ബേപ്പൂർ∙ തുറമുഖ നഗരമായ ബേപ്പൂരിനു ജല കായിക സാഹസികതയുടെ മൂന്നു ദിനരാത്രങ്ങൾ സമ്മാനിച്ച അഞ്ചാമത് രാജ്യാന്തര വാട്ടർ ഫെസ്റ്റ് ഇന്നു സമാപിക്കും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു നടത്തുന്ന ഫെസ്റ്റിലെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം വൈകിട്ട് ബീച്ച് മറീനയിൽ നടക്കും. സമാപന ദിനത്തിൽ ഇന്നു രാവിലെ 6ന് ചാലിയത്തു നിന്നു ബേപ്പൂരിലേക്ക് നടത്തുന്ന മാരത്തണിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കെ.എം.സച്ചിൻദേവ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
ബേപ്പൂരിനു പുറമേ ചാലിയം ഓഷ്യാനസ്, നല്ലൂർ മിനി സ്റ്റേഡിയം, റഹ്മാൻ ബസാർ പാർക്ക്, രാമനാട്ടുകര ഗവ.യുപി സ്കൂൾ, ചെറുവണ്ണൂർ വി പാർക്ക്, നല്ലളം വി പാർക്ക് എന്നിവിടങ്ങളിലും വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
മലബാറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഡ്രാഗൺ ബോട്ട് റേസ് ഇന്ന് ഉച്ചയ്ക്ക് 2ന് ബേപ്പൂർ പുലിമുട്ടിൽ നടക്കും. ടേബിൾ ടോപ്പ്, സിറ്റ് ഓൺ ടോപ്പ് കയാക്കിങ് തുടങ്ങി മത്സരങ്ങൾ രാവിലെ 8ന് തുടങ്ങും.
ടോവബിൾ റൈഡുകളായ സോഫയുടെ ആകൃതിയിലുള്ള ബംപർ ബോട്ട്, ബനാന ബോട്ട്, കയാക്കിങ് ബോട്ടുകൾ എന്നീ റൈഡുകളും ആവേശക്കാഴ്ചയാകും. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി റൈഡുകളിൽ കയറാം. കോസ്റ്റ്ഗാർഡ്, നാവികസേന കപ്പൽ പ്രദർശനം രാവിലെ 10 മുതൽ തുറമുഖത്ത് ആരംഭിക്കും.
ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റ് 29 വരെ തുടരും.
പടക്കപ്പൽ കാണാൻ പടയിറങ്ങി; അവധിക്കാലം ഉല്ലാസകാലം
ബേപ്പൂർ∙ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി തുറമുഖത്ത് എത്തിയ നാവികസേനയുടെ ഐഎൻഎസ് ‘കൽപേനി’ പടക്കപ്പലിലെ സന്നാഹങ്ങൾ കാണാൻ വൻ തിരക്ക്. ശത്രുക്കളുടെ നേരെ ലക്ഷ്യം തെറ്റാതെ തീ തുപ്പുന്ന യന്ത്രത്തോക്കുകൾ നേരിൽ കണ്ട
കുട്ടികൾക്ക് കൗതുകം. സ്ത്രീകളടക്കമുള്ളവർ കപ്പലുകളിലെ യുദ്ധ സന്നാഹങ്ങൾ കണ്ട് അമ്പരന്നു. ക്രിസ്മസ് അവധിക്കാലമായതിനാൽ കുടുംബസമേതമാണ് കൂടുതൽ പേരും എത്തിയത്.
മുൻ വശത്തെ ഡെക്ക്, പിൻവശത്തെ ക്വാർട്ടർ ഡെക്ക്, കപ്പലിന്റെ അകത്തെ സുരക്ഷ സംവിധാനങ്ങൾ, ആയുധങ്ങൾ എന്നിവ കാണാൻ അവസരവുമുണ്ട്. യുദ്ധ മുറകൾ, തോക്കുകളുടെ പ്രവർത്തനം തുടങ്ങി കാണികൾ ഉന്നയിച്ച ചോദ്യങ്ങൾക്കു നാവികർ മറുപടി നൽകി.
ജല–വായു മാർഗമുള്ള ആക്രമണങ്ങളെ ചെറുത്തു തോൽപിക്കാൻ ശേഷിയുള്ള കാർ നിക്കോബാർ ഇനത്തിൽപെട്ട
അതിവേഗ യുദ്ധക്കപ്പലാണ് ഐഎൻഎസ് കൽപേനി. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. ലൈറ്റ് മെഷീൻ ഗൺ, ഹെവി മെഷീൻ ഗൺ, മീഡിയം മെഷീൻ ഗൺ എന്നിവയുൾപ്പെടെ യുദ്ധം നേരിടാൻ വേണ്ട
എല്ലാ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രൊപ്പല്ലർ ഇല്ലാതെ 3 എൻജിനുകൾ ഘടിപ്പിച്ച കപ്പലിന് ആഴക്കടലിൽ അതിവേഗത്തിൽ സഞ്ചരിക്കാനാകും. ജിപിഎസ്, റഡാർ തുടങ്ങിയ ആധുനിക വിവരവിനിമയ സംവിധാനങ്ങളും ഉണ്ട്. ലഫ്റ്റനന്റ് കമാൻഡർ ജിത്തു ജോസഫാണ് ക്യാപ്റ്റൻ.
3 ഓഫിസർമാർ ഉൾപ്പെടെ 60 നാവികരാണു കപ്പലിലുള്ളത്. നാവികസേനയുടെ ഉൽപന്നങ്ങളായ കോട്ട്, തൊപ്പി, കീചെയിൻ എന്നിവയുടെ പ്രദർശനവും വിൽപനയും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇന്നു രാവിലെ 10 മുതൽ കപ്പൽ കാണാൻ അവസരമുണ്ട്.
പ്രവേശനം സൗജന്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

