ നേതാക്കളെ ഭീഷണിപ്പെടുത്തി.
ഇവർ ആരൊക്കെയാണെന്ന് ഡിവൈഎഫ്ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. രാസലഹരി ഇടപാടുകൾ പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്ത് താമരശ്ശേരിയിൽ നിന്ന് ചിലർ ഈ മേഖലയിൽ എത്തി രാസലഹരി വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിസി ഷൈജു ആരോപിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം.വി.സിനാൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആർ.ഷാജി, സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളജ് സിഐ പി.കെ.ജിജീഷ് കുമാർ, ചേവായൂർ സിഐ കെ.സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിനുശേഷം രാത്രി ഏറെ നേരം പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തി.
പൊലീസ് നേതൃത്വത്തിൽ ഇന്നു യോഗം
കോഴിക്കോട്∙ ഇരിങ്ങാടൻപ്പള്ളി – കോവൂർ മിനി ബൈപാസിൽ കഴിഞ്ഞ 4 ദിവസമായി കടകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നാട്ടുകാരും കച്ചവടക്കാരും സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്നു പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേരും. രാവിലെ 11ന് സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ ചേവായൂർ എസിപി ഓഫിസിലാണ് യോഗം. വ്യാപാരികളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.
ഒരിടത്തു മാത്രം സമയ നിയന്ത്രണം പാടില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്∙ വ്യാപാര രംഗത്തു വ്യത്യസ്ത തരത്തിലുള്ള ഉൽപന്നങ്ങളും വിവിധ രീതിയിലുള്ള വ്യാപാരവും നടക്കുന്ന സാഹചര്യത്തിൽ ഒരിടത്തു മാത്രം വ്യാപാരം സമയക്രമത്തിൽ നിയന്ത്രിക്കാൻ പാടില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. കോവൂർ – ഇരിങ്ങാടൻപ്പള്ളി – പൂളക്കടവ് മിനി ബൈപാസിൽ കഴിഞ്ഞ ദിവസങ്ങളിലായി കച്ചവട കേന്ദ്രങ്ങൾക്കെതിരെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ നൽകണമെന്നു ചേവായൂർ, മെഡിക്കൽ കോളജ് പൊലീസിനോടു ആവശ്യപ്പെട്ടു. അക്രമം തുടരുകയാണെങ്കിൽ സംരക്ഷണം നൽകാൻ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവരെ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ചേർന്ന യോഗത്തിലാണ് തീരുമാനം. നഗര പരിധിയിൽ പുലർച്ചെ 4 മുതൽ പകൽ 8 വരെയുള്ള കച്ചവടം നടക്കുന്നുണ്ട്. പകൽ 9 മുതൽ വൈകിട്ട് വരെയും ചില മേഖലയിൽ 12 വരെയും വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇരിങ്ങാടൻപ്പള്ളി ബൈപാസിൽ വൈകിട്ടു മുതൽ പുലർച്ചെ വരെയും ജനങ്ങൾ എത്തുന്നുണ്ട്.
ഇതിനിടയിൽ മദ്യം, ലഹരി മരുന്നു ഉപയോഗിക്കുന്നവരുണ്ടെങ്കിൽ ശ്രദ്ധയിൽപെട്ടാൽ വ്യാപാരികൾ പൊലീസിനു വിവരം നൽകും. പൊലീസ് ഈ മേഖലയിൽ പട്രോളിങ്ങും നടത്തണം. ഗതാഗത നിയന്ത്രണത്തിനു വ്യാപാരികൾ സ്വകാര്യ സെക്യൂരിറ്റിയെ നിർത്തുമെന്നും വ്യാപാരികൾ പറഞ്ഞു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി.മൊയ്തീൻ കോയ, വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട്, എ.വി.എം.കബീർ, സുഷൻ പൊറ്റെക്കാട്ട് എന്നിവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം നേതാക്കൾ മെഡിക്കൽ കോളജ്, ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസുമായി ആവശ്യങ്ങൾ ചർച്ച ചെയ്തു.